നൂറ് പതാകകളെത്തി; സമസ്ത മഹാസമ്മേളനത്തിന് ബുധനാഴ്ച പ്രൗഢതുടക്കം
text_fieldsസമസ്ത ശതാബ്ദി മഹാസമ്മേളനത്തിന്റെ പതാകവാഹക യാത്ര മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയുടെ നേതൃത്വത്തില്‍ കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ മസ്ജിദില്‍ എത്തിയപ്പോള്‍
കാസർകോട്/കുണിയ: നൂറ് പതാകകൾ കോഴിക്കോട് വരക്കലിൽനിന്ന് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തളങ്കര മാലിക് ദീനാർ മഖാമിൽ എത്തിച്ചേർന്നതോടെ കാസർകോട് കുണിയയിൽ സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് ബുധനാഴ്ച തുടക്കമാകും.
1926ല്‍ രൂപവത്കരിച്ച സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ശതാബ്ദി മഹാസമ്മേളനമാണ് ബുധനാഴ്ച മുതല്‍ എട്ടുവരെ കുണിയയിലെ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുക.
വരക്കല്‍ മഖാമില്നിന്നെത്തിച്ച പതാകകളുമായി ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തളങ്കര മാലിക് ദീനാര്‍ മഖാമില്‍നിന്ന് കുണിയയിലെ സമ്മേളന നഗരിയിലേക്ക് ഘോഷയാത്ര പുറപ്പെടും. 3.30ന് പെരിയാട്ടുടക്കത്തില്നിന്ന് സമ്മേളനനഗരിയിലേക്ക് വളന്റിയര്‍ മാര്‍ച്ചും നടക്കും. വൈകീട്ട് 4.30ന് സമ്മേളനനഗരിയില്‍ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും.
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സാദാത്തീങ്ങളും പോഷകസംഘടന നേതാക്കളും ചേര്‍ന്ന് 99 പതാകകളും ഉയര്‍ത്തും. രാത്രി ഏഴിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. കുമ്പോല്‍ അലി തങ്ങള്‍ പ്രാർഥന നിര്‍വഹിക്കും. സമസ്ത ട്രഷറര്‍ പി.പി. ഉമര്‍ മുസ് ലിയാര്‍ കൊയ്യോട് ആമുഖപ്രഭാഷണം നടത്തും. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, കെ. സുധാകരന് എം.പി, എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാല്‍, ഇ. ചന്ദ്രശേഖരന് എന്നിവര്‍ അതിഥികളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

