സലിം കുമാർ; തഗ് ഡയലോഗുകളുടെ ‘ആശാൻ’
text_fieldsകൊച്ചി: നന്ദി മാത്രേ ഉള്ളല്ലേ..., മ്മ് കൊച്ചിയെത്തീ.., ഇനി ചിലപ്പോ അവിടെ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ.., അയാം ദി സോറി അളിയാ അയാം ദി സോറി.... നിത്യജീവിതത്തിൽ നാം പലരോടായി പലപ്പോഴായി പറഞ്ഞിട്ടുണ്ടാവും ഈ ഡയലോഗുകൾ. ജീവിതത്തിലെ വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് എടുത്തുപയോഗിക്കാനാവുന്ന, അല്ലെങ്കിൽ ഏറ്റവുമധികം റിലേറ്റ് ചെയ്യാവുന്ന നർമവാചകങ്ങളാണ് ഇവയെല്ലാം. ഇതുമാത്രമല്ല, ഇനിയും ഒട്ടേറെയുണ്ട്. ഓരോ സലിം കുമാർ ചിത്രങ്ങളിലും ഇത്തരം ഡയലോഗുകൾ ഒരുപാടു കേൾക്കാം.
മറ്റേതെങ്കിലും ജില്ലകളിൽ നിന്ന് കൊച്ചിയിലേക്കെത്തുന്നവർ ഉറപ്പായും പറയാനിടയുള്ള ‘മ്മ് കൊച്ചിയെത്തീ’ ഡയലോഗ് എന്ന പുലിവാൽ കല്യാണത്തിലെ മണവാളൻ എന്ന കഥാപാത്രത്തിന്‍റെ വായിൽനിന്നു വീണതാണ്. മണവാളൻ തന്നെ പറഞ്ഞു ഫലിപ്പിച്ച അച്ഛൻ ആണത്രേ അച്ഛൻ, അങ്ങനെ പടക്കക്കമ്പനി ഗുദാ ഹവാ.. എന്നീ ഡയലോഗുകൾക്കും ആരാധകർ ഏറെയാണ്. എന്തെങ്കിലും സഹായത്തിന് പകരം താങ്ക്സ് പറയുമ്പോൾ ഒരിക്കലെങ്കിലും നാം കേട്ടിട്ടുണ്ടാകും ഈ ‘നന്ദി മാത്രേ ഉള്ളല്ലേ’ എന്ന മറുപടി. മീശമാധവനിലെ അഡ്വ. മുകുന്ദനുണ്ണിയുടെ ഈ ഡയലോഗും കാലാതീതമായി മലയാളികൾക്കിടയിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. കാണാൻ ഒരു ലുക്കില്ലെന്നേയുള്ളൂ, ഭയങ്കര ബുദ്ധിയാ എന്നതും വക്കീൽ മുകുന്ദനുണ്ണിയുടെ സംഭാവന തന്നെ. കല്യാണരാമനിലെ പ്യാരേലാലിന്‍റെ വാക്കുകളും സിനിമാപ്രേമികളുടെ ഇഷ്ടഡയലോഗുകളാണ്. ചത്ത കിളിക്കെന്തിനാ കൂട്, തളരരുത് രാമൻകുട്ടീ..തളരരുത്, നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ വിധി, ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്നാണല്ലോ ചൊല്ല്, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ എന്നിവ ഇതിൽ ചിലതു മാത്രം.
മായാവി എന്ന ചിത്രത്തിലെ കണ്ണൻ സ്രാങ്ക് എന്ന ആശാനും ഹിറ്റ് ഡയലോഗുകളുടെ ആശാനാണ്. ഭീകരനാണിവൻ... കൊടും ഭീകരൻ, ഒരു കൈയ്യബദ്ധം.. നാറ്റിക്കരുത്, ഇതിപ്പൊ എനിക്കു വട്ടായതാണോ.. അതോ നാട്ടാർക്ക് മൊത്തം വട്ടായതാണോ, എന്നിവയെല്ലാം വാട്ട്സപ്പ് സ്റ്റിക്കറുകൾ ഭരിക്കുന്ന ഡയലോഗുകളിൽപെടും.
ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രമിന്‍റെ അവൻമാർക്ക് ചേഞ്ച് വേണമത്രെ.. ചേഞ്ച്, ഇത്രക്ക് പോപ്പുലറായ എന്നെ കണ്ടിട്ട് മനസ്സിലായില്ലെടാ ജാഡത്തെണ്ടീ എന്നീ വാചകങ്ങളും പ്രേക്ഷകരിൽ ചിരിയുടെ മാലപ്പടക്കം തീർത്തു.
അതാ അങ്ങോട്ടു നോക്കൂ.. അങ്ങോട്ടു നോക്കാൻ ബുദ്ധിമുട്ടുള്ളവര് ഇങ്ങോട്ടു നോക്കിയാലും മതി, ആരും പേടിക്കണ്ട.. ഓടിക്കോ, ഈശ്വരാ ഇവിടെ ആരുമില്ലല്ലോ ഇതൊന്നു പറഞ്ഞുചിരിക്കാൻ എന്നിങ്ങനെ അദ്ദേഹത്തിൽ നിന്നാദ്യമായി കേട്ട ഡയലോഗുകളെല്ലാം മലയാളികളുള്ളിടത്തോളം കാലം ഇടക്കിടെ നാം കേട്ടുകൊണ്ടിരിക്കും.
ഡയലോഗുകൾക്കൊപ്പം തന്നെ താൻ അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കി, ഓരോ മലയാളിയുടെയും ഓർമകളിൽ നിറഞ്ഞുനിൽക്കും വിധം അവതരിപ്പിക്കാൻ സലിംകുമാറിനായിട്ടുണ്ട്. കണ്ണൻസ്രാങ്കും ഡാൻസ് മാസ്റ്റർ വിക്രവും പ്യാരേലാലും തിളക്കത്തിലെ ഓമനക്കുട്ടനും കിളിച്ചുണ്ടൻ മാമ്പഴത്തിലെ ഉസ്മാനും സി.ഐ.ഡി മൂസയിലെ ഭ്രാന്തനും കഥ പറയുമ്പോളിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ കുറിച്ചെഴുതുന്ന കവിയും തെങ്കാശിപ്പട്ടണത്തിലെ മുത്തുരാമനും ഈ പറക്കും തളികയിലെ കോശിയുമെല്ലാം ആ നടന വൈഭവത്തിലൂടെ മലയാള സിനിമയുടെ ചരിത്രത്തിൽ തന്‍റെതായ ഇടം സലിം കുമാറിന് സമ്മാനിച്ച കഥാപാത്രങ്ങളാണ്. ഇതിൽ തന്നെ സ്രാങ്കിനും മണവാളനും പ്യാരേലാലിനും കുറച്ചേറെ ആരാധകരുണ്ട്. സലിം കുമാർ ഈ ലോകത്തോട് വിടപറയുമ്പോഴും അദ്ദേഹം പകർന്നാടിയ കഥാപാത്രങ്ങളും ചിരിപ്പിച്ച ആ ഡയലോഗുകളും അനശ്വരമായി നിറഞ്ഞുനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

