അഞ്ചൽ (കൊല്ലം): ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന നോട്ടിരട്ടിപ്പ് തട്ടിപ്പിൽ നിരവധി പേർക്ക് പണം നഷ്ടമായിട്ടുണ്ടെന്ന് വിവരം. തട്ടിപ്പിനിരയായ പലരും നാണക്കേടോർത്ത് പുറത്ത് പറയുന്നില്ലെന്ന് മാത്രം.
കഴിഞ്ഞ ദിവസം ഇടമുളയ്ക്കൽ കൈപ്പള്ളിമുക്കിൽനിന്നും പിടികൂടിയ തമിഴ്നാട് സ്വദേശികളിൽനിന്നും പൊലീസ് കണ്ടെടുത്ത ആറര ലക്ഷത്തോളം രൂപയുടെ ഉറവിടം അന്വേഷിച്ചുവരികയാണ്. ഏതാനും ദിവസം മുമ്പ് സമാനമായ സംഭവത്തിൽ ഏരൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാവായിക്കുളം, കുളത്തൂപ്പുഴ, കാസർകോട് സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ കുളത്തൂപ്പുഴ, കാസർകോട് സ്വദേശികൾ വനിതകളാണ്.
ഇവർ രണ്ടരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം. ഈ സംഘവും കഴിഞ്ഞ ദിവസം അറസ്റ്റിലായ സംഘവും തമ്മിൽ ബന്ധമുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ഓൺലൈനിലൂടെ പണം കവരുന്ന സംഘവും അഞ്ചൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. നിരവധിയാളുകൾക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുണ്ട്. പണം നഷ്ടപ്പെട്ടവർ പൊലീസിൽ പരാതിപ്പെടാൻ തയാറാകാത്തതാണ് തട്ടിപ്പുകൾ വർധിക്കാൻ കാരണമെന്ന് കരുതുന്നു.
ഒരു മാസം മുമ്പ് നെയ്യാറ്റിൻകര, ബാലരാമപുരം പ്രദേശത്തുള്ള പലരിൽനിന്നും ബാങ്ക് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ കബളിപ്പിച്ച ശേഷം അഞ്ചൽ പനയഞ്ചേരിയിൽ വാടക വീട്ടിൽ ഒളിവിൽ കഴിഞ്ഞ സ്ത്രീയെ അഞ്ചൽ പൊലീസ് പിടികൂടിയിരുന്നു. രണ്ട് മാസത്തിനകം പണം തിരികെ നൽകാമെന്ന ഉറപ്പിലാണ് പൊലീസ് ഇവരെ വിട്ടയച്ചത്.
നോട്ടിരട്ടിപ്പ് സംഘം പിടിയിൽ
അഞ്ചൽ: നോട്ടിരട്ടിപ്പ് സംഘത്തിലെ മൂന്നുപേർ പൊലീസ് പിടിയിൽ. തമിഴ്നാട് മധുര, ഡിണ്ടുക്കൽ സ്വദേശികളായ വീരഭദ്രൻ (35), മണികണ്ഠൻ (32), സിറാജുദ്ദീൻ (45) എന്നിവരാണ് പിടിയിലായത്.
അഞ്ചലിൽ വാടകക്ക് മുറിയെടുത്താണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. അഞ്ചൽ സ്വദേശിയായ സുൽഫി എന്നയാളുമായി ഉണ്ടാക്കിയ ഇടപാടിന്‍റെ അടിസ്ഥാനത്തിലാണ് ഇവർ അഞ്ചലിലെത്തിയത്. ലോഡ്ജിൽ മുറിയെടുത്ത് നൽകിയതും സുൽഫിയാണ്. കഴിഞ്ഞ ദിവസം സുൽഫി ലോഡ്ജ് മുറിയിലെത്തി രണ്ടു ലക്ഷത്തോളം രൂപ മൂവർ സംഘത്തിന് നൽകി. തുടർന്ന്, ഏതാനും അഞ്ഞൂറിന്‍റെ യഥാർഥ നോട്ടുകൾക്കിടയിൽ നോട്ടുകളെന്ന് തോന്നിക്കും വിധം വെള്ള പേപ്പർ അടുക്കി വച്ച നിലയിൽ 4,80,000 രൂപയുണ്ടെന്ന് വിശ്വസിപ്പിച്ച് തിരികെ നൽകുകയുണ്ടായത്. അതിനുശേഷം മൂവരും ലോഡ്ജിൽ നിന്നും ഇറങ്ങി തമിഴ്നാട്ടിലേക്ക് തിരികെപോകാനായി കാറിൽ കയറി.
ഇതിനിടെ പ്രതീക്ഷിച്ച തുകയില്ലെന്ന് മനസിലാക്കി തമിഴ്നാട് സംഘവുമായി ഇയാൾ ഉടക്കി. പിന്നാലെ സുൽഫിയും സുഹൃത്തുക്കളും ചേർന്ന് തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനത്തെ പിന്തുടരുകയും ആയൂർ റോഡിൽ കൈപ്പള്ളിമുക്കിന് സമീപത്തുവച്ച് തടയുകയുണ്ടായി. ഇതേത്തുടർന്ന് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടാവുകയും ചെയ്തു. നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് അഞ്ചൽ െപാലീസ് സ്ഥലത്തെത്തി തമിഴ്നാട് സംഘത്തെയും ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
കാറിൽ നിന്നും ആറു ലക്ഷം രൂപയും കണ്ടെടുത്തു. വാഹനം വാടകക്കെടുത്തതാണെന്നു ചോദ്യം ചെയ്യലിനിടെ പ്രതികൾ സമ്മതിച്ചു. കൂടുതൽ പേർ ഇവരുടെ തട്ടിപ്പിനിരയായവരുണ്ടോയെന്നുള്ള വിവരം പൊലീസ് അന്വേഷിച്ചുവരികയാണെന്ന് അഞ്ചൽ എസ്.എച്ച്.ഒ കെ.ജി ഗോപകുുമാർ അറിയിച്ചു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.