മണ്ണാർക്കാട് മൂപ്പിൽ സ്ഥാനം വക ഭൂമി വിൽപ്പന: ഹൈകോടതി ഉത്തരവിന്മേലാണെന്ന് ശശീന്ദ്രനുണ്ണി
text_fieldsകോഴിക്കോട്: അട്ടപ്പാടിയിൽ മണ്ണാർക്കാട് മൂപ്പിൽ സ്ഥാനം വക ഭൂമി വിൽപ്പന നടത്തിയത് ഹൈകോടതിയുടെ ഉത്തരവിന്മേലാണെന്ന് മൂപ്പിൽ നായരുടെ പ്രതിനിധി കെ.എം. ശശീന്ദ്രനുണ്ണി. രജിസ്ട്രേഷൻ ഇൻപെക്ടർ ജന്‍ററലിന് നൽകിയ പരാതിയിലാണ് ശശീന്ദ്രനുണ്ണി ഇക്കാര്യം വ്യക്തമാക്കിയത്.
അട്ടപ്പാടിയിലെ കോട്ടത്തറ വില്ലേജിൽ മണ്ണാർക്കാട് മൂപ്പിൽ നായർ കുടുംബം 575 ഏക്കർ ഭൂമി വിൽപ്പന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ആധാരം എഴുത്ത് അസോസിയേഷനാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പരാതി നൽകിയത്. പരാതിയിന്മേൽ അന്വേഷണം നടത്തുന്നതിന് പരാതി രജിസ്ട്രേഷൻ ഐ.ജിക്ക് കൈമാറി. തുടർന്നാണ് ശശീന്ദ്രനുണ്ണി ഐ.ജിക്ക് പരാതി നൽകിയത്.
ശശീന്ദ്രനുണ്ണിയുടെ പരാതി പ്രകാരം കോട്ടത്തറ വില്ലേജിലെ കുടിയാന്മാർക്ക് പട്ടയം കിട്ടിയ ഭൂമി ഒഴിവാക്കി അളന്നു തിരിച്ചു കിട്ടുവാൻ കോട്ടത്തറ വില്ലേജ് ഓഫീസറെയും അട്ടപ്പാടി ഭൂരേഖ തഹസീതാരെയും നേരത്തെ സമീപിച്ചിരുന്നു. യാതൊരു നടപടിയും റവന്യൂ ഉദ്യോഗസ്ഥർ സ്വീകരിച്ചില്ല. അതിനാലാണ് ഹൈകോടതിയിൽ ഹർജി നൽകിയത്.
ഹൈകോടതിയുടെ ഉത്തരവിന്മേലാണ് കോട്ടത്തറ വില്ലേജ് ഓഫീസർ കുടിയാന്മാർക്ക് പട്ടയം നൽകാത്തതും വനംവകുപ്പിൽ നിക്ഷിപ്തമാക്കാത്തതുമായ ഭൂമി കണ്ടെത്തി കൈവശ സാക്ഷ്യപത്രം നൽകിയത്. അങ്ങനെ വില്ലേജ് ഓഫീസർ വഴി കൈവശം കിട്ടിയ വസ്തുവിൽ ഏതാനും ഏക്കർ തീറ് വിൽക്കുവാൻ തീരുമാനിച്ചു. ഭൂമി വിൽക്കുന്നതിന് അഗളിയിലെ ആധാരം എഴുത്ത് ലൈസൻസി എം.എസ്. അഭിലാഷിനെ ഏൽപ്പിച്ചു.
അഭിലാഷിന്റെ നിർദേശപ്രകാരം ഒറ്റപ്പാലം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന സീനിയർ അഡ്വക്കേറ്റ് ഗിരി അയ്യരിൽ നിന്ന് നിയമമോപദേശം വാങ്ങി ഏതാനും ഷെയറുകൾ അഗളി രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത് വിൽപന നടത്തി. ഈ ആധാരങ്ങൾ ചെയ്യുമ്പോൾ സി.പി.ഐ നേതാവും മുൻ ബ്ലോക്ക് പ്രസിഡന്റും ആധാരം എഴുത്തുകാരനുമായ കെ.ആർ. രവീന്ദ്രദാസ് ആധാരം ചെയ്തു തരാമെന്ന് പറഞ്ഞ് സമീപിച്ചിരുന്നു. അദ്ദേഹം പ്രതിയായ ക്രിമിനൽ കേസുകളും ആദിവാസി ഭൂമി അടക്കമുള്ള തട്ടിപ്പ് കേസുകളിലും മൂപ്പിൽ സ്ഥാനം വകഭൂമി തന്നെ വ്യാജരേഖ ഉണ്ടാക്കി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞതിനെ തുടർന്നാണ് രവീന്ദ്രദാസിനെ ഇക്കാര്യത്തിൽ ഒഴിവാക്കിയത്.
രവീന്ദ്രദാസ് പിന്നീട് ഭീഷണിയും വ്യാജ പരാതിയുമായി രംഗത്ത് വന്നു. അദ്ദേഹം നിരന്തരം ശല്യപ്പെടുത്തി കൊണ്ടിരിക്കുകയാണ്. മൂപ്പിൽ സ്ഥാനത്തിനെതിരെ പരാതി നൽകുവാൻ രവീന്ദ്രദാസ് മറ്റു പല ഏജൻസികളെയും സമീപിച്ചെങ്കിലും അവരാരും തയാറായില്ല. അങ്ങനെയാണ് ആധാരം എഴുത്ത് സംഘടനയെ കൂട്ടുപിടിച്ച് വ്യാജ പരാതി നൽകിയിരിക്കുന്നത്. വ്യാജ പരാതി നൽകിയ രവീന്ദ്രദാസിനെതിരെ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് കെ.എം. ശശീന്ദ്രനുണ്ണി ആവശ്യപ്പെട്ടത്.
ഈ വിഷയത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിയമസഭയിൽ എം.കെ. മുനീറിന് നൽകിയ മറുപടി പ്രകാരം റവന്യൂ വകുപ്പിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിച്ചതിനാലാണ് ആധാരം രജിസ്റ്റർ ചെയ്തത് എന്നാണ്. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.കെ. രമ എം.എൽ.എ കഴിഞ്ഞ നിയമസഭയിൽ സബ്മിഷനും അവതരിപ്പിച്ചപ്പോൾ മന്ത്രി കെ.രാജൻ മറുപടി നൽകിയത് മൂപ്പിൽൽ നായരുടെ അവകാശികൾ രജിസ്ട്രേഷൻ നടത്തിയ ഭൂമിക്ക് കൈവശം സർട്ടിഫിക്കറ്റും നികുതി രസീതും കൊടുക്കരുതെന്ന് റവന്യൂ വകുപ്പിന് നിർദേശം നൽകിയെന്നാണ്.
രണ്ടു മന്ത്രിമാരുടെയും മറുപടിയിൽ ഹൈകോടതി ഉത്തരവുണ്ടെന്ന് നിയമസഭയിൽ ചൂണ്ടിക്കാണിക്കാത്തതിന് കാരണം എന്താണ്? ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ-രജിസ്ട്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചതെങ്കിൽ മന്ത്രി കെ. രാജൻ എന്തിനാണ് ഇത്തരമൊരു നിർദേശം നൽകിയത്. ശശീന്ദ്രനുണ്ണി അവകാശപ്പെടുന്നത് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വില്പന നടത്തിയത് എന്നാണ്. എത്ര ഏക്കർ ഭൂമിക്ക് മൂപ്പിൽ സ്ഥാനത്തിന് ഉടമാവകാശം ഉണ്ടെന്നാണ് ഹൈകോടതി ഉത്തരവിട്ടത്. ഇക്കാര്യം പരാതിയിൽ പരാമർശിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

