കഞ്ചാവ് വിൽപന: പ്രതിക്ക് നാലുവർഷം കഠിനതടവും 40,000 രൂപ പിഴയും
text_fieldsതിരുവനന്തപുരം: കഞ്ചാവ് വിൽപന കേസിൽ പ്രതിക്ക് നാലുവർഷം കഠിനതടവും 40000 രൂപ പിഴയും ശിക്ഷ. തമ്പാനൂർ രാജാജി നഗർ ഫ്ലാറ്റ് നമ്പർ 683ൽ സനലിനെയാണ് (44) ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജ് കെ.പി. അനിൽ കുമാർ ശിക്ഷിച്ചത്. 1.195 കിലോ കഞ്ചാവ് കൈവശംവെച്ച് വിൽപന നടത്താൻ ശ്രമിച്ചതായാണ് കേസ്. പിഴ അടക്കാത്ത പക്ഷം ആറുമാസം അധിക കഠിന തടവും അനുഭവിക്കണം. സമാനമായ മറ്റൊരു കേസിൽ തടവുശിക്ഷ അനുഭവിച്ചയാളാണ്.
2018 ഫെബ്രുവരി മൂന്നിന് രാജാജി നഗർ മാർക്കറ്റിനു സമീപം കഞ്ചാവുമായി കന്റോൺമെന്റ് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
പ്രോസിക്യൂഷൻ ഭാഗം 18 രേഖകളും ഏഴ് തൊണ്ടി മുതലുകൾ രേഖപ്പെടുത്തുകയും നാല് സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി. റെക്സ്, അഡ്വ. സി.പി. രഞ്ജു, ജി.ആർ. ഗോപിക, ഇനില എന്നിവർ ഹാജരായി.

