കെ.എസ്.ആർ.ടി.സിയിൽ എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നൽകണം -ഹൈകോടതി
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സിയിൽ എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നൽകണമെന്ന് ഹൈകോടതി. കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായം നിഷേധിക്കാൻ പാടില്ലെന്നും ഹൈകോടതി വ്യക്തമാക്കി.
പൊതുഗതാഗത സൗകര്യമാണ് കെ.എസ്.ആർ.ടി.സി. അതിന്‍റെ പരാധീനതകൾ അറിയാം. എന്നാൽ, ആ പരാധീനതകൾക്ക് ഉള്ളിൽനിന്നും ശമ്പളം നൽകണം. സർക്കാർ നിയന്ത്രണത്തിലാണ് കെ.എസ്.ആർ.ടി.സി പ്രവർത്തിക്കുന്നത്. അതിനാൽ ശമ്പള വിതരണത്തിന് ധനസഹായം ആവശ്യപ്പെട്ടാൽ നൽകാതിരിക്കാൻ സർക്കാറിനാകില്ലെന്നും കോടതി പറഞ്ഞു. ശമ്പള വിതരണത്തിന് മുൻഗണന നൽകണമെന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഹരജികൾ തീർപ്പാക്കിയാണ് ഹൈകോടതി നിർദേശം.
കെ.എസ്.ആർ.ടി.സിയുടെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യത്തിൽ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി സർക്കാർ വകുപ്പായി അംഗീകരിക്കണമെന്നും ആവശ്യമുണ്ടായിരുന്നു. ഇതും അംഗീകരിക്കാനാവില്ലെന്ന് ഹൈകോടതി അറിയിച്ചു.
അതേസമയം, അനിശ്ചിതത്വത്തിനൊടുവിൽ കെ.എസ്.ആര്.ടി.സിയില്‍ ജൂലൈയിലെ ശമ്പളം നൽകിത്തുടങ്ങി. ബുധനാഴ്ച രാത്രിയോടെയാണ് ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് തുക കൈമാറിയത്. ധനവകുപ്പ് അനുവദിച്ച 40 കോടികൂടി ബുധനാഴ്ച അക്കൗണ്ടിലെത്തിയതോടെയാണ് വിതരണത്തിന് വഴിതുറന്നത്. തൊഴില്‍ നികുതി, ഡയസ്നോണ്‍ എന്നിവ കുറയ്ക്കേണ്ടിവന്നതിനാല്‍ 76 കോടി രൂപയാണ് ശമ്പളവിതരണത്തിന് വേണ്ടിവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

