ശമ്പള പരിഷ്കരണ കുടിശ്ശിക: രണ്ടാം ഗഡുവും പി.എഫിൽ നൽകുന്നത് നീട്ടി
text_fieldsrepresentational image
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണ കുടിശ്ശികയുടെ രണ്ടാം ഗഡുവും പി.എഫ് അക്കൗണ്ടിലേക്ക് നൽകുന്നത് നീട്ടി സർക്കാർ ഉത്തരവ്. രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയാണ് തീരുമാനത്തിന് കാരണമെന്നാണ് ഉത്തരവിൽ ധനവകുപ്പ് വിശദീകരിക്കുന്നത്.
2019 മുതല്‍ 2021 വരെയുള്ള ശമ്പള പരിഷ്കരണ കുടിശ്ശിക നാലു ഗഡുക്കളായി പി.എഫില്‍ ലയിപ്പിക്കുമെന്നാണ് തീരുമാനം. ഈ ഉത്തരവ് പ്രകാരം ആദ്യ ഗഡു 2023 ഏപ്രില്‍ ഒന്നിനും രണ്ടാം ഗഡു ഒക്ടോബർ ഒന്നിനും മൂന്നാം ഗഡു 2024 ഏപ്രിൽ ഒന്നിനും നാലാം ഗഡു ഒക്ടോബർ ഒന്നിനും പി.എഫിൽ ലയിക്കുമെന്നായിരുന്നു വ്യവസ്ഥ. ഇതിൽ ഒന്നാം ഗഡു നൽകേണ്ട സമയത്ത് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി തീരുമാനം നീട്ടിവെച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ അയവ് വന്നിട്ടില്ലെന്ന് സൂചിപ്പിച്ചാണ് രണ്ടാം ഗഡുവിന്റെ പി.എഫ് ലയനം ‘ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ’ നീട്ടിവെച്ച് ഉത്തരവിറക്കിയത്. ഇതോടെ, തുടർ ഗഡുക്കളുടെ കാര്യവും അനിശ്ചിതത്വത്തിലായി. ശമ്പള പരിഷ്കരണ കുടിശ്ശിക പണമായി നാല് ഘട്ടമായി നൽകുമെന്നായിരുന്നു ആദ്യം സർക്കാർ വാഗ്ദാനം.
പിന്നീട്, ഉത്തരവിറങ്ങിയപ്പോൾ നാല് ഗഡുവായി പി.എഫിൽ ലയിപ്പിക്കുമെന്നായി. 2022-23 വർഷത്തെ ലീവ് സറണ്ടർ പി.എഫിൽ ലയിപ്പിച്ചിട്ടുണ്ട്.
അേതസമയം 2027 ലേ ഇത് പിൻവലിക്കാനാകൂ. ഡി.എ കുടിശ്ശിക ആറുഗഡുക്കളാണ് ജീവനക്കാർക്ക് നൽകാനുള്ളത്. പി.എഫിൽ കുടിശ്ശിക നൽകുന്നത് നീട്ടിവെച്ച തീരുമാനത്തിൽ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

