ശമ്പള കുടിശ്ശിക; ഓണച്ചന്തകൾ ബഹിഷ്കരിക്കാൻ വി.എഫ്.പി.സി.കെ ജീവനക്കാർ
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: ശമ്പള കുടിശ്ശിക തീർത്തില്ലെങ്കിൽ ഈ വർഷത്തെ ഓണച്ചന്തകൾ ബഹിഷ്കരിക്കുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന കൃഷി വകുപ്പിന് കീഴിലെ വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ) ജീവനക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി വിവിധ ജില്ലകളിലെ ജീവനക്കാർ വി.എഫ്.പി.സി.കെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർക്ക് കത്ത് നൽകി. ആഗസ്റ്റ് 25നകം ശമ്പള കുടിശ്ശിക തീർത്തില്ലെങ്കിൽ ‘ഓണസമൃദ്ധി 2025’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ചന്തകൾ ബഹിഷ്കരിക്കുമെന്നും മാനേജ്മെന്റ് ഇത് ജീവനക്കാരുടെ പ്രതിഷേധ നോട്ടിസായി പരിഗണിക്കണമെന്നുമാണ് കത്തിന്റെ ഉള്ളടക്കം.
ജൂണിലെ ശമ്പളത്തിന്റെ ഒരു ഗഡുവാണ് ഇതുവരെ വിതരണം ചെയ്തത്. ആലപ്പുഴ വി.എഫ്.പി.സി.കെ ഓഫിസിൽ സീനിയർ ഡ്രൈവറായിരുന്ന ഷിജോയുടെ ആത്ഹത്യ വിവാദമായതോടെയാണ് ജൂണിലെ ഒരു ഗഡു നൽകിയത്. ഭാര്യയുടെ ശമ്പളം ഉദ്യോഗസ്ഥർ തടഞ്ഞതിനൊപ്പം സ്വന്തം ശമ്പളം മുടങ്ങിയതും ഷിജോയെ മാനസിക വിഷമത്തിലാക്കിയിരുന്നു.
2021 വരെ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിച്ചിരുന്ന വി.എഫ്.പി.സി.കെയിൽ രണ്ട് വർഷം മുമ്പാണ് പ്രതിസന്ധി രൂക്ഷമായത്. ഇതോടെ ശമ്പള വിതരണം ഗഡുക്കളാക്കി. നിലവിൽ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി 11 കോടിയും വിരമിക്കൽ ആനുകൂല്യം മൂന്നര കോടിയും പി.എഫിൽ 18 ലക്ഷവും കുടിശ്ശികയാണ്. വഴിവിട്ട നടപടികളും അഴിമതിയുമാണ് സ്ഥാപനത്തെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചതെന്ന് ഒരു വിഭാഗം ജീവനക്കാർ പറയുന്നു.
ഇ-ടെൻഡർ ഉപേക്ഷിച്ച് ഇഷ്ട സ്ഥാപനങ്ങളിൽ നിന്ന് കോടികളുടെ ഉൽപ്പന്നങ്ങൾ പിൻവാതിലിലൂടെ വാങ്ങി വിതരണം ചെയ്തതാണ് തിരിച്ചടിയായതെന്ന് ജീവനക്കാർ പറയുന്നു. പരാതികളെത്തുടർന്ന് സി.ഇ.ഒ, ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ), പർച്ചേസ് തസ്തികകളിലുള്ളവരെ നീക്കിയെങ്കിലും സ്ഥാപനത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനുള്ള ശ്രമങ്ങൾ ഇനിയും പൂർണമായും ഫലം കണ്ടിട്ടില്ല.
2021 മുതൽ 2025 ജൂൺ വരെ മുൻ സി.ഇ.യുടെ കാലത്ത് സ്ഥാപനത്തിൽ നടന്ന അഴിമതി സംബന്ധിച്ച് കൃഷി മന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം വകുപ്പ്തല വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

