മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം കൂട്ടുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കും. ഇതിനായി ശിപാർശ സമർപ്പിക്കാൻ കമീഷനെ നിയോഗിച്ചു. റിട്ട. ജസ്റ്റിസ് രാമചന്ദ്രൻ നായരാണ് ഏകാംഗ കമീഷൻ. ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചശേഷം ബിൽ നിയമസഭയിൽ പാസാക്കും.
2018ലാണ് അവസാനം ജനപ്രതിനിധികളുടെ ശമ്പളം വർധിപ്പിച്ചത്. മന്ത്രിമാരുടെ ശമ്പളം 90,000 രൂപയായും എം.എൽ.എമാരുടേത് 70,000 രൂപയായുമാണ് വർധിപ്പിച്ചത്. ഇതോടൊപ്പം മന്ത്രിമാരുടെ യാത്രാബത്ത കിലോമീറ്ററിന് 15 രൂപയായും വർധിപ്പിച്ചിരുന്നു. അടിസ്ഥാനശമ്പളം ഇപ്പോഴും 2000 രൂപയാണെങ്കിലും ആനുകൂല്യങ്ങൾ ഏറെയുണ്ട്.
നിയമസഭ സമിതി യോഗങ്ങളിൽ പങ്കെടുക്കാൻ വിമാനക്കൂലി ഇനത്തിൽ വർഷം 50,000 രൂപയും അപകട ഇൻഷുറൻസ് 20 ലക്ഷവും യാത്രകൾക്ക് 17,000 രൂപയും 10 ലക്ഷം വരെ പലിശരഹിത വാഹന വായ്പയും 20 ലക്ഷം വരെ കുറഞ്ഞ പലിശക്ക് ഭവന വായ്പയും ഇതിൽ ഉൾപ്പെടുന്നു. അഞ്ച് വർഷം പൂർത്തിയാക്കിയ എം.എൽ.എക്ക് 20,000 രൂപ പെൻഷൻ ലഭിക്കും.
പിന്നീടുള്ള ഓരോ വർഷത്തിനും 1000 രൂപ വീതം. പരമാവധി പെൻഷൻ 50,000 രൂപയാണ്. ഒരു ദിവസം മുതൽ രണ്ട് വർഷം വരെ എം.എൽ.എമാരായിരുന്നവർക്ക് 8000 രൂപയും മൂന്ന് വർഷം തികച്ചവർക്ക് 12,000 രൂപയും നാല് വർഷമായവർക്ക് 16,000 രൂപയും പെൻഷനുണ്ട്. പുതിയ കമീഷൻ ഇതെല്ലാം പരിശോധിക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ജനപ്രതിനിധികളുടെ ശമ്പള പരിഷ്കരണ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

