പൊലീസ് ജീപ്പ് കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ മരിച്ചനിലയിൽ
text_fieldsതൃശൂർ: പൊലീസ് ജീപ്പ് വരുന്നതുകണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. ഭിന്നലിംഗക്കാരുമായി സംസാരിക്കുന്നതിനിടെ ജീപ്പ് കണ്ട് ഭയന്നോടിയ കോട്ടയം ചിങ്ങവനം സ്വദേശി സജിൻ ബാബുവിനെയാണ്(18) തൃശൂർ മാരാർ റോഡിലെ സ്വകാര്യ കെട്ടിടത്തിനടുത്തുള്ള കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 10.15നായിരുന്നു സംഭവം.
വാഹന നിർമാണ കമ്പനിയുടെ പരസ്യവാഹനങ്ങളിൽ നോട്ടീസ് വിതരണം നടത്തുന്ന സജിനും സുഹൃത്ത് അഭിജിത്തും ചെട്ടിയങ്ങാടി ജങ്ഷനിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് തിരിച്ചുവരുമ്പോൾ ഭിന്നലിംഗക്കാർ പരിഹസിച്ച് സംസാരിച്ചുവെന്ന് പറയുന്നു. ഇവർ പ്രതികരിക്കാതെ നടന്നുപോയശേഷം തിരിച്ച് ഇതുവഴി വന്നപ്പോൾ ഭിന്നലിംഗക്കാർ ചിലരോട് തർക്കിക്കുന്നത് കണ്ടതായും ഇതിനിടെ പൊലീസ് ജീപ്പ് വരുന്നതുകണ്ട് ഭയന്നോടിയതായും അഭിജിത്ത് പറഞ്ഞു. മാരാർ റോഡ് ജങ്ഷനിൽ സജിനെ കാണാതായി.
മറ്റ് സുഹൃത്തുക്കളുമായി വന്ന് അഭിജിത്ത് സജിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. രാത്രി ഒന്നോടെ ഇൗസ്റ്റ് പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണവും തുടങ്ങി. ചൊവ്വാഴ്ച അഭിജിത്തും സുഹൃത്ത് ഹരികൃഷ്ണനും ചേർന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. മാരാർ റോഡിലെ ലോഡ്ജിലാണ് സജിനും മറ്റ് നാല് സഹപ്രവർത്തകരും താമസിച്ചിരുന്നത്. മൊബൈൽ ഫോണും പഴ്സും ലോഡ്ജിൽ വെച്ചാണ് സജിൻ പുറത്തുപോയത്.
അതിനാൽത്തന്നെ നഗരം വിട്ടിട്ടില്ലെന്ന് സുഹൃത്തുക്കൾ പൊലീസിന് വിവരം നൽകിയിരുന്നു. പരിസരത്തെ സി.സി ടി.വി കാമറകൾ പൊലീസ് പരിശോധിച്ചതോടെയാണ് കെട്ടിടത്തിെൻറ അരികിലൂടെ ഒാടി സജിൻ കിണറ്റിൽ വീണിട്ടുണ്ടാകാമെന്ന നിഗമനത്തിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കിണറ്റിൽനിന്ന് മൃതദേഹം കണ്ടെത്തി. ഇൻക്വസ്റ്റ് നടത്തിയശേഷം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
പേരൂർ സ്വദേശി അഭിജിത്തും പള്ളം സ്വദേശി ഹരികൃഷ്ണനും സജിനും നാട്ടകം വി.എച്ച്.എസ്.ഇയിൽ ഗ്രാഫിക് ഡിസൈനിങ് വിദ്യാർഥികളായിരുന്നു. 10 ദിവസം മുമ്പാണ് തൃശൂർ നഗരത്തിൽ ജോലി ലഭിച്ചത്. പാലക്കാട്ടും തൃശൂരിലെ മറ്റ് നഗരങ്ങളിലും പരസ്യ പ്രചാരണത്തിന് പോകാറുണ്ടായിരുന്നു. സജിെൻറ മാതാവിന് വീട്ടുജോലിയാണ്. പ്ലസ് വൺ വിദ്യാർഥിയായ സഹോദരനുണ്ട്. ഇൗസ്റ്റ് സി.ഐ കെ.സി. സേതുവിെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
തിങ്കളാഴ്ച ഭിന്നലിംഗക്കാരുടെ സമ്മേളനം തൃശൂരിൽ നടന്നിരുന്നു. സമ്മേളനത്തിനുശേഷം നഗരത്തിൽ ഇവർ അലഞ്ഞു നടന്നിരുന്നതായും പൊലീസ് പറഞ്ഞു. അതേസമയം, സജിൻ ബാബു മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ റേഞ്ച് ഐ.ജി മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
