നീണ്ട 45 വർഷങ്ങൾ; സാജിദ് തങ്ങൾ വീടണഞ്ഞു, ഉമ്മയുടെ സ്നേഹചുംബനങ്ങളേറ്റുവാങ്ങി
text_fieldsശാസ്താംകോട്ട: നീട്ടിയ കൈകൾ ചേർത്തുപിടിച്ച നിമിഷം, ഒഴുകിയ കണ്ണീരിൽ നാലരപ്പതിറ്റാണ്ടിെൻറ വിരഹവും നോവും പരിഭവവും അലിഞ്ഞുപോയി. പതിറ്റാണ്ടുകളുടെ പ്രാർഥനകൾക്ക് മറുപടിയായി അരികിലെത്തിയ മകൻ ഉമ്മയുടെ സ്നേഹചുംബനങ്ങളേറ്റുവാങ്ങി. എന്നെങ്കിലും വരുന്ന മകനുവേണ്ടി കാത്തുെവച്ച 'മക്കത്തെ മന്ദമാരുതനെ സാക്ഷിനിർത്തി എനിെക്കെൻറ മകനെ കാണാൻ കഴിയും' എന്ന പാട്ടുപാടി, പിച്ചവെക്കാൻ പഠിപ്പിച്ച കൈകൊണ്ട്, പിറന്നുവീണ വീട്ടിലേക്ക് മകനെ ഉമ്മ പിടിച്ചുകയറ്റി. 45 വർഷങ്ങൾ നീണ്ട അനാഥത്വത്തിനൊടുവിൽ സജാദ് തങ്ങൾ സനാഥനായി, ഉമ്മത്തണലിലേക്ക് നടന്നുകയറി.
ശാസ്താംകോട്ട വേങ്ങ പടനിലത്ത് തെക്കതില് വീട് സാക്ഷ്യംവഹിച്ച ആ നിമിഷങ്ങൾ കാഴ്ചക്കാരെയും കണ്ണീരണിയിച്ചു. സഹോദരങ്ങൾക്കൊപ്പം മുംബൈയിൽനിന്ന് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ശനിയാഴ്ച വൈകീട്ട് 5.40നാണ് സജാദ് ശാസ്താംകോട്ടയിലെ വീട്ടിലെത്തിയത്. 92കാരിയായ ഉമ്മ ഫാത്തിമ ബീവി മധുരം നൽകി വരവേറ്റു. ദൈവത്തിെൻറ പദ്ധതിയിൽ ഒരുങ്ങിയ കൂടിക്കാഴ്ചയെന്നാണ് ഇരുവരും പ്രതികരിച്ചത്.
1976ൽ നടി റാണി ചന്ദ്രയുൾപ്പെടെ മരിച്ച വിമാനാപകടത്തിനെ തുടർന്നാണ് സജാദ് തങ്ങൾ കുടുംബത്തിൽനിന്ന് അകന്നത്. ആദ്യം അപകടത്തിൽ മരിച്ചെന്ന് കരുതിയെങ്കിലും പിന്നീട് ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞു. എന്നാൽ, വിവരമൊന്നുമുണ്ടായില്ല. മുംബെയിലേക്ക് താമസം മാറ്റിയ സജാദ് 2019ൽ സോഷ്യൽ ആൻഡ് ഇവാഞ്ചലിക്കൽ അസോസിയേഷൻ ഫോർ ലൗ (സീൽ) എന്ന ആശ്രമത്തിൽ എത്തിപ്പെട്ടു. അവിടുത്തെ ഭാരവാഹികളാണ് ബന്ധുക്കളെ കണ്ടെത്തി വിവരം അറിയിച്ചത്. തുടർന്നാണ് അവിശ്വസനീയ കൂടിച്ചേരലിന് വഴിയൊരുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

