‘ആരോഗ്യമേഖലയെ തകർക്കാൻ മന്ത്രി വീണ ജോർജിനെ ബലിയാടാക്കുന്നു, പാവം സ്ത്രീ അവരെന്തു ചെയ്തു?’ -സജി ചെറിയാൻ
text_fieldsപത്തനംതിട്ട: സാധാരണക്കാരുടെ ആശ്രയമായ പൊതുജനാരോഗ്യമേഖലയെ തകർക്കാനുള്ള ഗൂഡാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്നും അതിനുവേണ്ടി മന്ത്രി വീണാജോർജിനെ ബലിയാടാക്കുന്നുവെന്നും മന്ത്രി സജി ചെറിയാൻ. ‘സാധാരണക്കാർ ചികിത്സ തേടുന്ന സർക്കാർ ആശുപത്രികളിലെ തകർക്കാനുള്ള ഗൂഢാലോചനയാണ് ഇവിടെ നടക്കുന്നത്. ആ ഗൂഢാലോചനയിൽ വീണ ജോർജിനെ ബലിയാടാക്കിയിരിക്കുകയാണ്. ആരോഗ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിച്ചാൽ സംരക്ഷിക്കാനുള്ള കഴിവ് ഇടതുപക്ഷത്തിനുണ്ട്. പാവം സ്ത്രീ അവരെന്തു ചെയ്തു. അതൊന്നും ഞങ്ങൾ അംഗീകരിച്ചുകൊടുക്കില്ല. വീണജോർജിനെയും സർക്കാർ സംവിധാനങ്ങളെയും ഞങ്ങൾ സംരക്ഷിക്കും’ -അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യമേഖലയിലെ വൻകിട കുത്തകൾക്ക് സഹായം നൽകുക എന്നത് പ്രതിപക്ഷം ഡ്യൂട്ടിയായി ഏറ്റെടുത്തിരിക്കുകയാണ്. പഞ്ചായത്ത്, അസംബ്ലി തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ബഹളമാണ് യുഡിഎഫ് നടത്തുന്നത്. കോൺഗ്രസിന് അധികാരഭ്രാന്താണ്. എൽ.ഡി.എഫ് സർക്കാർ മൂന്നാമതും അധികാരത്തിൽവരുമെന്നുറപ്പായപ്പോഴുള്ള വെപ്രാളമാണെന്നും മന്ത്രി പറഞ്ഞു.
‘കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ തകർക്കാൻ ശ്രമിക്കുന്നത് സ്വകാര്യാശുപത്രികളെ സഹായിക്കാനാണ്. വൻകിട കുത്തക കമ്പനികൾ കേരളത്തിൽ ആശുപത്രികൾ നിർമിക്കുകയാണ്. സർക്കാർ മേഖല തകർന്നാൽ ഇവർക്ക് സഹായകമാകും. അതിനുവേണ്ടിയാണ് മന്ത്രി വീണാ ജോർജിനോട് ദേഷ്യം കാണിക്കുന്നത്. കേരളത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിലാണ് എന്നാണ് മുൻ പ്രതിപക്ഷനേതാവ് കൂടിയായ രമേശ് ചെന്നിത്തല പറഞ്ഞത്. അദ്ദേഹത്തെപ്പോലുള്ള ഒരു നേതാവ് ഇങ്ങനെ പറയാൻ പാടില്ല. സർക്കാർ ആരോഗ്യമേഖല വെന്റിലേറ്ററിലാണ് എന്ന് വരുത്തിത്തീർത്താലേ സ്വകാര്യ മേഖലയ്‌ക്ക് ഗുണമുണ്ടാകൂ എന്നതിനാലാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്.
ഇടതുപക്ഷം സ്വകാര്യാശുപത്രികൾക്കെതിരല്ല. 2019ൽ ഡെങ്കി ബാധിച്ചപ്പോൾ ഞാൻ ആദ്യം സർക്കാർ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഗവ. ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാൻ സാധ്യതയുണ്ട് എന്ന സ്ഥിതി വന്നപ്പോൾ അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയി. 14 ദിവസം ബോധമില്ലാതെ കിടന്ന ഞാൻ അവിടത്തെ ചികിത്സകൊണ്ട് രക്ഷപ്പെട്ടു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണ് ജീവൻ രക്ഷിച്ചത്. സ്വകാര്യ ആശുപത്രിയിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയുള്ള കാര്യമല്ല. സ്വകാര്യ ആശുപത്രിയിൽ കൂടുതൽ ടെക്നോളജിയുണ്ട്. അത്രയും സർക്കാർ ആശുപത്രിയിൽ ഉണ്ടാകണമെന്നില്ല.
കൂടുതൽ ആളുകൾ ചികിത്സ തേടുന്നതിനാൽ അത്രയും മികച്ച ടെക്നോളജികൾ ഉണ്ടായിരിക്കണമെന്നില്ല. അതൊക്കെയാണോ ഇവിടുത്തെ പ്രശ്നം? സാധാരണക്കാർ ചികിത്സ തേടുന്ന സർക്കാർ ആശുപത്രികളിലെ തകർക്കാനുള്ള ഗൂഢാലോചനയാണ് ഇവിടെ നടക്കുന്നത്. ആ ഗൂഢാലോചനയിൽ വീണ ജോർജിനെ ബലിയാടാക്കിയിരിക്കുകയാണ്. പാവം സ്ത്രീ അവരെന്തു ചെയ്തു. അതൊന്നും ഞങ്ങൾ അംഗീകരിച്ചുകൊടുക്കില്ല. വീണജോർജിനെയും സർക്കാർ സംവിധാനങ്ങളെയും ഞങ്ങൾ സംരക്ഷിക്കും’ -അദ്ദേഹം പറഞ്ഞു.
‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയുടെ പേരുമാറ്റണമെന്ന സെൻസർബോർഡ് നിർദേശത്തിനെതിരേ ചലച്ചിത്ര സംഘടനകൾ നടത്തുന്ന സമരത്തിനൊപ്പമാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു. പേരുമാറ്റണമെന്നുള്ള നിർദേശം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

