സജി ചെറിയാന്റെ മത സ്പർധ സ്ഫുരിക്കുന്ന പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനം
text_fieldsമത നിരപേക്ഷ രാജ്യത്തിന്റെ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ പ്രസ്താവന സംസ്കാര ശൂന്യവും പച്ച വർഗീയതയുമാണെന്ന് മെക്കസംസ്ഥാന പ്രസിഡന്റ് പ്രഫ. ഡോ. പി. നസീറും ജനറൽ സെക്രട്ടറി എൻ.കെ. അലിയും സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. പൗരൻമാരുടെ പേര് നോക്കി വർഗീയ മാപിനി ഉപയോഗിക്കാൻ സാംസ്കാരിക മന്ത്രിയെ ഔദ്യോഗികമായി സംസ്ഥാന സർക്കാർ ഏൽപ്പിച്ചതാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മത വിദ്വേഷ പ്രഭാഷണവും ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയും സത്യപ്രതിജ്ഞാ ലംഘനമാണ്.
വർഗീയ വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്ന സമുദായ സംഘടനാ നേതാക്കളെയും സഖാക്കളെയും പാലൂട്ടി വളർത്തുന്ന പാർട്ടിക്കും മുഖ്യമന്ത്രിക്കൊപ്പം സാംസ്കാരിക വകുപ്പ് മന്ത്രിയും പ്രചാരകനായി മാറുന്നത് പോർട്ട് ഫോളിയോയുടെ ഭാഗമാണോ എന്ന് വ്യക്തമാക്കണം.
ഭരണഘടനാ ലംഘനം നടത്തിയ മന്ത്രി വെള്ളാപ്പള്ളിയുടെ ഭാഷയാണ് സംസാരിക്കുന്നത്. അടിയന്തരമായി മന്ത്രിസ്ഥാനത്ത് നിന്നു മാറ്റിനിർത്തി അന്വേഷിക്കാൻ സർക്കാർ തയാറാവണം. രണ്ടു ജില്ലകളിലെ ജനപ്രതിനിധികളുടെ പേര്മാത്രം നോക്കിയ മന്ത്രി മറ്റ് 12 ജില്ലകളിലെ പേരു നോക്കാനും കാണാനുമുള്ള അറിവും കഴിവുമില്ലാത്ത തനി വർഗീയവാദിയാണെന്ന് തെളിയിച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾ, ഭരണ പരാജയം, സാമ്പത്തിക പ്രതി സന്ധി, വിലക്കയറ്റം, ശബരിമല സ്വർണക്കൊള്ള എന്നിവയിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടുന്ന സർക്കാർ കേരള ജനതയോടും വിശിഷ്യാ മുസ്‌ലിംകളോടും യുദ്ധ പ്രഖ്യാപനമാണ് നടത്തുന്നതെന്നും അവർ കുറ്റപ്പെടുത്തി.
തദ്ദേശ തിരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസർകോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാൽ അറിയാമെന്നായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

