'നാല് ഹിന്ദുവോട്ട് ചാക്കിലാക്കാനാണ് പറയുന്നതെങ്കിൽ അത് നടപ്പില്ല മോനേ സജിചെറിയാനേ'; കെ.സുരേന്ദ്രൻ, 'സമുദായങ്ങളുടെ കുത്തക എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കുമില്ല'
text_fieldsതിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വർഗീയ പ്രസ്താവനയിൽ പ്രതികരണവുമായി ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നാല് ഹിന്ദുവോട്ട് ചാക്കിലാക്കാനാണ് ഇത് പറയുന്നതെങ്കിൽ നടപ്പില്ല മോനെ സജി ചെറിയാനെ എന്നാണ് പറയാനുള്ളതെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
സജി ചെറിയാൻ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന പ്രസ്താവനയാണ്. ചെങ്ങന്നൂരിൽ സജി ചെറിയാൻ എങ്ങനെയാണ് ജയിക്കുന്നതെന്ന് മലോകർക്ക് മുഴുവൻ അറിയാം. എസ്.ഡി.പി.ഐ-പി.എഫ്.ഐ സംഘങ്ങൾ സജിചെറിയാന്റെ കൂടെയാണ്. ഇപ്പോൾ നാല് ഹിന്ദുവോട്ട് ചാക്കിലാക്കാനാണ് ശ്രമിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.
മുസ്‌ലിം സംഘടനകൾ എല്ലാവരും ഒരുമിച്ച് നിന്നാൽ അത് കേരളത്തിൽ വലിയ മതേതരത്വമെന്നും എസ്.എൻ.ഡി.പിയും എൻ.എസ്.എസും ഒരു ചായകുടിക്കാൻ വേണ്ടി ഒരുമിച്ചിരുന്നാൽ അത് വലിയ വർഗീയതയാണെന്നുമുള്ള പ്രചാരവേല കഴിഞ്ഞ നാൽപത് വർഷമായിട്ട് നടക്കുന്നതാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
ഭൂരിപക്ഷ സമുദായത്തിലെ എല്ലാവരും തമ്മിലടിച്ച് പിരിഞ്ഞ് അവർ നശിക്കണമെന്ന താൽപര്യമാണ് കേരളത്തിലെ പ്രധാന മുന്നണികൾക്കുള്ളത്. ഭൂരിപക്ഷ ഐക്യം ഇവർക്കെല്ലാം പേടി സ്വപ്നമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സുകുമാരൻ നായരുടെ ബി.ജെ.പി വിമർശനത്തിനും സുരേന്ദ്രൻ പ്രതികരിച്ചു. നായർ സമുദായത്തിന്റെയോ ഈഴവ സമുദായത്തിന്റെയോ കുത്തക ഏതെങ്കിലും സംഘടക്കല്ലെന്നും ബി.ജെ.പിയെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വർഗീയ ധ്രുവീകരണം എന്തെന്ന് മനസ്സിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർകോട്ടും മലപ്പുറത്തും വിജയിച്ചവരുടെ പേരുകൾ നോക്കിയാൽ മതിയെന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്. ലീഗിന്‍റെ രാഷ്ട്രീയം ഈ കേരളത്തിൽ വർഗീയത വളര്‍ത്തുന്ന രാഷ്ട്രീയമാണെന്ന് സജി ചെറിയാൻ പറഞ്ഞു. ആർ.എസ്.എസിന്‍റെ മറുഭാഗമാണ് ലീഗ് പറയുന്നതെന്നും ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിച്ചാണ് ലീഗ് നിൽക്കുന്നതെന്നും സജി ചെറിയാന്‍ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

