മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിൽ പ്രയാസമില്ല, അഭിമാനം മാത്രമെന്ന് സജി ചെറിയാൻ
text_fieldsതിരുവനന്തപുരം: മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിൽ ഒരു വിഷമവുമില്ലെന്ന് സജി ചെറിയാൻ എം.എൽ.എ. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിൽ പ്രയാസമുണ്ടെന്ന തരത്തിൽ മാധ്യമങ്ങളിൽ കാണാൻ കഴിഞ്ഞു. എന്നാൽ, പ്രയാസമെന്നുമില്ലെന്നും അഭിമാനം മാത്രമാണെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട സജി ചെറിയാൻ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. എം.എൽ.എ ബോർഡ് വെച്ച കാറിലാണ് സജി ചെറിയാൻ ഇന്ന് നിയമസഭയിലെത്തിയത്.
ഭരണഘടനക്കെതിരായ പരാമർശം വിവാദമായതിനെ തുടർന്നാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചത്. സി.പി.എം സംസ്ഥാന നേതൃത്വം സാവകാശത്തിന് വഴികൾ തേടുന്നതിനിടെ കേന്ദ്ര നേതൃത്വം നിലപാട് കടുപ്പിച്ചതോടെയാണ് മന്ത്രി രാജിക്ക് തയാറായത്.
രാജിയില്ലെന്ന് നിയമസഭയിലും പുറത്തും ബുധനാഴ്ച സി.പി.എം യോഗത്തിനു ശേഷവും നിലപാടെടുത്ത സജി ചെറിയാൻ വൈകുന്നേരത്തോടെ നിർണായക തീരുമാനത്തിന് നിർബന്ധിതനായി. മന്ത്രിസ്ഥാനത്ത് തുടരുന്നില്ലെന്ന തീരുമാനം സ്വമേധയാ കൈക്കൊണ്ടതാണെന്നും താൻ ഭരണഘടനയെ ആക്ഷേപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയ ശേഷം സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ സി.പി.എം പരിപാടിയിൽ പ്രസംഗിക്കുമ്പോഴാണ് മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശമുണ്ടായത്. ജനത്തെ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് രാജ്യത്തിന്റേതെന്നും ബ്രിട്ടീഷുകാരൻ പറഞ്ഞതും തയാറാക്കിക്കൊടുത്തതുമായ ഭരണഘടനയാണ് എഴുതിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ അലയൊലികൾ കെട്ടടങ്ങും മുമ്പാണ് മന്ത്രിയുടെ രാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

