'ഒന്നാമത്തെ ഗുണ്ട അദ്ദേഹമായിരിക്കും, രണ്ടാമത്തേത് ഞാനും; മത്സരിക്കണമെങ്കിൽ മത്സരിക്കട്ടെ' -സുധാകരന് മറുപടിയുമായി സജി ചെറിയാൻ
text_fieldsആലപ്പുഴ: സി.പി.എം നേതാവ് ജി. സുധാകരന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാൻ. ജി. സുധാകരന്‍ പറഞ്ഞ രാഷ്ട്രീയ കാര്യങ്ങൾക്ക് പാർട്ടി മറുപടി പറയുമെന്ന് സജി ചെറിയാൻ പറഞ്ഞു. എന്നാൽ വ്യക്തിപരമായ ആരോപണങ്ങൾ മറുപടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും എന്ന് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ച സുധാകരൻ സജി ചെറിയാനെയും വിമർശിച്ചിരുന്നു.
'അദ്ദേഹം എന്തൊക്കെയാണ് പറഞ്ഞത് എന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്‍റെ ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറയും. വ്യക്തിപരമായി അദ്ദേഹം തരംതാണ് സംസാരിക്കും എന്ന് ഞാൻ കരുതുന്നില്ല. മത്സരിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. കേരളത്തിലെ ഇടതുപക്ഷ മുന്നണി തെരഞ്ഞടുപ്പിലേക്ക് പോകുന്ന സമയത്ത് പാർട്ടിയിൽ ദീർഘകാലം പ്രവർത്തിച്ച ഒരു സഖാവ് അസ്വസ്ഥനായി, അദ്ദേഹത്തിന് മത്സരിക്കണമെങ്കിൽ അദ്ദേഹം മത്സരിക്കട്ടെ' -സജി ചെറിയാൻ പറഞ്ഞു.
'അദ്ദേഹം പറഞ്ഞ രാഷ്ട്രീയ കാര്യങ്ങൾക്ക് പാർട്ടി മറുപടി പറയും. വ്യക്തിപരമായ കാര്യങ്ങൾക്ക് മറുപടിയില്ല. പാർട്ടിയുടെ പൊളിറ്റിക്കൽ ക്രിമിനലുകൾ ആരാണെന്നാണ് അദ്ദേഹം പറയുന്നത്. ആലപ്പുഴയിൽ ഞങ്ങളല്ലേ പാർട്ടിയെ നയിച്ചത്. അപ്പോൾ ഒന്നാമത്തെ ഗുണ്ട അദ്ദേഹമായിരിക്കും, രണ്ടാമത്തേത് ഞാനും ആയിരിക്കും. ഏത് ഗുണ്ടയെപ്പറ്റിയാണ് അദ്ദേഹം പറയുന്നത് എന്ന് മനസിലാകുന്നില്ല' -സജി ചെറിയാൻ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ ഗുണ്ടകളെ വളർത്തുന്ന ജോലിയല്ല സി.പി.എമ്മിന്. ആലപ്പുഴയിലെ പാർട്ടി നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. പക്ഷെ ഇത്തരം ഒന്നിന്‍റെ മുന്നിലും പാർട്ടി കുലുങ്ങിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. താൻ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രശ്നമാണെന്നും 60 വർഷം പ്രവർത്തിച്ച പാർട്ടിയെ എന്തിന് തള്ളിപ്പറഞ്ഞെന്നും അദ്ദേഹം ചോദിച്ചു. നാല് പ്രാവശ്യം എം.എൽ.എയായി. രണ്ട് തവണ മന്ത്രിയാക്കി. 13 വർഷം സർവകലാശാ സിൻഡിക്കേറ്റ് മെമ്പർ ആയിരുന്നു. ആലപ്പുഴ നഗരസഭ പ്രതിപക്ഷ നേതാവായിരുന്നു. ആലപ്പുഴ ജില്ല സെക്രട്ടറിയായി പ്രവർത്തിച്ചു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. ഇത്രയും സ്ഥാനങ്ങൾ വഹിച്ച അദ്ദേഹത്തിന് എന്താണ് പറ്റിയതെന്ന് മനസിലാകുന്നില്ല എന്ന് സജി ചെറിയാൻ പറഞ്ഞു.
അതേസമയം, ഭരണഘടനയാണ് ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുന്നതെന്നും അതിനെ മാനിക്കണമെന്ന് ജി. സുധാകരൻ പറഞ്ഞു.,ഭരണഘടനയെ വിമർശിക്കാൻ നമുക്ക് അവകാശം ഉണ്ട്. എന്നാൽ കുന്തവും കൊടച്ചക്രവും എന്ന് പറയുന്നത് വിമർശനം അല്ലെന്നും സുധാകരന്‍റെ വ്യക്തമാക്കി. രണ്ട് തവണ മന്ത്രിയായില്ലേ ഇനി എന്താണ് വേണ്ടതെന്ന് ചോദിക്കുന്നവർ മാർക്സിസ്റ്റുകൾ അല്ലെന്നും അദ്ദേഹം പറഞ്ഞു.
എത്ര തവണ മത്സരിച്ചു എന്നല്ല, സ്ഥാനം ഉപയോഗിച്ച് എന്ത് ചെയ്തു എന്നതിനാണ് പ്രധാനം എന്ന് സുധാകരൻ പറഞ്ഞു. മറ്റൊരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൊളിറ്റിക്കൽ ക്രിമിനലുകളെ ആയുധമാക്കി തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നുണ്ട്. കേഡർമാർക്ക് പാർട്ടി നേതാക്കളുടെ അച്ഛന് വരെ വിളിക്കാം എന്ന അവസ്ഥയിലാണ്. കേരള രാഷ്ട്രീയത്തിൽ എല്ലാവരും അത് സ്വയം വിമർശനമായി പരിശോധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

