സജി ചെറിയാൻ: ചെങ്ങന്നൂരിെൻറ ആദ്യമന്ത്രി
text_fieldsസജി ചെറിയാനും കുടുംബവും. ഭാര്യ ക്രിസ്റ്റീന, മക്കളും മരുമക്കളുമായ ഡോ. നിത്യ, ഡോ. ദൃശ്യ, ശ്രവ്യ, അലൻ, ജസ്റ്റിൻ, കൊച്ചുമകൾ എന്നിവർ സമീപം
വികസന തേരുതെളിച്ച 56കാരനായ സജി ചെറിയാൻ ചെങ്ങന്നൂരിെൻറ ആദ്യമന്ത്രിയകുന്നു. 1957ൽ പ്രഥമ കേരള നിയമസഭയിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിയായ ആർ. ശങ്കരനാരായണൻ തമ്പി സ്പീക്കറായതൊഴിച്ചാൽ ആദ്യമായാണ് ചെങ്ങന്നൂരിന് മന്ത്രിപദം സ്വന്തമാകുന്നത്. ആലപ്പുഴയിൽനിന്ന് സി.പി.എം പരിഗണിച്ച ഏകമന്ത്രി.
2016ൽ കെ.കെ. രാമചന്ദ്രൻ നായരിലൂടെയാണ് ചെങ്ങന്നൂർ ചുവപ്പണിഞ്ഞത്. രാമചന്ദ്രെൻറ നിര്യാണത്തെത്തുടർന്ന് 2018ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കന്നിയങ്കക്കാരൻ സജി ചെറിയാൻ 20,956 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. രണ്ടാമൂഴത്തിൽ സ്വന്തം റെക്കോഡ് തിരുത്തി 31,984 വോട്ടിന് വിജയം ആവർത്തിച്ചു. പ്രളയത്തിൽ നാട് മുഴുവൻ മുങ്ങിയപ്പോൾ രക്ഷാപ്രവർത്തകരുടെ ശ്രദ്ധകിട്ടാൻ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ നേതാവുകൂടിയാണ്. എസ്.എഫ്.ഐ ജില്ലപ്രസിഡൻറും സെക്രട്ടറിയുമായിരുന്നു.
കൊഴുവല്ലൂർ തെങ്ങുംതറയിൽ പരേതനായ റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ ടി.ടി. ചെറിയാെൻറയും റിട്ട. പ്രധാനാധ്യാപിക ശോശാമ്മയയുടെയും മകനായി 1965ൽ ജനനം. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐയിലൂടെ വിദ്യാർഥിരാഷ്ട്രീയത്തിൽ പ്രവേശിച്ചു. മാവേലിക്കര ബിഷപ് മൂർ കോളജിൽ യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലറായി. തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിൽനിന്ന് നിയമവിദ്യാഭ്യാസവും നേടി. 1980ൽ സി.പി.എം അംഗമായി.
എസ്.എഫ്.ഐ ജില്ല പ്രസിഡൻറ്, ജില്ല സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ്, ജില്ല സെക്രട്ടറി, സി.ഐ.ടി.യു ജില്ല പ്രസിഡൻറ്, ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം, സ്പോർട്സ് കൗൺസിൽ ആലപ്പുഴ ജില്ല പ്രസിഡൻറ്, ആലപ്പുഴ ജില്ല സഹകരണ ബാങ്ക് പ്രസിഡൻറ്, സംസ്ഥാന സഹകരണ ബാങ്ക് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സംസ്ഥാന കൃഷി വകുപ്പിെൻറ മികച്ച ജൈവകൃഷിക്കുള്ള അവാർഡ്, ജെ.സി.ഐ മാനവസേവാ അവാർഡ്, സാംരംഗ ഫൗണ്ടേഷൻ കൾചറൽ അവാർഡ് തുടങ്ങിയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: ക്രിസ്റ്റീന. മക്കള്: ഡോ. നിത്യ, ഡോ. ദൃശ്യ, ശ്രവ്യ (എം.ബി.ബി.എസ് വിദ്യാർഥിനി). മരുമക്കൾ: അലൻ, ജസ്റ്റിൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.