നാട്ടുകാർക്ക് നേരെ വെടിയുതിർത്തു, ബാറിൽ യുവാവിനെ കൊന്നു; കൊല്ലപ്പെട്ട സാജൻ സാമുവലിനെതിരെ കേസുകൾ നിരവധി
text_fieldsമൂലമറ്റം (ഇടുക്കി): മൂലമറ്റം തേക്കിൻ കൂപ്പിന് സമീപം കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മേലുകാവ് എരുമാപ്ര സ്വദേശി പാറശ്ശേരിയിൽ സാജൻ സാമുവൽ (47) കൊലക്കേസ് ഉൾപ്പടെ അനവധി കേസുകളിൽ പ്രതിയെന്ന് പൊലീസ്. അതിനിടെ, സാജനെ കൊലപ്പെടുത്തിയ കേസിൽ ആറുപേരെ പൊലീസ് പിടികൂടി. മൂലമറ്റം പ്രദേശവാസികൾ ഉൾപടെയുള്ള ഏഴംഗ സംഘമാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
2018 മേയ് മാസം കോതമംഗലം മരിയ ബാറിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് സാജൻ സാമുവൽ. വലിയപാറ പാറപ്പുറത്ത് ബിനു ചാക്കോ എന്ന 27 വയസ്സുകാരനാണ് അന്ന് കുത്തേറ്റ് മരിച്ചത്. ബാറിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് കത്തിക്കുത്ത് ഉണ്ടായത്. ശേഷം മുട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ബാറിലും ഇയാൾ കത്തിക്കുത്ത് നടത്തി. അന്ന് രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഈ കേസിലും വിചാരണ നടന്ന് വരുകയാണ്.
2022 ഫെബ്രുവരിയിൽ മുട്ടം ബാറിന് സമീപം വഴി തടസ്സപ്പെടുത്തി കാർ പാർക്ക് ചെയ്തത് ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ ഇയാൾ വെടിയുതിർക്കുകയും ചെയ്തിരുന്നു. ബി.എസ്.എൻ.എൽ ടെലിഫോൺ എക്സ്ചേചേഞ്ചിന് സമീപം മാത്തപ്പാറക്ക് പോകുന്ന വഴി തടസ്സപ്പെടുത്തി നിർത്തിയിട്ടിരുന്ന കാർ മാറ്റി ഇടാൻ നാട്ടുകാരൻ ആവശ്യപ്പെട്ടതാണ് പ്രശനങ്ങൾക്ക് തുടക്കം. തുടർന്ന് നടന്ന് നീങ്ങിയ ഈ നാട്ടുകാരന് പിറകെ വാഹനം ഇരപ്പിച്ച് എത്തുകയും ഇടിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് വാഹനത്തിന് ഉള്ളിൽ നിന്നും മുന്നിലിരുന്ന സാജൻ തോക്ക് എടുത്ത് നാട്ടുകാർക്ക് നേരെ വെടിവക്കുകയായിരുന്നു. എന്നാൽ സംഭത്തിൽ പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തില്ല. 2022 ഓഗസ്റ്റ് മാസം ഇയാളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. അനവധി കേസുകളിൽ പ്രതി ആയതോടെ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരമായിരുന്നു നടപടി.
ഇയാൾ കഴിഞ്ഞ കുറേ വർഷങ്ങളായി കോട്ടയം ജില്ലയിലെ പൊൻകുന്നം, മരങ്ങാട്ടുപള്ളി, മേലുകാവ്. പാലാ എന്നീ സ്റ്റേഷനുകളിലും എറണാകുളം ജില്ലയിലെ കോതമംഗലം. മൂവാറ്റുപുഴ എന്നിവിടെയും ഇടുക്കി ജില്ലയിലെ കട്ടപ്പന, മുട്ടം. തൊടുപുഴ എന്നീ പോലീസ് സ്റ്റേഷനുകളിലും കൊലപാതകം, വധശ്രമം, സംഘം ചേർന്ന് ആക്രമിക്കുക, ഭീഷണിപ്പെടുത്തുക, പിടിച്ചുപറിക്കുക, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ 9.30 ഓടെയാണ് മേലുകാവ് എരുമാപ്ര പാറശ്ശേരിയിൽ സാജൻ സാമുവലി(47)ന്റെ മൃതദേഹമാണ് മൂലമറ്റത്ത് പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൂലമറ്റം കെ.എസ്.ഇ.ബി കോളനിക്കു സമീപം തേക്കിൻ കൂപ്പിൽ പായയിൽ പൊതിഞ്ഞ നിലയിൽ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടത്. കാലുകൾ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. മൃതദേഹത്തിന് 2 ദിവസത്തിലേറെ പഴക്കമുണ്ട്. മുഖത്തും ശരീരഭാഗത്തും പുഴുവരിച്ചനിലയിലായിരുന്നു. ഇടതുകൈ മുട്ടുമുതൽ കൈ അറ്റനിലയിലായിരുന്നു. കൂടാതെ തലയുടെ വലതുവശത്തും, ഉച്ചിയിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.
സാജൻ സാമുവലിനെ കാണാനില്ലെന്നു മേലുകാവ് പൊലീസ് സ്റ്റേഷനിൽ മാതാവ് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഇതനുസരിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ മൃതദേഹം തേക്കിൻകൂപ്പിലെത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴി നിർണായകമായി. ജനുവരി 30 രാത്രി എരുമാപ്രയിൽ നിന്നും കേടായ പന്നിമാംസമെന്നു പറഞ്ഞ് തുണിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം തേക്കിൻകൂപ്പിലെ ട്രാൻസ്‌ഫോർമറിനു സമീപം ഇറക്കിയത്. ഇതിൽ സംശയം തോന്നിയ ഓട്ടോറിക്ഷ ഡ്രൈവർ വിവരം തന്റെ പിതാവിനോടു പറഞ്ഞു. പിതാവ് സംഭവം കാഞ്ഞാർ എസ്.ഐ ബൈജു.പി ബാബുവിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ കുഴിച്ചിടാനായി കുഴിയെടുക്കാൻ ശ്രമം നടത്തിയതായും സൂചനയുണ്ട്. തിരിച്ചറിയാനാവാതെ പുഴുവരിച്ച നിലയിലായിരുന്ന മൃതദേഹം ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്.
ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തൊടുപുഴ ഡി.വൈ.എസ്.പി ഇമ്മാനുവൽ പോൾ, കാഞ്ഞാർ എസ്.എച്ച്.ഒ ശ്യാംകുമാർ, കാഞ്ഞാർ എസ്.ഐ ബൈജു.പി ബാബു തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.വാഹനത്തിൽ കൊണ്ടു വന്ന് ഇറക്കി വലിച്ചു കൊണ്ടുവന്നാണ് മൃതദേഹം ഉപേക്ഷിച്ചത് എന്ന് സംശയമുണ്ട്. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

