ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ട് അന്തരിച്ചു; തണലേകിയത് 260ലേറെ കുടുംബങ്ങൾക്ക്
text_fieldsസായിറാം ഭട്ട്
കാസര്‍കോട്: നിർധനരായ 260ലേറെ കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകി ശ്രദ്ധേയനായ കാസര്‍കോട്ടെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഗോപാലകൃഷ്ണ ഭട്ട് എന്ന സായിറാം ഭട്ട് (85) അന്തരിച്ചു. ബദിയഡുക്ക കിളിങ്കാര്‍ നടുമനയിലെ വീട്ടിൽ വാർധക്യസഹജമായ അസുഖത്തിൽ വിശ്രമത്തിലായിരുന്നു. പാരമ്പര്യ വൈദ്യവും കൃഷിയും സാമൂഹിക പ്രവർത്തനവുമായി ഈയടുത്ത കാലം വരെ സജീവമായിരുന്നു അദ്ദേഹം.
ബദിയഡുക്ക കിളിങ്കാര്‍ നടുമനയിലെ കൃഷ്ണഭട്ട്-ദുക്ഷമ്മ ദമ്പതിമാരുടെ മകനായി 1937 ജൂലൈ എട്ടിനായിരുന്നു സായിറാം ഭട്ടിന്റെ ജനനം. നീർച്ചാലിൽ ഗീതാഞ്ജനേയ വ്യായാമശാല എന്ന സ്ഥാപനം ആരംഭിച്ചാണ് പൊതുസേവനരംഗത്ത് സജീവമായത്. 1995ൽ കാലവർഷക്കെടുതിയിൽ വീട് തകർന്ന സീതാംഗോളിയിലെ അബ്ബാസിന് വീട് നിർമിച്ച് നൽകിയാണ് സേവന ജീവിതം ആരംഭിച്ചത്. കുടുംബസമേതം കാശിക്ക് പോകാൻ സ്വരൂപിച്ച തുകയാണ് ഇതിനായി ഉപയോഗിച്ചത്.
അതൊരു തുടക്കമായിരുന്നു. കഷ്ടപ്പെടുന്നവരെ കണ്ടെത്തി ചുറ്റുപാടുകള്‍ മനസ്സിലാക്കിലാക്കി വീട് നിർമിച്ച് നൽകുന്നത് അദ്ദേഹം ജീവിതദൗത്യമായി ഏറ്റെടുത്തു. സ്വന്തം വീട് നിര്‍മിക്കുന്ന അതേ പ്രാധാന്യത്തോടെ 260ലധികം വീടുകളാണ് അദ്ദേഹം പണിതുനൽകിയത്. ഗുണമേന്മ ഉറപ്പാക്കാൻ നിര്‍മാണച്ചുമതല മറ്റാരെയും ഏല്പിക്കാതെ തൊഴിലാളികളോടൊപ്പം അദ്ദേഹവും വീടുപണിയിൽ ഭാഗമായി.
നിരവധി കുടിവെള്ളപദ്ധതികള്‍, 100ലധികം വീടുകളുടെ വൈദ്യുതീകരണം, നിരവധി യുവതികളുടെ കല്യാണം, വീട് വെക്കാന്‍ ഭൂമി, സ്‌കൂള്‍ കുട്ടികള്‍ക്ക് യൂണിഫോം, പുസ്തകം, മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹം നടത്തി.
ഭാര്യ: സുബ്ബമ്മ, മക്കൾ: കൃഷ്‌ണഭട്ട് (ബദിയഡുക്ക പഞ്ചായത്ത് മുൻ പ്രസിഡന്റ്, പഞ്ചായത്തംഗം), ശ്യാമള , മരുമക്കൾ: ഷീലാ കെ ഭട്ട്, ഈശ്വരഭട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

