കൊച്ചി: മോഡലുകൾ അടക്കം മൂന്നുപേർ മരിച്ച വാഹനാപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ മൂന്നുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ദിവസം അറസ്റ്റിലായ സൈജു തങ്കച്ചനെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അന്വേഷണ സംഘത്തിെൻറ കസ്റ്റഡിയിൽ വിട്ടത്. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കി 30ന് ഉച്ചക്ക് ഒന്നിന് മുമ്പ് തിരികെ ഹാജരാക്കാനാണ് നിർദേശം.
കസ്റ്റഡിയിൽ വിടുന്നതിന് മുമ്പുതന്നെ ഇയാൾ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ, ഹോട്ടലുടമയുടെയോ മറ്റ് പ്രതികളുടെയോ പേരിലുള്ള കുറ്റമല്ല ഇയാൾക്കെതിരെയുള്ളതെന്നും നരഹത്യക്ക് തെളിവുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. അപകടത്തിൽപെട്ട വാഹനം ഓടിച്ചിരുന്ന അബ്ദുറഹ്മാൻ മദ്യപിച്ചിട്ടുണ്ടെന്ന് അറിഞ്ഞുതന്നെ സൈജു തങ്കച്ചൻ തെൻറ 40 ജെ -3333 നമ്പർ ഔഡി കാറിൽ ആ വാഹനത്തെ പിന്തുടർന്നുവെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ഇതോടെ ജാമ്യാപേക്ഷ തള്ളി കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആലുവ മെട്രോ സ്റ്റേഷനിൽ സൈജു ഹാജരായതിനെത്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിൽ ലഭിച്ച സാഹചര്യത്തിൽ നമ്പർ 18 ഹോട്ടലിൽ നടന്നതെന്ത്, കുണ്ടന്നൂരിൽവെച്ചുണ്ടായ തർക്കം എന്തിനായിരുന്നു, വാഹനത്തെ പിന്തുടരാനിടയായ സാഹചര്യം എന്നീ കാര്യങ്ങളിൽ ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷ. അബ്ദുറഹ്മാനൊപ്പം സൈജുവിനെ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
ഒക്ടോബർ 31ന് ബൈപാസിൽ ചക്കരപ്പറമ്പിലുണ്ടായ വാഹനാപകടത്തിലാണ് മുൻ മിസ് കേരള അൻസി കബീറും സുഹൃത്തുക്കളായ രണ്ടുപേരും മരിച്ചത്. ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ പാർട്ടി കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കാനിടയായ സാഹചര്യമെന്താണെന്ന് പൊലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല. അന്ന് രാത്രിതന്നെ ഈ ദൃശ്യങ്ങൾ അടങ്ങിയ ഡി.വി.ആർ കായലിലെറിഞ്ഞെന്നായിരുന്നു ഹോട്ടൽ ജീവനക്കാരുടെ മൊഴി. ഹോട്ടൽ ഉടമയെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തെങ്കിലും വൈകാതെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഡി.ജെ പാർട്ടി നടന്ന ഹോട്ടലിലും തർക്കം നടന്ന കുണ്ടന്നൂരിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയശേഷമാണ് സൈജുവിനെ കോടതിയിൽ ഹാജരാക്കിയത്.