‘കൂട്ടിരിക്കാം, കേട്ടിരിക്കാം’; ഇത് അഞ്ചിലിപ്പ മാതൃക
text_fieldsകാഞ്ഞിരപ്പള്ളി: കേരളത്തിന് മാതൃകയായി ഇതാ കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പയിലെ ‘സഹയാത്രികർ’ കൂട്ടായ്മ. മക്കൾ വിദേശത്തായതിനാൽ വീടുകളിൽ ഒറ്റപ്പെട്ടുപോയ ദമ്പതികൾ പരസ്പരം താങ്ങുംതണലുമായി ചേർന്നിരിക്കുന്ന കൂട്ടായ്മയാണിത്. ദിവസവും ഒരുനേരമെങ്കിലും വാട്സ്ആപ്പിലൂടെ പരസ്പരം സുഖവിവരങ്ങൾ അന്വേഷിക്കും. ആർക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മറ്റുള്ളവർ അത് നിറവേറ്റിക്കൊടുക്കും. വൈദ്യസഹായം ആവശ്യമുള്ളവർക്ക് അടിയന്തര സഹായം എത്തിച്ചുനൽകും. മാസത്തിൽ ഒരുദിവസം ഒരുവീട്ടിൽ ഒത്തുചേരൽ സംഘടിപ്പിക്കും. കളിയും ചിരിയും കഥപറച്ചിലും നിറയുന്ന ആഹ്ലാദദിനമായി അത് മാറും. ഇടക്കിടെ വിനോദയാത്ര പോകും. സിനിമ കാണാനും കാരുണ്യ പ്രവർത്തനങ്ങൾക്കും ഈ കൂട്ടായ്മ സമയം കണ്ടെത്തുന്നു.
കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ സെന്റ് പയസ് ഇടവകയിലെ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് ‘സഹയാത്രികർ’ കൂട്ടായ്മയിലെ അംഗങ്ങൾ. 20 കുടുംബങ്ങളിലെ 40 മാതാപിതാക്കളാണ് ഈ കൂട്ടായ്മയിലുള്ളത്. ‘കൂട്ടിരിക്കാം, കേട്ടിരിക്കാം, കൂട്ടമാവാം, നേട്ടമാക്കാം’എന്നതാണ് ഈ ഒരേ തൂവൽപക്ഷി കൂട്ടായ്മയുടെ ആദർശ വചനം. 60 മുതൽ 83 വയസ്സുവരെയുള്ളവരാണ് ഇപ്പോൾ ചേർന്നിരിക്കുന്നത്.
മെച്ചപ്പെട്ട ജോലിസാധ്യതകൾതേടി യുവജനത നാടുവിടുമ്പോൾ, ഒറ്റപ്പെട്ടുപോകുന്ന മാതാപിതാക്കളുടെ ജീവിതാവസ്ഥ പരിതാപകരമാണ്. മക്കൾക്കൊപ്പം അവരുടെ കുടുംബവും വിദേശത്തേക്ക് പറിച്ചുനടപ്പെടുമ്പോൾ, മാതാപിതാക്കൾ വലിയ വീടുകളിൽ ഏകാന്തരായി ജീവിക്കേണ്ടിവരുന്നു. ഇതിന് പരിഹാരമായിട്ടാണ് ഇടവക വികാരിയുടെ നേതൃത്വത്തിൽ കിഴക്കേത്തലക്കൽ ആനിയമ്മ മുൻകൈയെടുത്ത് ‘സഹയാത്രികർ’ കൂട്ടായ്മക്ക് തുടക്കമിട്ടത്. ഭാരവാഹികളോ നേതാക്കളോ ഇല്ല. എല്ലാവരും സമന്മാർ. എല്ലാവരും പരസ്പരം സഹായിക്കുന്ന സഹയാത്രികർ മാത്രം.
വിജയകരമായി ഒരു വർഷം പൂർത്തിയാക്കിയ കൂട്ടായ്മ ഇത്തവണ അഞ്ചിലിപ്പ മെഡോണ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾക്കൊപ്പമാണ് ക്രിസ്മസ് ആഘോഷിച്ചത്. ക്രിസ്മസ് ഗാനങ്ങൾ പാടിയും കേക്ക് മുറിച്ചും കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങൾ നൽകിയും ആഘോഷം ഗംഭീരമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

