'ആ കർമ്മയോഗി വിട വാങ്ങി'; അനുശോചിച്ച് സാഫി ഇൻസ്റ്റിറ്റ്യൂട്ട്
text_fieldsകോഴിക്കോട്: സാഫി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സ്ഥാപക നേതാവിന്‍റെ നിര്യാണത്തിൽ സാഫി കുടുംബാംഗങ്ങൾ ദുഖവും അനുശോചനവും രേഖപ്പെടുത്തി.സമുദായത്തിനകത്തു നിന്നും ഭാവി വാഗ്ദാനങ്ങളായ നേതാക്കളെ വാർത്തെടുക്കാനുള്ള അദ്ദേഹത്തിന്‍റെ ദീർഘ വീക്ഷണത്തിന്‍റെയും പരിശ്രമങ്ങളുടെയും ഫലമായാണ് സാഫി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഉദയം.പൊതുവിൽ മുസ്‌ലിം സമുദായത്തിന്റെയും വിശേഷിച്ച് സാഫി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും ഉന്നമനത്തിനായി വിലമതിക്കാനാവാത്ത സേവനങ്ങളായിരുന്നു പ്രൊഫസ്സർ കെ. എ സിദ്ധീഖ് ഹസ്സൻ സാഹിബ് നിർവഹിച്ചത് . ഈ അവസരത്തിൽ സാഫി മാനേജ്മെന്റ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുകയും പരേതന്‍റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ദൃഢനിശ്ചയം,ഇച്ഛാശക്തി, ശുഭാപ്തി വിശ്വാസം,ദീർഘവീക്ഷണം,തീരുമാനമെടുക്കാനുള്ള അസാമാന്യ കഴിവ്, ധീരത,കാരുണ്യം,നീതി ബോധം ഇതെല്ലാം ചേർന്ന നേതാവായിരുന്നു അദ്ദേഹം.രാജ്യത്ത് ഉടനീളമുള്ള പിന്നോക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ,സാമൂഹിക സാംസ്‌കാരിക, മുന്നേറ്റത്തിന് വേണ്ടി ഓടി നടന്ന് പണിയെടുത്ത അസാമാന്യ വ്യക്തിത്വമാണ് പ്രൊഫസർ കെ. എ.സിദ്ദീഖ് ഹസൻ .അദ്ദേഹത്തിന്‍റെ വിയോഗം സാഫിക്ക് മാത്രമല്ല നാടിന് തന്നെ തീരാ നഷ്ടമായിരിക്കുമെന്നും സാഫി ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു.