ആശുപത്രികളിലെ സുരക്ഷ; ഡയറക്ടറുടെ നിർദേശം നാലു വർഷമായിട്ടും നടപ്പായില്ല
text_fieldsഡോക്ടർക്ക് വെട്ടേറ്റ സംഭവത്തെ തുടർന്ന് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിൽ തടിച്ചുകൂടിയവർ
പാലക്കാട്: ആശുപത്രികളിൽ സി.സി.ടി.വി ഉൾപ്പെടെ സുരക്ഷാനടപടികൾ സജ്ജീകരിക്കണമെന്ന സംസ്ഥാന ആരോഗ്യ വകുപ്പ് നിർദേശം നാലുവർഷം കഴിഞ്ഞിട്ടും മിക്ക ആശുപത്രികളിലും നടപ്പായില്ല. താമരശ്ശേരിയിൽ ബുധനാഴ്ച ഡോക്ടർക്കുനേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആശുപത്രി സുരക്ഷ വീണ്ടും ചർച്ചയാകുന്നത്. ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കുമെതിരെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ 2021 ആഗസ്റ്റ് 12നായിരുന്നു ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവ്.
എല്ലാ ആശുപത്രികളിലും സി.സി.ടി.വി സ്ഥാപിക്കണം. സി.സി.ടി.വികളെ പൊലീസ് എയ്ഡ് പോസ്റ്റുമായി ബന്ധിപ്പിക്കണം. പാരാമെഡിക്കൽ ജീവനക്കാർക്ക് സുരക്ഷാപരിശീലനം നൽകണം. ഒ.പി. കാഷ്വാലിറ്റി വിഭാഗങ്ങളിൽ മുൻസൈനികരെ സുരക്ഷാജീവനക്കാരായി വെക്കണം. ആശുപത്രികളിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ഒരാളെ ചുമതലപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളായിരുന്നു ആരോഗ്യവകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ചത്.
താൽക്കാലിക ജീവനക്കാരെ ഉൾപ്പെടെ നിയമിക്കുന്നത് ഉൾപ്പെടെ ആശുപത്രി ചെലവിന്റെ പേരിലാണ് പല ആരോഗ്യകേന്ദ്രങ്ങളും നിർദേശങ്ങളും പാലിക്കപ്പെടാതിരുന്നതെന്നാണ് അറിയുന്നത്. ആദ്യഘട്ടമായി താലൂക്ക് ആശുപത്രി, ജനറൽ ഹോസ്പിറ്റൽ, കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി, മാനസികാരോഗ്യകേന്ദ്രങ്ങൾ, ഒ.പി വിഭാഗം, അത്യാഹിത വിഭാഗം മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിൽ സജ്ജീകരിക്കണമെന്നായിരുന്നു നിർദേശം.
സുരക്ഷാജീവനക്കാരെ നിയമിക്കാൻ ആശുപത്രി വികസന സമിതികൾ നടപടിയെടുക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, ഉത്തരവിറങ്ങുകയല്ലാതെ വളരെ കുറച്ച് ആരോഗ്യകേന്ദ്രങ്ങളിൽ മാത്രമാണ് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്ന് പൊതുജനാരോഗ്യപ്രവർത്തകനായ ഡോ. കെ.വി. ബാബുവിന് ഈ വർഷം ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് ലഭിച്ച വിവരാവകാശ മറുപടികൾ വെളിപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

