സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ്: പ്രവീൺ റാണയുടെ കൂട്ടാളി അറസ്റ്റില്‍
text_fieldsതൃശൂര്‍: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിൽ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ കൂട്ടാളി അറസ്റ്റില്‍. പാലക്കാട് ഒറ്റപ്പാലം സ്വദേശി ശിവകല വീട്ടില്‍ രഘുനാഥ് പി. മേനോനാണ് (41) അറസ്റ്റിലായത്. ഇരുവരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് തട്ടിപ്പുകള്‍ക്ക് അരങ്ങൊരുക്കിയതെന്നാണ് കേസ്.
ഇയാള്‍ മുംബൈ, ഗോവ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പ്രവീൺ റാണക്ക് തട്ടിപ്പിനായി വിവിധ കമ്പനികളുണ്ടാക്കുന്നതിനടക്കം സഹായിച്ചത് രഘുനാഥാണ്. അന്വേഷണ ഉദ്യോഗസ്ഥനായ തൃശൂര്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ ടി. മേപ്പിള്ളിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ്, സീനീയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാമചന്ദ്രന്‍ അഭിലാഷ്, അരവിന്ദ് എന്നിവരും ഉണ്ടായിരുന്നു.
സേഫ് ആൻഡ് സ്ട്രോങ് ബിസിനസ് കൾസൽട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, സേഫ് ആൻഡ് സ്ട്രോങ് നിധി ലിമിറ്റഡ് എന്നീ പണമിടപാട് സ്ഥാപനങ്ങൾ വഴി മുന്നൂറ് കോടിയോളം രൂപ നിക്ഷേപകരിൽനിന്ന് തട്ടിയെടുത്തുവെന്നാണ് പ്രവീൺ റാണക്കെതിരായ കേസ്. നിക്ഷേപം സ്വീകരിച്ച ശേഷം ഫ്രാഞ്ചൈസി എന്ന പേരിൽ ധാരണപത്രവും ഒപ്പിട്ട് നൽകിയിരുന്നു. നിക്ഷേപകരെ വിശ്വസിപ്പിക്കത്തക്ക രീതിയിൽ ഇവർ പല കമ്പനികളും രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും കമ്പനികളൊന്നും പ്രവർത്തിച്ചിരുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കേരളത്തിനകത്ത് മിക്ക ജില്ലകളിലും ഇവർക്ക് ബ്രാഞ്ചുകളുണ്ടായിരുന്നു.
തട്ടിയെടുത്ത പണം ഉപയോഗിച്ച് ഭൂമികളും മറ്റും സ്വന്തമാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രവീൺ കെ.പി എന്ന പ്രവീൺ റാണ ഒളിവിൽ കഴിയുന്നതിനിടെ കോയമ്പത്തൂരിൽനിന്ന് ജനുവരിയിലാണ് പിടിയിലായത്. അന്ന് മുതൽ റിമാൻഡിലാണ്. സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 100 കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നത്. പ്രവീൺ റാണയുടെ കൂട്ടാളികളും കമ്പനി ഡയറക്ടർമാരുമായ വെളുത്തൂർ പ്രജിത്ത് മോഹൻ, പവറട്ടി വെൻമേനാട് മനീഷ് എന്നിവരെ കഴിഞ്ഞ മേയിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

