സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ്: പ്രവീൺ റാണക്ക് ജാമ്യം ലഭിക്കാൻ പൊലീസ് വഴിയൊരുക്കിയെന്ന്
text_fieldsതൃശൂർ: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് പ്രതി പ്രവീണ്‍ റാണക്ക് ജാമ്യം നേടി പുറത്തിറങ്ങാന്‍ അന്വേഷണ സംഘം വഴിയൊരുക്കിയതായി ആക്ഷേപം. റാണ അറസ്റ്റിലായി പത്തുമാസം പിന്നിട്ടിട്ടും ഒരുകേസില്‍ പോലും കുറ്റപത്രം നല്‍കാതിരുന്നത് ബോധപൂർവമാണെന്നും അന്വേഷണ ഏജന്‍സികള്‍ റാണയെ സഹായിക്കുകയാണെന്ന് സംശയിക്കുന്നുവെന്നും നിക്ഷേപക കൂട്ടായ്മ പ്രസിഡൻറ് രാജൻ ജോസഫ് പറഞ്ഞു. പ്രവീണ്‍ റാണക്കെതിരെ 12 ജില്ലകളിലായി 260 കേസുകളാണുള്ളത്. മൊത്തം 300 കോടിയോളം രൂപ തട്ടിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വയനാട് രജിസ്റ്റർ ചെയ്ത കേസിൽ വ്യാഴാഴ്ച ജാമ്യം ലഭിച്ചതോടെയാണ് പത്തുമാസത്തിനുശേഷം വിയ്യൂര്‍ ജില്ല ജയിലില്‍നിന്ന് റാണ പുറത്തിറങ്ങിയത്.
ഈ വർഷം ജനുവരി 11നാണ് റാണ അറസ്റ്റിലാവുന്നത്. അതിന് ഒരുമാസം മുമ്പേ റാണക്കെതിരെ പൊലീസില്‍ പരാതിയെത്തിയിരുന്നു. പൊലീസും പിന്നീട് കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും ഒന്നില്‍ പോലും കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ഒരു കേസില്‍ ജാമ്യം നേടുമ്പോൾ അടുത്തത് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു രീതി. 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന സാധ്യത മുന്നിലുണ്ടായിട്ടും അന്വേഷണ സംഘം അലംഭാവം തുടർന്നു. ജാമ്യാപേക്ഷയുമായി സമീപിച്ച ഹൈകോടതിയില്‍ റാണ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് പുതിയ കേസില്‍ ക്രിമിനൽ നടപടി ക്രമം സെക്ഷന്‍ 41 പ്രകാരം നോട്ടീസ് നല്കി ചോദ്യം ചെയ്താല്‍ മതിയെന്ന് കോടതി നിർദേശിച്ചിരുന്നു.
തങ്ങളുടെ മൊഴിയെടുക്കാൻ എട്ടുമാസം വരെ വൈകിയെന്ന ആക്ഷേപവും നിക്ഷേപകർ ഉയർത്തുണ്ട്. അന്വേഷണത്തിൽ പ്രവീൺ റാണ കർണാടകയിലടക്കം ഭൂമി വാങ്ങിയതായി കണ്ടെത്തിയിരുന്നു. എന്നാൽ, ആസ്തി മരവിപ്പിക്കാനുള്ള ഒരു നടപടികളും എങ്ങുമെത്തിയില്ല. സേഫ് ആൻഡ് സ്ട്രോങ് ബിസിനസ് കൾസൽട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, സേഫ് ആൻഡ് സ്ട്രോങ് നിധി ലിമിറ്റഡ് പണമിടപാട് സ്ഥാപനങ്ങൾ വഴിയും ബിസിനസ് ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമായിരുന്നു തട്ടിപ്പ് നടത്തിയത്. ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ 48 ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു നിക്ഷേപകര്‍ വീണത്. പൊലീസും ഉന്നത രാഷ്ട്രീയക്കാരുമായുള്ള ബന്ധങ്ങൾ ബിസിനസിനായും ചോദ്യം ചെയ്തവരെ ഭയപ്പെടുത്താനും ഉപയോഗിച്ചു.
സ്വാഭാവിക ജാമ്യം നേടി പ്രവീൺ റാണ പുറത്തിറങ്ങുമ്പോൾ കുറ്റപത്രം പോലുമില്ലാതെ കേസ് ഇഴയുമ്പോൾ പെരുവഴിയിലായ നിക്ഷേപകർ എന്ത് ചെയ്യണമെന്നറിയാത്ത നിലയിലാണ്. അടുത്തദിവസം കൂട്ടായ്മ യോഗം ചേർന്ന് ആലോചിക്കും. അതേസമയം, വ്യാഴാഴ്ച ജയിൽ മോചിതനായ പ്രവീൺ റാണ തൃശൂർ അരിമ്പൂർ വെളുത്തൂരിലെ വീട്ടിൽ എത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

