ഐക്യദാർഢ്യവുമായി സാദിഖലി ശിഹാബ് തങ്ങൾ ഫലസ്തീൻ എംബസിയിൽ
text_fieldsമുസ്‍ലിം ലീഗിന്റെ ഐക്യദാർഢ്യവുമായി ന്യൂഡൽഹി
ഫലസ്തീൻ എംബസിയിലെത്തിയ സാദിഖലി ശിഹാബ് തങ്ങളെ അംബാസഡർ അബ്ദുല്ല എം. അബു ഷാവേഷ് സ്വീകരിച്ചപ്പോൾ
ന്യൂഡൽഹി: ഫലസ്തീൻ വിമോചന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യവുമായി ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് ദേശീയ രാഷ്ട്രീയ കാര്യോപദേശക സമിതി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഫലസ്തീൻ എംബസിയിലെത്തി. അംബാസഡർ അബ്ദുല്ല എം. അബു ഷാവേഷുമായുള്ള കൂടിക്കാഴ്ചക്കുപുറമെ ഫലസ്തീൻ പ്രസിഡൻറ് ഡോ. മഹമൂദ് അബ്ബാസിന്റെ പ്രത്യേക പ്രതിനിധിയും സാദിഖലി തങ്ങളുമായി സംഭാഷണം നടത്തി.
ഫലസ്തീൻ വിമോചന നേതാവ് യാസർ അറാഫത്തും അന്തരിച്ച മുസ്‍ലിം ലീഗ് നേതാവ് ഇ.അഹമ്മദും തമ്മിൽ നിലനിന്നിരുന്ന ആത്മബന്ധം അയവിറക്കിയ അംബാസഡർ ഫലസ്തീൻ ജനത രൂക്ഷമായ യുദ്ധം നേരിട്ടുകൊണ്ടിരിക്കുമ്പോൾ മനുഷ്യ മനഃസാക്ഷിയെ അവരോട് ചേർത്തുനിർത്താനുള്ള മുസ്‍ലിം ലീഗിന്റെ പരിശ്രമങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് പറഞ്ഞു. താൻ അംബാസഡറുടെ ചുമതല ഏറ്റെടുത്ത് ഇന്ത്യയിൽ എത്തിയതിനുശേഷം ആദ്യമായി പങ്കെടുത്ത പൊതുപരിപാടി കൊച്ചിയിൽ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ അഡ്വ.ഹാരിസ് ബീരാൻ എം.പി, ഖുറം അനീസ് ഉമർ, സി.കെ. സുബൈർ, പി.കെ. ബഷീർ എം.എൽ.എ, മുസ്‌ലിം ലീഗ് ദേശീയ അസി.സെക്രട്ടറി ആസിഫ് അൻസാരി, ഡൽഹി കെ.എം.സി.സി ഭാരവാഹികളായ കെ.കെ. മുഹമ്മദ് ഹലീം, അഡ്വ. മർസൂഖ് ബാഫഖി, അഡ്വ.അബ്ദുല്ല നസീഹ്, അഡ്വ. അഫ്സൽ യൂസഫ്, മുത്തു കൊഴിച്ചെന, അതീബ് ഖാൻ എന്നിവരും സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

