സർക്കാറിന്റെ ലഹരിവിരുദ്ധ നീക്കത്തിന് പിന്തുണ, മദ്യനയത്തിൽ ആശങ്കയെന്ന് പാണക്കാട് സാദിഖലി തങ്ങൾ
text_fieldsകോഴിക്കോട്: കേരളത്തിൽ വർധിച്ചുവരുന്ന ലഹരിവിപത്തിനെതിരെ സർക്കാർ ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോഴും, മദ്യനയത്തിന്റെ കാര്യത്തിൽ സർക്കാർ നിലപാടിനെതിരെ മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സമസ്തയുടെ മുഖപത്രമായ ‘സുപ്രഭാതം', മുസ്‍ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയിലുമെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ലഹരിവിമുക്ത കേരളത്തിനായി സർക്കാർ നടത്തുന്ന നീക്കങ്ങളെ സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ, യു.ഡി.എഫ് സർക്കാർ വീര്യം കുറഞ്ഞ മദ്യമടക്കം വിൽക്കാൻ അനുമതി നൽകുന്ന ബജറ്റ് പ്രഖ്യാപനങ്ങളിലെ ആശങ്കകളും അദ്ദേഹം ലേഖനത്തിലൂടെ ഉയർത്തിക്കാട്ടുന്നു.
ലഹരിയെ നാടുകടത്താൻ ഒരുവശത്ത് ഓപ്പറേഷൻ തൂഫാൻ പോലുള്ള പദ്ധതികൾ നടപ്പാക്കുമ്പോൾ, മറുവശത്ത് മദ്യലഭ്യത കൂട്ടുന്ന നടപടികൾ സ്വീകരിക്കുന്നത് വൈരുദ്ധ്യമാണെന്ന സൂചനയാണ് ലേഖനത്തിലുള്ളത്. മദ്യനികുതി ഇളവുകൾ സംബന്ധിച്ച ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ലഹരിയുടെ വേരറുക്കാൻ സർക്കാർ നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പോലുള്ള പ്രവർത്തനങ്ങൾ കേരളീയ പൊതുസമൂഹം ഒറ്റക്കെട്ടായി പിന്തുണക്കണം.
‘ഞങ്ങൾ സുരക്ഷിതരാണ്’ എന്ന തെറ്റായ ധാരണ രക്ഷിതാക്കൾ തിരുത്തണം. കുട്ടികളുടെ ശീലങ്ങളും സൗഹൃദങ്ങളും നിരീക്ഷിക്കാൻ രക്ഷിതാക്കൾക്ക് ബാധ്യതയുണ്ട്. ആരാധനാലയങ്ങൾ, വായനശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ശക്തമായ ബോധവൽക്കരണം ആവശ്യമാണ്.
ലഹരിക്കെതിരെ പോരാടിയ ഹേം കുമാർ ദേവഗാവിനെയും, കേരളത്തിൽ ലഹരിവിരുദ്ധ യാത്ര നടത്തിയ അമ്മമാരെയും അദ്ദേഹം മാതൃകകളായി ഉയർത്തിക്കാട്ടി. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഫലപ്രദമാക്കാൻ, മദ്യലഭ്യത വർധിപ്പിക്കുന്ന ബജറ്റ് തീരുമാനങ്ങളിൽ പുനർചിന്തനം വേണമെന്നും ഇക്കാര്യത്തിലെ ആശങ്കകൾ സർക്കാർ കേൾക്കണമെന്നും തങ്ങൾ ആവശ്യപ്പെടുന്നു.
വാരിയർ ബാഡ്ജ് അണിഞ്ഞ് കുടുംബസമേതം ലഹരിവിരുദ്ധ യുദ്ധത്തിൽ അണിചേരാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സർക്കാർ ഒരു വശത്ത് ലഹരിക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ, മറുവശത്ത് മദ്യനയം വലിയ ചർച്ചാവിഷയമാകുന്ന സാഹചര്യത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഈ ലേഖനം ഏറെ രാഷ്ട്രീയ പ്രസക്തി കൈവരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

