വെള്ളക്കുളത്തെ ആദിവാസികളാണ് ഭൂമി കൈയേറിയതെന്ന് സദാനന്ദ് രംഗകരാജ്
text_fieldsകോഴിക്കോട്: പാലക്കാട് അട്ടപ്പാടിയിലെ വെള്ളകുളത്തെ ആദിവാസികളാണ് ഭൂമി കൈയേറിയതെന്ന് സദാനന്ദ് രംഗകരാജ്. വെള്ളകുളം ഊരിലെ രങ്കിയാണ് ഭൂമി കൈയേറ്റം നടത്തിയതെന്നും അദ്ദേഹം മാധ്യമം ഓൺലൈനോട് പറഞ്ഞു. മേട്ടുപ്പാളയത്തെ അന്തരിച്ച വെങ്കിട്ടരാമ ഗൗണ്ടറുടെ ചെറുമകനായ സദാനന്ദ് രംഗകരാജ്. ഷോളയൂരിലെ വെള്ളക്കുളം പ്രദേശത്ത് 1960-കൾ മുതൽ സ്ഥിരതാമസമാക്കിയിരുന്നു. വെങ്കിട്ടരാമ ഗൗണ്ടർ ഷോളയൂർ വില്ലേജിലെ 1816/2,1816/3,1817/2 എന്നീ സർവേ നമ്പരുകളിലെ ഭൂമിയുടെ ഉടമയാണ്.
മണ്ണാർക്കാട് സബ് രജിസ് ട്രാർ ഓഫിസിലെ 1494/1967 ലെ ദാന ആധാര പ്രകാരം അദ്ദേഹത്തിന്റെ സ്വത്തുക്കൾ മുത്തശ്ശി മുത്തമ്മാളിന് കൈമാറി. 1967 മുതൽ കുടുംബം ഈ ഭൂമി കൈവശം വെച്ച് അനുഭവിക്കുകയായിരുന്നു. വെള്ളക്കുളത്തെ ആദിവാസിയായ രങ്കി സർവേ നമ്പർ 1816/3 ലെ ഭൂമി കൈയേറി. വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അനധികൃതമായി ഭൂ നികുതി അടച്ചു. അതിന്റെ അടിസ്ഥാനത്തിൽ മൂത്തമ്മാൾ 2023 ഡിസംബർ ആറിന് ഒറ്റപ്പാലം ആർ.ഡി ഒക്ക് പരാതി നൽകി.
പരാതി പരിശോധിച്ച ആർ.ഡി.ഒ ഡിസംബർ 13ന് ഉത്തരവിട്ടു. അട്ടപ്പാടി ട്രൈബൽ താലൂക്കിൽ ഷോളയൂർ വില്ലേജിലെ സർവേ 1816/2,3, 1817/2 കളിലായി 10.15 ഏക്കർ സ്ഥലം മണ്ണാർക്കാട് സബ് രജിസ്ട്രാർ ഓഫീസിലെ 1494/67 നമ്പർ ആധാര പ്രകാരം കോയമ്പത്തൂർ മേട്ടുപ്പാളയത്തെ മൂത്തമ്മാളിന്റെ പേരിലുള്ളതാണെന്ന് ഉത്തരവിൽ വ്യക്തമാക്കി. ഇതിൽ ഉൾപ്പെട്ട സർവേ നമ്പർ 1816/3 ൽ പ്പെട്ട 2.494 ഹെക്ടർ സ്ഥലത്തിന് വെളളക്കുളം ഊരിലെ രങ്കിയുടെ പേരിൽ വില്ലേജ് ജീവനക്കാരുടെ ഒത്താശയോടുകൂടി ഭൂനികുതി അടച്ചു നൽകിയിട്ടുണ്ട്.
അതിനെ തുടർന്ന്, ഈ സ്ഥലം മേൽ പറഞ്ഞ രങ്കി കൈയേറിയെന്ന് മുത്തമ്മാൾക്കുവേണ്ടി മുക്ത്യാർ ഏജന്റ് സദാനന്ദ് രംഗകരാജ് ഈ കാര്യാലയത്തിൽ പരാതി സമർപ്പിച്ചിരുന്നുവെന്നും ഉത്തരവിൽ പറയുന്നു. ഷോളയൂർ വില്ലേജിലെ 1816/3 ൽ പ്പെട്ട സ്ഥലത്തിന് ഭൂനികുതി സ്വീകരിച്ചത് ജീവനക്കാരുടെ ഒത്താശയോടെ ആണെന്ന പരാതി സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. എന്നാൽ, തർക്കരഹിതമായ സർവേ 1816/2,1817/2 എന്നിവയിൽ ഉൾപ്പെട്ട സ്ഥലത്ത് പ്രവേശിക്കുന്നതിന് സ്ഥലം ഉടമക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്ന് അഗളി ഡി.എസ്.പിക്ക് ഒറ്റപ്പാലം സബ് കലക്ടർ നിർദേശം നൽകി.
അതേസമയം സദാനന്ദ് രംഗകരാജ് മണ്ണാർക്കാട് മുൻസിഫ് കോടതിയിലും കേസ് ഫയൽ ചെയ്ത് അനുകൂല ഉത്തരവ് നേടി. സബ് കലക്ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിൽനിന്നും സദാനന്ദ് രംഗകരാജിന് അനുകൂലമായി ഡിസംബർ 15ന് ഉത്തരവ് ലഭിച്ചു. ഒറ്റപ്പാലം ആർ.ഡി.ഒ 2023 ഡിസംബർ 14ന് അഗളി ഡി.വൈ.എസ്.പിക്ക് സദാനന്ദ രങ്കരാജിന്റെ ജീവനും സ്വത്തിനും പൊലീസ് സംരക്ഷണം നൽകണമെന്നാണ് ഉത്തരവിട്ടതെന്നും രങ്കരാജ് മാധ്യമം ഓൺലൈനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

