രാഹുലിന് വേണ്ടി പ്രസ്ഥാനത്തെ ബലികഴിക്കുന്നു, പ്രകോപിപ്പിച്ചാൽ അറിയുന്ന കാര്യങ്ങൾ മുഴുവൻ വിളിച്ചുപറയും - രാജ്മോഹൻ ഉണ്ണിത്താൻ
text_fieldsകൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന വ്യക്തിക്ക് വേണ്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തി കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഒരു വ്യക്തിക്ക് വേണ്ടി പ്രസ്ഥാനത്തെ ബലി കഴിക്കണോ എന്നുള്ളത് ആലോചിക്കേണ്ട വിഷയമാണ്. ഇത് പാര്‍ട്ടിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. നിലവില്‍ പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് ഒരു നിലയും വിലയും ഉണ്ട്. ഇത് നഷ്ടപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
'രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്നു. ഇനിയും എന്നെ പ്രകോപിപ്പിക്കാനാണ് ഭാവമെങ്കില്‍ പത്ര സമ്മേളനം നടത്തി ബാക്കി കാര്യങ്ങള്‍ കൂടി പറയും. എനിക്ക് ആരെയും ഭയപ്പെടേണ്ട കാര്യമില്ല. പെണ്‍കുട്ടിയെ പ്രകോപിപ്പിച്ച് പ്രകോപിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ അടുത്ത് എത്തിച്ചത്. അതുപോലെ കൂടുതല്‍ പ്രകോപനം ഇല്ലാതിരിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത് എന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ വ്യക്തിത്വമുളളവരെ സൈബര്‍ ആക്രമണത്തിലൂടെ കീഴ്‌പ്പെടുത്തി വായടപ്പിക്കാനാണ് ശ്രമമെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ പറയും. എനിക്കെതിരെ സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ പത്രസമ്മേളനം നടത്തി പറഞ്ഞിരിക്കും. എന്നെക്കൊണ്ട് പറയിപ്പിക്കരുത്. അനാവശ്യമായി പ്രകോപിപ്പിക്കരുത്. ഒരുപാട് കേസുകളുണ്ട്. ആ കേസുകളെക്കുറിച്ച് എല്ലാമറിയാവുന്ന ആളാണ് ഞാന്‍. സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ വാര്‍ത്താസമ്മേളനം നടത്തി ഞാന്‍ എല്ലാം പറയും': രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
എനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് മാര്‍ക്‌സിസ്റ്റുകാര്‍ അല്ല. ബി.ജെ.പിക്കാരുമല്ല. ഇത്രയും പാരമ്പര്യമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചിലരാണ്. സോളാര്‍ കേസ് വന്നപ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ ഉണ്ടായിരുന്നുള്ളൂ കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കാന്‍. പല കാര്യങ്ങളും പറയേണ്ടി വരും. ഇപ്പോള്‍ പാര്‍ട്ടിയുടെ പാരമ്പര്യത്തിനും പൈതൃകത്തിനും എതിരായാണ് സംഭവിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ വെള്ളപൂശി കൊണ്ട് വീക്ഷണം പത്രത്തില്‍ വന്ന എഡിറ്റോറിയല്‍ ജനം പരമപുച്ഛത്തോടെ തള്ളും'- രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
'ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കും. രമേശ് ചെന്നിത്തല പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ഇതൊരു കേസ് മാത്രമല്ല. ഒരുപാട് കേസുകള്‍ ഉണ്ട്. എല്ലാ കേസുകളെയും കുറച്ച് അറിയാവുന്ന ആള്‍ ആണ് ഞാന്‍. രാഹുലിനെതിരെ ഒരുപാട് പരാതികൾ ഉണ്ട്. ഇനിയും എനിക്കെതിരെ സൈബർ ആക്രമണം തുടർന്നാൽ ഞാൻ രാഹുലിന്റെ എല്ലാ രഹസ്യങ്ങളും പുറത്തുവിടും. എനിക്ക് ആരെയും പേടിക്കേണ്ട ആവശ്യമില്ല. ഞാന്‍ സൈബര്‍ ആക്രമണത്തെ ഭയക്കുന്ന ആളല്ല. ഞാന്‍ രാഷ്ട്രീയം ഉപജ്ജീവനമാക്കിയ ആളല്ല. അതുകൊണ്ട് എല്ലാ സ്ഥാനങ്ങളും ത്യജിക്കേണ്ടി വന്നാലും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കും. ഇനി പറയിപ്പിക്കാനാണ് ഭാവമെങ്കില്‍ പറഞ്ഞിരിക്കും. ഇതിന്റെ പിന്നില്‍ ആര് ആണെന്ന് എല്ലാവര്‍ക്കും അറിയാം.'- രാജ് മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
രാഹുൽ മാങ്കൂട്ടത്തിലിനെയും കെ.സുധാകരനെയും രൂക്ഷമായി വിമർശിച്ചതിനു പിന്നാലെ രാജ്മോഹൻ ഉണ്ണിത്താനെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെയാണ് രാജ്മോഹന്‍റെ പ്രതകരണം.
നേരത്തേ രാഹുൽ മാങ്കൂട്ടത്തിൽ വടി കൊടുത്ത് അടി വാങ്ങുകയായിരുന്നുവെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞിരുന്നു. ഇരയോട് അപമര്യാദയായി പെരുമാറുകയും മാധ്യമങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്യുകയായിരുന്നു രാഹുൽ എന്നാണ് അദ്ദേഹം പറഞ്ഞത്.
പാർട്ടി സ്വീകരിച്ച അച്ചടക്ക നടപടി സ്വീകരിച്ചുകൊണ്ട് അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകനായി തുടരുകയായിരുന്നു രാഹുൽ ചെയ്യേണ്ടിയിരുന്നത്. അതിനുപകരം പാർട്ടിയെ രാഹുൽ വെല്ലുവിളിച്ചു. കോൺഗ്രസിന്‍റെ പാർലമെന്‍ററി പാർട്ടി നേതാവിനെ വെല്ലുവിളിച്ചുകൊണ്ടാണ് രാഹുൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുത്തത്. കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരെക്കാൾ പിന്തുണ തനിക്കുണ്ടെന്ന് കാണിക്കാൻ രാഹുൽ ശ്രമിച്ചു. അദ്ദേഹത്തിന്‍റെ ഭാവി അദ്ദേഹം തന്നെ ഇല്ലാതാക്കി. പാർട്ടി സ്വീകരിച്ച നടപടി ശരിയെന്ന് തെളിയിച്ചു.
ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ മുഴുവൻ പ്രകോപിപ്പിക്കുന്ന രീതിയിലായിരുന്നു രാഹുലിന്‍റെ പെരുമാറ്റം. ഇരയേയും പ്രകോപിപ്പിച്ച് മുഖ്യമന്ത്രിയുടെ അടുത്ത് എത്തിച്ചത് മുഴുവൻ ഉത്തരവാദിത്തവും രാഹുലിന് മാത്രമാണ്.
പാർട്ടിയിൽ രാഹുലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുന്നവരെ മുഴുവൻ രാഹുലിന്‍റെ പി.ആർ ടീം ആക്രമിച്ചു. ഈ ആക്രമണം ഭയന്ന് പലരും മിണ്ടാതിരിക്കുകയായിരുന്നു. രാഹുലിനെ ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പിന്തുണച്ചവര്‍ മാറി ചിന്തിക്കണം. നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

