ബാലുശ്ശേരിയിൽ സച്ചിൻ ദേവ് വീണ്ടും മത്സരിച്ചേക്കും; കരുത്തരായ സ്ഥാനാർഥികളെ രംഗത്തിറക്കാൻ യു.ഡി.എഫ്
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ സച്ചിൻ ദേവ് എം.എൽ.എ ബാലുശ്ശേരിയിൽ രണ്ടാം അങ്കത്തിനിറങ്ങിയേക്കും. എസ്.സി മണ്ഡലമാണ് ബാലുശ്ശേരി. സിറ്റിങ് എം.എൽ.എയായ സച്ചിൻ ദേവിനെ തന്നെ രംഗത്തിറക്കി ബാലുശ്ശേരി മണ്ഡലം തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്.
ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് എൽ.ഡി.എഫ് നേരിട്ടത്. അതേസമയം, മണ്ഡലത്തിൽ സച്ചിൻ ദേവ് നടത്തിയ വികസന പ്രവർത്തനങ്ങൾ അനുകൂലമാകുമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബാലുശ്ശേരി മണ്ഡലത്തിൽ വൻ മുന്നേറ്റമാണ് യു.ഡി.എഫ് ഇക്കുറി നടത്തിയത്. മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽ ഇരുമുന്നണികളും ഭരണം പങ്കിട്ടിരിക്കുകയാണ്. ബാലുശ്ശേരി, കൂരാച്ചുണ്ട്, കോട്ടൂർ, നടുവണ്ണൂർ എന്നീ പഞ്ചായത്തുകൾ ഇക്കുറി യു.ഡി.എഫിനൊപ്പം നിന്നു. അതേസമയം, അത്തോളി, പനങ്ങാട്, കായണ്ണ പഞ്ചായത്തുകൾ എൽ.ഡി.എഫിനെ കൈവിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലത്തിന്റെ അടിസ്ഥാനത്തിൽ മണ്ഡലം തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. രമ്യ ഹരിദാസ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ്, ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.കെ. ശീതൾ രാജ്, എം.ടി. മധു, ഡോ. അജയ് കുമാർ, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സ്മിജി എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. അതിനിടെ ബാലുശ്ശേരി മുസ്‍ലിം ലീഗ് ഏറ്റെടുത്ത് പകരം കുന്ദമംഗലമോ പേരാമ്പ്രയോ കോൺഗ്രസിന് വിട്ടുനൽകാനും സാധ്യത നിലനിൽക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് എ.പി. സ്മിജിയുടെ പേര് ഉയർന്നുകേൾക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

