ശ്രീനിജിൻ ട്വന്റി-20 സ്ഥാനാർഥിയാകാൻ ശ്രമിച്ചെന്ന് സാബു എം.ജേക്കബ്
text_fieldsപ്രതീകാത്മക ചിത്രം
കിഴക്കമ്പലം (കൊച്ചി): കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് എൽ.ഡി.എഫ് സ്ഥാനാർഥിത്വം ലഭിക്കുമോയെന്ന സംശയം ഉയർന്നപ്പോൾ സീറ്റിനുവേണ്ടി പി.വി. ശ്രീനിജിൻ ട്വന്റി-20യെ സമീപിച്ചെന്ന വെളിപ്പെടുത്തലുമായി വ്യവസായി സാബു എം. ജേക്കബ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോലഞ്ചേരിയിൽ നടന്ന ട്വന്റി-20 പാർട്ടി കൺവെൻഷനിലാണ് സാബു ഇക്കാര്യം പറഞ്ഞത്. ‘‘ആ സമയത്ത് ശ്രീനിജിന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് ഞാൻ ഒഴിവാക്കുകയായിരുന്നു. പിന്നീട് എൽ.ഡി.എഫ് സ്ഥാനാർഥിത്വം ലഭിച്ചപ്പോൾ അനുഗ്രഹം വാങ്ങാനെത്തി.
അതിന്റെ നന്ദിയും തന്നോട് കാണിച്ചു. തന്റെ കമ്പനിയിൽ റെയ്ഡ് നടത്തിച്ചു. കുന്നത്തുനാട്ടിൽ ഒരുവികസനവും നടന്നിട്ടില്ല. 2000 കോടിയുടെ അഴിമതിയാണ് നടന്നത്’’ -സാബു ആരോപിച്ചു.ഇതിനുപിന്നാലെ സാബുവിന് മറുപടിയുമായി ശ്രീനിജിൻ എം.എൽ.എയും രംഗത്തെത്തി. ഇത്തരത്തിൽ തരംതാഴണമെങ്കിൽ സാബുവിന്റെ മാനസികാവസ്ഥ തകരാറിലായിരിക്കുമെന്ന് ശ്രീനിജിൻ പറഞ്ഞു.
തനിക്കെതിരെ വിലകുറഞ്ഞ രാഷ്ട്രീയ ആരോപണമാണ് സാബു ഉയർത്തുന്നത്. 2016ലാണ് താൻ എൽ.ഡി.എഫിലേക്ക് വന്നത്. 2018 മുതൽ സി.പി.എം പാർട്ടി അംഗമാണ്. പിന്നെ എങ്ങനെയാണ് ട്വന്റി-20 സ്ഥാനാർഥിയാകാൻ ശ്രമിക്കുന്നത്. തനിക്കെതിരായ ആരോപണങ്ങൾ ജനങ്ങളുടെ ഇടയിൽ ശ്രദ്ധനേടാനുള്ള തന്ത്രമാണ്.
ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം.എൽ.എ പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റിൽ കിഴക്കമ്പലം ബസ് സ്റ്റാൻഡുമായി ബന്ധപ്പെട്ട് സാബു എം. ജേക്കബും പി.വി. ശ്രീനിജിൻ എം.എൽ.എയും പരസ്പരം ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

