റിപ്പോർട്ടർ ടിവി ദുരൂഹതകളുടെ കേന്ദ്രം, അടച്ചുപൂട്ടി മാപ്പ് പറയണമെന്ന് സാബു എം. ജേക്കബ്; ‘അഗസ്റ്റിൻ സഹോദരങ്ങളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം’
text_fieldsസാബു എം. ജേക്കബ്
കൊച്ചി: റിപ്പോർട്ടർ ടിവിക്കെതിരെ രൂക്ഷവിമർശനവുമായി ട്വന്റി 20 ചീഫ് കോർഡിനേറ്ററും കിറ്റക്സ് എം ഡിയുമായ സാബു എം. ജേക്കബ് രംഗത്ത്. റിപ്പോർട്ടർ ടി.വി. പ്രവർത്തനങ്ങൾ സമ്പൂർണമായി നിയമവിരുദ്ധവും ദുരൂഹവുമാണെന്ന് സാബു എം. ജേക്കബ് കുറ്റപ്പെടുത്തി. ചാനൽ നടത്താൻ ആവശ്യമായ ദേശീയ സുരക്ഷാ ക്ലിയറൻസോ ബ്രോഡ്കാസ്റ്റിംഗ് ലൈസൻസോ ഇല്ലാതെയാണ് രണ്ട് വർഷമായി പ്രവർത്തിക്കുന്നത്.
ഒരു പാസ്‌പോർട്ട് എടുക്കാൻ പോലും പൊലീസ് ക്ലിയറൻസ് വേണ്ട സാഹചര്യത്തിൽ, യാതൊരുവിധ സുരക്ഷാ പരിശോധനകളുമില്ലാതെ ഒരു സാറ്റലൈറ്റ് ചാനൽ എങ്ങനെ പ്രവർത്തിച്ചുവെന്നത് ഗൗരവമുള്ള വിഷയമാണെന്ന് സാബു എം. ജേക്കബ് അഭിപ്രായപ്പെട്ടു.
ചാനൽ ഉടൻ തന്നെ അടച്ചു പൂട്ടി ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരംമുറിക്കേസിൽ ജയിലിൽ പോയ വ്യക്തി പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ മോചിതനായി, പിന്നീട് ചാനൽ ഉടമയായി മാറി. ഇവയെല്ലാം സംശയാസ്പദമാണെന്നും സാബു എം. ജേക്കബ് പറഞ്ഞു.
നികേഷ് കുമാർ, റാണി എന്നിവരുടെ പേരിലുള്ള ഇൻഡോ ഏഷ്യൻ ന്യൂസ് ചാനലിന്റെ സുരക്ഷാ ക്ലിയറൻസ് കേന്ദ്ര സർക്കാർ നേരത്തെ റദ്ദാക്കിയതാണ്. എന്നാൽ, നിലവിൽ ആന്റോ അഗസ്റ്റിൻ പറയുന്നത് അവർ റിപ്പോർട്ടർ ചാനൽ വാങ്ങിയെന്നാണ്. 2022 വരെ ലൈസൻസ് ലീസിനെടുത്ത് നടത്താമായിരുന്നു. എന്നാൽ 2023 ൽ ആ നിയമത്തിന് മാറ്റം വന്നു. എന്നിട്ടും ഇവർ എങ്ങനെ ചാനൽ നടത്തുന്നുവെന്ന് സാബു എം. ജേക്കബ് ചോദിച്ചു.
നിയമപരമായി ഒരു നിമിഷം പോലും പ്രവർത്തിക്കാൻ അനുവാദമില്ലാത്ത ഈ ചാനൽ, കോടികൾ മുടക്കി കെട്ടിപ്പൊക്കിയത് എങ്ങനെയെന്ന് സി.ബി.ഐയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കണമെന്നും സാബു എം. ജേക്കബ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അഗസ്റ്റിൻ സഹോദരങ്ങളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് ചൊവ്വാഴ്ചയാണ് കേന്ദ്ര സർക്കാർ ഹൈകോടതിയെ അറിയിച്ചത്. റിപ്പോർട്ടർ ചാനലിന്‍റെ ലൈസൻസ് ചോദ്യം ചെയ്തുള്ള സാബു എം. ജേക്കബിന്‍റെ ഹർജിയിലാണ് റിപ്പോർട്ടർ ചാനലിന്‍റെ ലൈസൻസ് ഉടമകൾക്കുള്ള സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈകോടതിയെ വാക്കാൽ അറിയിച്ചത്.
എം.വി. നികേഷ് കുമാർ, റാണി വർഗീസ് എന്നിവരാണ് ഇൻഡോ ഏഷ്യൻ കമ്പനിയുടെ ഡയറക്ടർമാർ. നിലവിലെ ഡയറക്ടർമാർ എന്ന് പറയുന്നവർക്ക് നിയമപരമായി ചാനൽ നടത്താൻ അവകാശമില്ലെന്നാണ് സാബു എം. ജേക്കബ് കോടതിയിൽ സമർപ്പിച്ച ഹരജിയില്‍ പറയുന്നത്. ലൈസൻസ് കൈമാറിയ കാര്യം ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചില്ലെന്നും കോടതിയിൽ വാദിച്ചു. ഹർജിയിൽ ലൈസൻസ് ഉടമ എം. വി. നികേഷിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ രണ്ടിനകം വിശദീകരണം നൽകാനാണ് കോടതിയുടെ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

