ട്വന്റി 20: വഴിത്തിരിവായത് സാബു ജേക്കബ് -അമിത്ഷാ കൂടിക്കാഴ്ച
text_fieldsതിരുവനന്തപുരം: യു.ഡി.എഫും എൽ.ഡി.എഫുമായി ഒരുപോലെ പോരടിച്ചുനിന്ന ട്വന്റി 20 എൻ.ഡി.എയുടെ ഭാഗമായതിൽ നിർണായകമായത് പാർട്ടി നേതാവ് സാബു ജേക്കബും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും തമ്മിൽ നടന്ന കൂടിക്കാഴ്ച. മുന്നണി പ്രവേശനത്തിനു പിന്നാലെയാണ് രഹസ്യ കൂടിക്കാഴ്ചയുടെ വിവരം പുറത്തുവന്നത്.
തിരുവനന്തപുരം കോർപറേഷൻ ഭരണം ബി.ജെ.പി നേടിയതിനുപിന്നാലെ പാർട്ടിയുടെ ജനപ്രതിനിധികളുടെ സംഗമത്തിനും ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിനും തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അമിത്ഷായുമായി സാബു ജേക്കബ് ചർച്ച നടത്തിയത്. ഇതിനുമുമ്പും ശേഷവും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായും സാബു ജേക്കബ് ചർച്ച നടത്തിയിരുന്നു. ഒടുവിലാണ് മുന്നണി പ്രവേശനത്തിൽ അന്തിമ തീരുമാനമുണ്ടായത്. നിയമസഭ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് സീറ്റുകളടക്കം ട്വന്റി 20ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലാണ് മുന്നണി പ്രവേശനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം.
കിഴക്കമ്പലം ആസ്ഥാനമായ ട്വന്റി 20യുടെ വരവ് എറണാകുളത്ത് നേട്ടമാകുമെന്നാണ് എൻ.ഡി.എ നേതൃത്വത്തിന്റെ വിലയിരുത്തൽ. തൃപ്പുണിത്തുറ നഗരസഭ ഭരണം എൽ.ഡി.എഫിൽ നിന്ന് ബി.ജെ.പി പിടിച്ചെടുത്തതിനുപിന്നാലെയാണ് ജില്ലയിലെ നാല് ഗ്രാമപഞ്ചായത്തുകൾ ഭരിക്കുന്ന ട്വന്റി 20 എൻ.ഡി.എയുടെ ഭാഗമാവുന്നത്.
കഴിഞ്ഞതവണ ഭരണമുണ്ടായിരുന്ന കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളുടെ ഭരണം ഇക്കുറി നഷ്ടമാവുകയും എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിൽ നിന്നുള്ള ആക്രമണം അതിജീവിച്ച് സ്വന്തം നിലക്ക് വളരാനാവില്ലെന്ന തിരിച്ചറിവുമാണ് പാർട്ടിയെ എൻ.ഡി.എ പാളയത്തിലെത്തിച്ചത്. എൻ.ഡി.എയാകട്ടെ, നിയമസഭ തെരഞ്ഞെടുപ്പ് മുൻനിർത്തി മറ്റുപാർട്ടികളിലെ നേതാക്കളെയും ചെറുപാർട്ടികളെയും ഗ്രൂപുകളെയും ഒപ്പംനിർത്താൻ വലവീശുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

