ശബരീനാഥന്റെ അറസ്റ്റ്: അടിയന്തരപ്രമേയത്തിന് അനുമതി ലഭിച്ചില്ല, പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
text_fieldsതിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ വധശ്രമ ഗൂഢാലോചന നടത്തിയെന്ന കേസിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുന്‍ എം.എല്‍.എയുമായ കെ.എസ്. ശബരീനാഥനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. സ്പീക്കറുടെ അസാന്നിധ്യത്തിൽ സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ സഭയിൽ പ്രതിഷേധം പ്രകടിപ്പിക്കാറുണ്ടെങ്കിലും ഇക്കുറി ഇറങ്ങിപ്പോക്കില്‍ ഒതുക്കി.
അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി ഷാഫി പറമ്പിലാണ് നോട്ടീസ് നല്‍കിയത്. ശൂന്യവേളയിൽ നോട്ടീസ് പരിഗണിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, കേസ് കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. വിഷയം ആദ്യ സബ്മിഷനായി അനുവദിക്കാമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം തയാറായില്ല. നോട്ടീസ് ഡെപ്യൂട്ടി സ്പീക്കര്‍ പരിഗണിച്ചപ്പോൾത്തന്നെ മന്ത്രി പി. രാജീവ് എതിര്‍പ്പ് വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭയില്‍ ചര്‍ച്ചചെയ്യാന്‍ പാടില്ലെന്ന് ചട്ടങ്ങൾ ചൂണ്ടിക്കാട്ടി രാജീവ് പറഞ്ഞു.
കോടതിയുടെ പരിഗണനയിലാണെങ്കിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന വിഷയമാണെങ്കില്‍ പരിഗണിക്കാമെന്നും അല്ലാത്തവ പറ്റില്ലെന്നുമാണ് 1988ല്‍ സ്പീക്കര്‍ നൽകിയ റൂളിങ്. പ്രതിപക്ഷം നൽകിയ നോട്ടിസില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതായി പറയുന്നില്ല. സഭയിൽ പ്രസ്താവനകള്‍ നടത്തുന്നത് വിശദമായി കേള്‍ക്കേണ്ട കേസിനെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കും. ഈ സാഹചര്യത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കരുതെന്ന് രാജീവ് ആവശ്യപ്പെട്ടു.
മന്ത്രിയുടെ വാദത്തെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ എതിര്‍ത്തു. നിയമസഭയില്‍ ചട്ടം പ്രധാനമാണെങ്കിലും കീഴ്‌വഴക്കങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. സോളാര്‍, ബാര്‍കോഴ കേസുകള്‍ വിചാരണ കോടതിയിലായിരുന്ന സമയത്ത് നിരവധി തവണ സഭയിൽ ചര്‍ച്ചചെയ്തിരുന്നു. സൗകര്യത്തിനുവേണ്ടി ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ഉന്നയിക്കാന്‍ പാടില്ല. അടിയന്തര പ്രമേയം ചര്‍ച്ചചെയ്യണമോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാറാണ്. എന്നാല്‍, വിഷയം ഉന്നയിക്കാനുള്ള അവകാശം പ്രതിപക്ഷത്തിന്‍റേതാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

