ആലപ്പുഴ ജില്ലയിൽ കെ-സ്റ്റോറിൽ അട്ടിമറി: സി.പി.ഐ നേതാക്കളുടെ ഇടപെടലെന്ന് പരാതി
text_fieldsആലപ്പുഴ: ജില്ലയിൽ റേഷൻകടകൾക്ക് അനുവദിച്ച കെ-സ്റ്റോറിലും അട്ടിമറി. സി.പി.ഐ നേതാക്കൾ ഇടപെട്ട് ബന്ധുക്കൾക്ക് പരിഗണന നൽകുന്നതാണ് പുതിയ പട്ടികയെന്ന് പരാതിയുണ്ട്. ഉൾപ്രദേശങ്ങളിൽ മാവേലി സ്റ്റോറുകൾ ഇല്ലാത്ത പ്രദേശങ്ങൾക്ക് മുൻഗണന നൽകി ആദ്യപട്ടികയിൽ മാറ്റം വരുത്തിയാണിത്.
ആലപ്പുഴ നഗരത്തിൽനിന്ന് ഒറ്റപ്പെട്ട നെഹ്റുട്രോഫിയിലെ റേഷൻകടയാണ് കെ-സ്റ്റോറിന്റെ ആദ്യപട്ടികയിൽ അമ്പലപ്പുഴ താലൂക്കിൽനിന്ന് ഇടംപിടിച്ചിരുന്നത്. എന്നാൽ, ഇപ്പോഴത്തെ പട്ടികയിൽ പൊള്ളേത്തൈയിലുള്ള റേഷൻകടയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സി.പി.ഐ ജില്ല നേതാവിന്റെ വീടിന് തൊട്ടടുത്താണിതെന്ന് ആക്ഷേപമുണ്ട്.
ചേർത്തല താലൂക്കിൽ അനുവദിച്ച രണ്ട് കെ-സ്റ്റോറും വിവാദമായിട്ടുണ്ട്. കെ-സ്റ്റോർ ലഭിച്ച അരൂരിലെ റേഷൻ വ്യാപാരി സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗവും അരൂർ ഗ്രാമപഞ്ചായത്ത് അംഗവുമാണ്. തൈക്കലിലെ റേഷൻ വ്യാപാരിയുടെ പിതാവ് സി.പി.ഐ ബ്രാഞ്ച് അംഗവും കിസാൻസഭ മണ്ഡലം കമ്മിറ്റി അംഗവുമാണ്.ജില്ലയിലെ ആറ് താലൂക്കിൽ അഞ്ചിടത്തും ഓരോ റേഷൻ കടകൾക്കാണ് കെ-സറ്റോർ അനുവദിച്ചത്. എന്നാൽ, ചേർത്തലയിൽ രണ്ട് റേഷൻ കടകൾ തെരഞ്ഞെടുത്തതിന് പിന്നിലും രാഷ്ട്രീയമാണെന്നാണ് ആരോപണം.
ആദ്യഘട്ടത്തിൽ ഏഴ് റേഷൻകട
ആദ്യഘട്ടത്തിൽ ജില്ലയിൽ ഏഴ് റേഷൻ കടയിൽ കെ-സ്റ്റോർ തുടങ്ങും. അമ്പലപ്പുഴ- സി.ജെ. ബെൻസി (പോള്ളേത്തൈ), കുട്ടനാട്- ഫിലിപ്പ് കുട്ടി ജോസ് (പുന്നക്കുന്നം), മാവേലിക്കര- ജി.എസ്. ചന്ദു (വരേണിക്കൽ), കാർത്തികപ്പള്ളി- ഡി. ശ്രീമോൻ (ചേരാവള്ളി), ചെങ്ങന്നൂർ-കെ.ഗിരീഷ് കുമാർ (മാന്നാർ), ചേർത്തല- ഇ.വി. തിലകൻ (അരൂർ), പി.എ. സുഹൈൽ (തൈക്കൽ).
10,000 രൂപ വരെ ഇടപാട് നടത്താവുന്ന മിനി ബാങ്കിങ്, വൈദ്യുതി-വാട്ടർ ബില്ലുകൾ അടക്കാവുന്നത് ഉൾപ്പെടെ അക്ഷയകേന്ദ്രങ്ങളിൽ ലഭിക്കുന്ന ചില സൗകര്യങ്ങൾ, ശബരി ഉൽപന്നങ്ങൾ, പാൽ ഒഴികെയുള്ള അഞ്ചിനം മിൽമ ഉൽപന്നങ്ങൾ, ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചെറിയ ഗ്യാസ് സിലിണ്ടർ എന്നിവയടക്കം അറുപതോളം ഇനം ഉൽപന്നങ്ങളുണ്ടാകും.
മാവേലി സ്റ്റോറുകൾ വഴി നൽകുന്ന സബ്സിഡി സാധനങ്ങളുടെ വിൽപന കെ-സ്റ്റോറിലുണ്ടാകില്ല. ജില്ലയിലെ ആദ്യ കെ-സ്റ്റോർ ബുധനാഴ്ച തുറക്കും. രാവിലെ 11.30ന് കായംകുളം ചേരാവള്ളി ക്ഷേത്രത്തിന് സമീപത്തെ റേഷൻകടയിൽ യു.പ്രതിഭ എം.എൽ.എ നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

