ദുരിതജീവിതത്തിന് അറുതി; സബീന നാടണഞ്ഞു
text_fieldsസബീന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ
കൊച്ചി: മണലാരണ്യത്തിെല ദുരിതജീവിതത്തിന് അറുതിവരുത്തി മനുഷ്യക്കടത്തിന് ഇരയായ വീട്ടമ്മ നാട്ടിൽ തിരിച്ചെത്തി. ഹൈകോടതി മുഖേന പ്രവാസി ലീഗൽ സെല്ലിെൻറ ഇടപെടലിലൂടെ മോചനത്തിന് വഴിയൊരുങ്ങിയ മട്ടാഞ്ചേരി സ്വദേശി സബീനയാണ് ഞായറാഴ്ച വൈകീട്ട് 6.30ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് കോവിഡ് പശ്ചാത്തലത്തിൽ 14 ദിവസത്തെ നിരീക്ഷണത്തിന് സർക്കാർ ക്വാറൻറീൻ കേന്ദ്രത്തിൽ പ്രവേശിച്ചു.
ദുൈബയിൽ ജോലി വാഗ്ദാനം ചെയ്ത് ഒമാനിലേക്ക് കടത്തിയ വീട്ടമ്മയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇവരുടെ മാതാവാണ് പ്രവാസി ലീഗൽ സെൽ മുഖേന കഴിഞ്ഞ ഡിസംബറിൽ ഹൈകോടതിയെ സമീപിച്ചത്.
രണ്ടുകുട്ടികളും 72 വയസ്സായ മാതാവും അടങ്ങുന്നതാണ് സബീനയുടെ കുടുംബം. 41കാരിയായ മകളെ വിദേശത്ത് ജോലിക്ക് കൊണ്ടുപോയി മർദിക്കുകയും പട്ടിണിക്കിടുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുെന്നന്നായിരുന്നു മാതാവിെൻറ പരാതി. 2018 ഡിസംബർ എട്ടിനാണ് 25,000 രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ ദുൈബയിലേക്ക് ഒരുസംഘം കൊണ്ടുപോയത്. ദുൈബയിൽനിന്ന് ഇവരെ കാർ മാർഗം ഒമാനിലെത്തിച്ച് ഒരുഅറബിക്ക് 2.75 ലക്ഷം രൂപക്ക് വിറ്റെന്നാണ് പിന്നീട് അറിഞ്ഞത്.
വിദേശത്ത് എത്തിച്ച ഏജൻസികളുമായി സംസാരിച്ചപ്പോൾ തിരിച്ച് നാട്ടിലെത്തിക്കാൻ അറബിക്ക് 2.75 ലക്ഷം നൽേകണ്ടിവരുമെന്ന മറുപടിയും കിട്ടി. നോർക്ക-റൂട്സ്, വിദേശകാര്യ മന്ത്രാലയം, ഒമാനിലെ ഇന്ത്യൻ എംബസി, പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രൻസ് ഓഫിസ് എന്നിവിടങ്ങളിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. ഇതിനുപിന്നാലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിെൻറ ഇടപെടലിലൂടെ സബീനയെ മോചിപ്പിക്കുകയായിരുന്നു.