തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ കേരളത്തിലെ നേതാക്കളുടെ അതൃപ്തിക്ക് പാത്രമായ ശശി തരൂർ എം.പിയെ അനുകൂലിച്ച് കോൺഗ്രസ് യുവനേതാവ് ശബരീനാഥൻ എം.എൽ.എ. ജനാധിപത്യത്തിന്‍റെ ബഹുസ്വരതക്കും കോൺഗ്രസ് പാർട്ടിയുടെ വിശാല കാഴ്ചപ്പാടിനും എന്നും ഒരു മുതൽക്കൂട്ടാണ് തരൂർ. അതിൽ ഒരു തിരുവനന്തപുരത്തുകാരനായ തനിക്ക് യാതൊരു സംശയവുമില്ലെന്നുമാണ് ശബരീനാഥ് ഫേസ്ബുക്കിൽ കുറിച്ചത്.
വിശ്വപൗരൻ ആയതുകൊണ്ടാണ് കോവിഡ് കാലത്ത് കേന്ദ്രസർക്കാർ എം.പി ഫണ്ടുകൾ നിർത്തലാക്കിയപ്പോൾ ബന്ധങ്ങൾ ഉപയോഗിച്ചുകൊണ്ട് തിരുവനന്തപുരത്തിന് മാതൃകയായ പല കോവിഡ് പ്രവർത്തനങ്ങളും നടത്തുവാൻ കഴിഞ്ഞിട്ടുള്ളതെന്നും ശബരീനാഥ് പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങൾ നടത്തുമ്പോൾ, അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കെ. മുരളീധരൻ വിശ്വപൗരൻ എന്ന് വിളിച്ച് ശശി തരൂരിനെ പരിഹസിച്ചിരുന്നു. കൊടിക്കുന്നേൽ സുരേഷ് ഇന്ന് തരൂരിനെ പരിഹസിച്ചത് വിളിച്ചത് ഗസ്റ്റ് ആർട്ടിസ്റ്റ് എന്നാണ്.