ശബരിമലയിലെ അഴിമതി:ഫയലുകൾ മുക്കിയ സംഭവം അന്വേഷിക്കും
text_fieldsപത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലേക്ക് പാത്രം വാങ്ങിയതുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചപ്പോൾ ഫയലുകൾ കാണാതായ സംഭവത്തെക്കുറിച്ചും അന്വേഷിക്കുന്നു. ദേവസ്വം ആസ്ഥാനത്തുനിന്നാണ് ഫയലുകൾ കാണാതായത്. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ദേവസ്വം വിജിലൻസ് എസ്.പിക്ക് ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ നിർദേശം നൽകി.
കഴിഞ്ഞ 10 വർഷത്തെ ഫയലുകളാണ് കാണാതായത്. 2013-2014 കാലത്ത് 1.87 കോടിയുടെ പാത്രങ്ങള്‍ വാങ്ങിയതു സംബന്ധിച്ചാണ് അന്വേഷണം. അന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിലാണ് അഴിമതി പരാമർശിക്കപ്പെട്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും നിർദേശിച്ചിരുന്നു.
എന്നാൽ, നടപടി ഒന്നും അന്ന് ഉണ്ടായില്ല. അന്നത്തെ എക്സിക്യൂട്ടിവ് ഓഫിസർ അടക്കമുള്ള ഉദ്യോഗസ്ഥരിൽനിന്ന് തുക തിരിച്ചുപിടിക്കാനും നിർദേശം ഉണ്ടായിരുന്നു. മുൻ മന്ത്രി വി.എസ്. ശിവകുമാറിെൻറ സഹോദരൻ വി.എസ്. ജയകുമാർ ശബരിമല എക്സിക്യൂട്ടിവ് ഓഫിസർ ആയിരിക്കെയാണ് പാത്രം വാങ്ങിയത്. പാത്രങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ് തിരുവാഭരണം കമീഷണര്‍ റിപ്പോര്‍ട് നല്‍കിയിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിനു വഴിതെളിഞ്ഞത്.
മണ്ഡല- മകരവിളക്ക് ആഘോഷങ്ങളോട് അനുബന്ധിച്ച് ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലേക്കാണ് പാത്രങ്ങളും സ്റ്റേഷനറികളും വാങ്ങിയത്. മുന്‍ വര്‍ഷങ്ങളില്‍ വാങ്ങിയത് ഗോഡൗണില്‍ കെട്ടിക്കിടക്കെയാണ് പിന്നെയും പാത്രങ്ങള്‍ വാങ്ങിക്കൂട്ടിയത്. ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിലുള്ള ക്വട്ടേഷെൻറ അടിസ്ഥാനത്തിലാണ് പാത്രം വാങ്ങിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ദേവസ്വം ബോർഡിലെ ഉന്നതെൻറ അറിവോടെയാണ് ഇതെന്നും പരാമര്‍ശമുണ്ട്. എന്നാല്‍, പാത്രങ്ങളുടെ എണ്ണം സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. സംഭവം വിവാദമായതോടെയാണ് അന്വേഷണത്തിനു തിരുവാഭരണം കമീഷണറെ നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
