Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുരക്ഷാ നിരീക്ഷണത്തിന് ...

സുരക്ഷാ നിരീക്ഷണത്തിന് ഡ്രോണ്‍ എത്തും

text_fields
bookmark_border
സുരക്ഷാ നിരീക്ഷണത്തിന് ഡ്രോണ്‍ എത്തും
cancel

ശബരിമല: വരും ദിനങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെ ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ആറിടങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തും. നടപ്പന്തലിലെ സ്ക്രീനില്‍ ഡ്രോണിലൂടെ ലഭിക്കുന്ന ദൃശ്യങ്ങള്‍ നിരീക്ഷിച്ച് അനന്തര നടപടികള്‍ സ്വീകരിക്കും. ഇതിനകം 35 സ്ഥലങ്ങളില്‍ സി.സി ടി.വി കാമറകള്‍ സ്ഥാപിച്ച് പമ്പ സ്പെഷല്‍ ഓഫിസറുടെ നേതൃത്വത്തില്‍ നിരീക്ഷണം നടത്തുന്നു. പമ്പ, മരക്കൂട്ടം, ശരംകുത്തി, യുടേണ്‍, നടപ്പന്തല്‍, പതിനെട്ടാംപടി, സോപാനം, മാളികപ്പുറം, പാണ്ടിത്തടം എന്നിവിടങ്ങളില്‍ സി.സി ടി.വി സ്ഥാപിച്ചിട്ടുണ്ട്.

പൊലീസ് അയ്യപ്പന്മാരുടെ രണ്ടാം ബാച്ചിന്‍െറ ഡ്യൂട്ടി തിങ്കളാഴ്ച ഉച്ചക്ക് 12ന് ആരംഭിച്ചു. 980 പേര്‍ അടങ്ങിയതാണ് സംഘം. ആദ്യ സംഘത്തെക്കാള്‍ 200 പേരെ അധികമായി നിയോഗിച്ചു. മൂന്നു ദിവസത്തിലൊരിക്കല്‍ ഒരു ഐ.ജിയുടെ നേതൃത്വത്തില്‍ സുരക്ഷാ നടപടികള്‍ വിലയിരുത്തുന്നു. എ.ഡി.ജി.പി നിതിന്‍ അഗര്‍വാളാണ് സുരക്ഷാ ചുമതലകളുടെ ചീഫ് കണ്‍ട്രോളര്‍.

ഇന്‍റലിജന്‍സ് വിഭാഗം, ഷാഡോ പൊലീസ്, തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ എന്നിവക്കു പുറമെ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ഉള്‍പ്പെടെ കേന്ദ്രസേനയും ജാഗരൂകരാണ്. എല്ലാ എന്‍ട്രി പോയന്‍റുകളിലും ബോംബ് ഡിറ്റക്ഷന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഒരു മിനിറ്റില്‍ 90 അയ്യപ്പന്മാരാണ് പതിനെട്ടാംപടി കയറിയത്തെുന്നതെന്നാണ് പൊലീസ് കണക്ക്.

97 വിഷപ്പാമ്പുകളെ പിടികൂടി

ഈ സീസണില്‍ ഇതുവരെ 97 വിഷപ്പാമ്പുകളെ വനംവകുപ്പ് പിടികൂടി. ഇതില്‍ 23 മൂര്‍ഖന്‍ പാമ്പുകള്‍, കരിമൂര്‍ഖന്‍, അണലി, കാട്ടുപാമ്പ്, ചുരുട്ട എന്നിവ ഉള്‍പ്പെടും. കണ്‍ട്രോള്‍ റൂം സ്റ്റാഫിന്‍െറ മേല്‍നോട്ടത്തില്‍ പാമ്പുപിടിത്തക്കാരനായ ഗോപിയാണ് പാമ്പുകളെ പിടികൂടുന്നത്.

വെള്ളനിവേദ്യവും ശര്‍ക്കരപ്പായസവും

അയ്യപ്പഭക്തര്‍ക്കായി വെള്ളനിവേദ്യവും ശര്‍ക്കരപ്പായസവും ലഭ്യമാക്കി തുടങ്ങി. 250 ഗ്രാമിന് 20 രൂപയാണ് വില. അപ്പം, അരവണ വിതരണ കൗണ്ടറിനടുത്താണ് വെള്ളനിവേദ്യ കൗണ്ടര്‍.

സ്പെഷല്‍ ഓഫിസര്‍ എസ്. രാജമോഹനന്‍, അസി. സ്പെഷല്‍ ഓഫിസര്‍ വി. വിക്രമന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ 72 പേരടങ്ങിയ സംഘമാണ് വെള്ളനിവേദ്യവും ശര്‍ക്കരപ്പായസവും നിര്‍മിക്കുന്നത്. പുലര്‍ച്ചെ 3.30 മുതല്‍ രാത്രി നട അടക്കുംവരെ നിവേദ്യം വാങ്ങാം.

വന്‍ ഭക്തജനത്തിരക്ക്

ഹര്‍ത്താല്‍ ദിനത്തിലും ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. തിങ്കളാഴ്ച രാവിലെ മുതല്‍ ശരംകുത്തിവരെ ക്യൂ നീണ്ടു. അയ്യപ്പഭക്തരുടെ വാഹനത്തെയും ശബരിമല സ്ഥിതിചെയ്യുന്ന റാന്നി താലൂക്കിനെയും ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിരുന്നു.

സംസ്ഥാനത്തിനകത്തുനിന്നുള്ള അയ്യപ്പഭക്തരാണ് അധികവും എത്തിയത്. തിരക്ക് കാരണം തിങ്കളാഴ്ച രാവിലെ പമ്പയില്‍ കയര്‍ കെട്ടി അയ്യപ്പഭക്തരെ തടഞ്ഞിരുന്നു.

സുരക്ഷാ ഭീഷണി കണക്കിലെടുത്ത് എല്ലാ അയ്യപ്പഭക്തരെയും മെറ്റല്‍ ഡിറ്റക്ടറിന്‍െറ സഹായത്താല്‍ പരിശോധിച്ചാണ് പമ്പയില്‍നിന്ന് കടത്തിവിടുന്നത്. പമ്പയിലും സന്നിധാനത്തും പൊലീസിന്‍െറ കനത്ത സുരക്ഷയാണ് ഒരുക്കിയത്. വെര്‍ച്വല്‍ ക്യൂ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണവും വര്‍ധിച്ചു.

പമ്പയില്‍ വാഹനങ്ങള്‍ നിറഞ്ഞതിനാല്‍ നിലക്കലിലേക്കാണ് ചെറുവാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ പാര്‍ക്കിങ് സൗകര്യം കൊടുക്കുന്നത്. തിരക്ക് വര്‍ധിച്ചതോടെ ഊടുവഴിയിലൂടെ അയ്യപ്പന്മാരുടെ നുഴഞ്ഞുകയറ്റവും വര്‍ധിച്ചു.

ശമ്പളം അക്കൗണ്ടുവഴി നല്‍കുന്നതില്‍ പ്രതിഷേധം

ശമ്പളം അക്കൗണ്ടുവഴി നല്‍കുന്നതില്‍ പ്രതിഷേധിച്ച് ശബരിമലയിലെ താല്‍ക്കാലിക ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്. മൂവായിരത്തോളം താല്‍ക്കാലിക ജീവനക്കാരാണ് തുച്ഛമായ ശമ്പളത്തില്‍ പമ്പയിലും സന്നിധാനത്തും ജോലി ചെയ്യുന്നത്. അക്കൗണ്ടില്ലാത്തവര്‍ക്ക് ദേവസ്വം ബോര്‍ഡിന്‍െറ ധനലക്ഷ്മി ബാങ്കില്‍നിന്ന് അക്കൗണ്ട് എടുത്ത് നല്‍കാനാണ് ബോര്‍ഡിന്‍െറ നീക്കം. ഇതിനെതിരെയാണ് ജീവനക്കാര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ മണ്ഡലകാലം അവസാനിക്കുമ്പോള്‍ പണമായി അതത് വിഭാഗത്തില്‍നിന്ന് നേരിട്ടാണ് ശമ്പളം നല്‍കിയത്. പണനിക്ഷേപത്തിലുള്ള നിയന്ത്രണം കാരണമാണ് അക്കൗണ്ടുവഴി പണം നല്‍കാന്‍ ഒരുങ്ങുന്നതെന്നാണ് ബോര്‍ഡിന്‍െറ വിശദീകരണം.

സന്നിധാനത്തെ തിരക്ക് കുറക്കാന്‍ പുതിയപാലം വരുന്നു

ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന അയ്യപ്പഭക്തരെ പമ്പയിലേക്ക് തിരിച്ചുവിടാനായി മാളികപ്പുറം പൊലീസ് ബാരക്കിനു സമീപത്തുനിന്ന് ചന്ദ്രാനന്ദന്‍ റോഡിലേക്ക് പുതിയ പാലം വരുന്നു. സൈനിക സഹായത്തില്‍ നേരത്തേ നിര്‍മിച്ച ശരണസേതുപാലം നിര്‍മാണ അപാകത കാരണം അയ്യപ്പഭക്തര്‍ ഉപേക്ഷിച്ചതോടെയാണ് പുതിയ പാലം നിര്‍മിക്കാന്‍ ശബരിമല ഹൈപവര്‍ കമ്മിറ്റി തീരുമാനിച്ചത്. 32 കോടി ചെലവഴിച്ചാണ് പുതിയപാലം നിര്‍മിക്കുക.

പാലത്തിന്‍െറ രൂപരേഖ തയാറാക്കി. വനംവകുപ്പിന്‍െറ അനുമതി ലഭിച്ചാല്‍ ഉടന്‍ പണി തുടങ്ങും. ശരണ സേതുപാലത്തിനു കയറ്റിറക്കം കൂടുതലാണ്. ഇരുവശങ്ങളില്‍ കാടുമൂടിയതിനാല്‍ വെളിച്ചക്കുറവ് കാരണവും ഈ പാതയിലൂടെ അയ്യപ്പഭക്തര്‍ പോകാതെ നടപ്പന്തല്‍വഴിയാണ് മടങ്ങിയിരുന്നത്. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത് കൂടുതല്‍ ബുദ്ധിമുട്ടിനിടയാക്കുന്നു.

 

Show Full Article
TAGS:mandalakalam 
News Summary - sabarimala
Next Story