Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയില്‍...

ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള  നിരോധനം നീക്കണമെന്ന് സര്‍ക്കാര്‍ 

text_fields
bookmark_border
ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള  നിരോധനം നീക്കണമെന്ന് സര്‍ക്കാര്‍ 
cancel

ന്യൂഡല്‍ഹി: ശബരിമലയില്‍ മുഴുവന്‍ സ്ത്രീകള്‍ക്കും പ്രായഭേദമന്യേ പ്രവേശനം നല്‍കണമെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് മുമ്പാകെ കേരള സര്‍ക്കാര്‍  ബോധിപ്പിച്ചു. ശബരിമല വിഷയത്തില്‍ 2007ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിയ ആദ്യ സത്യവാങ്മൂലത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുകയാണെന്നും അതിനുശേഷം യു.ഡി.എഫ് സര്‍ക്കാര്‍ പ്രവേശനത്തിനെതിരെ നല്‍കിയ രണ്ടാമത്തെ സത്യവാങ്മൂലം അംഗീകരിക്കുന്നില്ളെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ദേവസ്വം ബോര്‍ഡും വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള ഹിന്ദുത്വ സംഘടനകളും സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്തു.

 തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഹാജരായ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. ജയദീപ് ഗുപ്തയാണ് വി.എസ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സുപ്രീംകോടതിയെ അറിയിച്ചത്. ഇതുകേട്ട് ജസ്റ്റിസ് ദീപക് മിശ്ര നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് അഭിഭാഷകനോട് പറഞ്ഞു. ശബരിമലയില്‍ പോയി ആരാധന നടത്താന്‍ സ്ത്രീകള്‍ക്ക് ഒരു തരത്തിലുള്ള നിരോധനവും പാടില്ളെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അദ്ദേഹം വിശദീകരിച്ചു. അയ്യപ്പസ്വാമിയുടെ പിതാവ് എന്ന പേരില്‍ കക്ഷിചേരാനത്തെിയ പന്തളം രാജകുടുംബത്തിന്‍െറയും ‘പീപ്ള്‍ ഫോര്‍ ധര്‍മ’ എന്ന പേരില്‍ കക്ഷിചേരാനത്തെിയ രാഹുല്‍ ഈശ്വറിന്‍െറയും അഭിഭാഷകര്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ ചോദ്യംചെയ്തെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. സുപ്രീംകോടതിയിലെ പ്രമാദ കേസുകളിലെല്ലാം വന്ന് കക്ഷിചേരാറുള്ള അഡ്വ. മനോഹര്‍ ലാല്‍ ശര്‍മയുടെ ശബരിമലയില്‍ കക്ഷിചേരാനുള്ള ശ്രമവും സുപ്രീംകോടതി തടഞ്ഞു. താങ്കള്‍ എല്ലാ കേസിലും കക്ഷി ചേരുന്നതുപോലെയല്ല ഇതെന്ന് ശര്‍മയോട് ജസ്റ്റിസ് ദീപക് മിശ്ര പ്രതികരിക്കുകയും ചെയ്തു. വിശ്വഹിന്ദു പരിഷത്തിനുവേണ്ടി ഹാജരായ അഡ്വ. കൈലാസ്നാഥും സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്തു. 

ജീവശാസ്ത്രപരമായ സവിശേഷതയുള്ള ഒരു വിഭാഗത്തിന് അതിന്‍െറ പേരില്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഭരണഘടനാപരമായി നിലനില്‍ക്കുമോ എന്നാണ് ആത്യന്തികമായി തങ്ങള്‍ നോക്കുന്നതെന്ന് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. ഈ നിരോധനം നിയമപരമാണോ എന്നാണ് തങ്ങള്‍ക്കു മുന്നിലുള്ള ചോദ്യം. ശബരിമലയിലേത് ക്ഷേത്രമാണ്. ക്ഷേത്രവും മഠവും തമ്മില്‍ വ്യത്യാസമുണ്ട്. ഒന്ന് പൊതുസ്വത്തും രണ്ടാമത്തേത് സ്വകാര്യവും ആണ്. ഒരു സ്വകാര്യ വ്യക്തി ക്ഷേത്രം പണിത് അതില്‍ പൊതുജനങ്ങള്‍ക്ക് ആരാധനക്ക് അനുമതി നല്‍കുന്നതോടെ അതിന്‍െറ സ്വകാര്യ സ്വഭാവം മാറുമെന്നും പൊതുവായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടയില്‍ കോടതിയിലത്തെിയ ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ അഡ്വ. കെ.കെ. വേണുഗോപാല്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ എതിര്‍ക്കുകയും ശബരിമല കേസ് ഭരണഘടനാബെഞ്ചിന് വിടണമെന്ന വാദം ആവര്‍ത്തിക്കുകയും ചെയ്തു. ഇത്തരമൊരു ഘട്ടത്തില്‍ ഭരണഘടനാ ബെഞ്ചിന് വിടില്ളെന്നും അക്കാര്യം പിന്നീട് പരിഗണിക്കാമെന്നുമായിരുന്നു സുപ്രീംകോടതിയുടെ മറുപടി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സ്ത്രീകളെ നിരോധിക്കുന്നതിന് എതിരാണെന്നും ദേവസ്വം ബോര്‍ഡ് നിരോധനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും രേഖപ്പെടുത്തിയ സുപ്രീംകോടതി കേസ് വാദം കേള്‍ക്കാനായി ഫെബ്രുവരി 10ലേക്ക് മാറ്റി.

അയ്യപ്പസ്വാമിയുടെ വളര്‍ത്തച്ഛനെ കുടഞ്ഞ് സുപ്രീംകോടതി
ന്യൂഡല്‍ഹി: അയ്യപ്പസ്വാമിയുടെ പിതാവിന്‍െറ സ്ഥാനമാണ് തനിക്കെന്ന അവകാശവാദവുമായി ശബരിമല കേസില്‍ കക്ഷിചേരാനത്തെിയ പന്തളം രാജകുടുംബത്തിന്‍െറ പിന്തുടര്‍ച്ചാവകാശിയെ ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് കുടഞ്ഞു. പന്തളം രാജാവായ തന്‍െറ കക്ഷി അയ്യപ്പസ്വാമിയുടെ വളര്‍ത്തച്ഛനാണെന്നായിരുന്നു അദ്ദേഹത്തിനുവേണ്ടി ഹാജരായ  അഡ്വ. രാധാകൃഷ്ണന്‍െറ വാദം. താന്‍ ഭഗവാന്‍ കൃഷ്ണന്‍െറ മകനാണെന്നും ഹനുമാന്‍െറ ആളാണെന്നുമൊക്കെ പറഞ്ഞ് പലരും ഇറങ്ങുന്നുണ്ടെന്നായിരുന്നു ഇതിന് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രതികരണം. നിങ്ങള്‍ സ്വയം ദൈവത്തിന്‍െറ പിതാവാണെന്ന് അവകാശപ്പെടുകയാണോ എന്നും ജസ്റ്റിസ് മിശ്ര തിരിച്ചുചോദിച്ചു. താനങ്ങനെ അവകാശപ്പെടുന്നില്ളെന്ന് അഡ്വ. രാധാകൃഷ്ണന്‍ മറുപടി നല്‍കുകയും ചെയ്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shabharimala womens entry
News Summary - sabarimala womens entry
Next Story