ശബരിമല സ്ത്രീ പ്രവേശനം: നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് ആചാരപ്രകാരമുള്ള നടപടി സ്വീകരിക്കും -ദേവസ്വം ബോർഡ്
text_fieldsതിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് ആചാരപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും ഇക്കാര്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്.
സുപ്രീം കോടതിയിലുള്ള ഭരണഘടന ബെഞ്ചിന് വിട്ടിരിക്കുന്ന വിഷയമാണിതെന്നും ഇക്കാര്യത്തിൽ നിലനിൽക്കുന്ന അവ്യക്തകൾ നീക്കാനുള്ള നടപടി ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പസംഗമത്തിലൂടെ ശബരിമലയെ ആഗോള തലത്തിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ദേവസ്വം ബോർഡ് അധ്യക്ഷൻ കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമലയിൽ ഈ മാസം 20ന് നടത്താനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ ഫണ്ട് വിനിയോഗമടക്കം കാര്യങ്ങളിൽ ചർച്ചകൾ മാത്രമാണ് നടന്നിട്ടുള്ളതെന്ന് സർക്കാർ ഹൈകോടതിയിൽ അറിയിച്ചു. അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും വാക്കാൽ അറിയിച്ചു. ഇത് രാഷ്ട്രീയ പരിപാടിയാണെന്നും പൊതു ഖജനാവിൽനിന്ന് ഫണ്ട് അനുവദിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ഹൈന്ദവീയം ഫൗണ്ടേഷൻ സെക്രട്ടറി കളമശ്ശേരി സ്വദേശി എം. നന്ദകുമാർ സമർപ്പിച്ച ഹരജിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് പരിഗണിച്ചത്. ദേവസ്വം ബെഞ്ചിന്‍റെ പരിഗണനക്ക് വിട്ട ഹരജി സെപ്റ്റംബർ ഒമ്പതിന് പരിഗണിക്കും.
ശബരിമല തീർഥാടനത്തിന്റെയും ഹിന്ദുക്കളുടെയും പേരിൽ നടത്തുന്ന പരിപാടിയിൽ ദേവസ്വം ബോർഡിന്‍റെ പണം ചെലവിടുന്നത് തടയണമെന്നാണ് ഹരജിയിലെ ആവശ്യം. ഹിന്ദുമത തത്ത്വങ്ങളിൽപ്പെട്ട ‘തത്ത്വമസി’യുടെ പ്രചാരണത്തിനെന്ന പേരിൽ സർക്കാർ പണം ചെലവിടുന്നത് ഭരണഘടനാവിരുദ്ധമാണ്. മതപരമായ കാര്യങ്ങളിൽ ഇടപെടാൻ സർക്കാറിന് അധികാരമില്ലെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

