ശബരിമല യുവതി പ്രവേശന വിധി ഹിന്ദു വിശ്വാസത്തിന് എതിരെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച 2018ലെ അഞ്ചംഗ ബെഞ്ചിന്റെ വിധി ഹിന്ദുമതത്തിന്റെ വൈവിധ്യങ്ങളെയും ബഹുസ്വരതയെയും തകർക്കുന്നതാണെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. മതപരമായ ആചാരങ്ങൾ അനിവാര്യമാണോ എന്ന് തീരുമാനിക്കാൻ കോടതികൾക്ക് അധികാരമില്ല. അത്തരം കാര്യങ്ങൾ മതപണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ തേടേണ്ടതാണെന്നും കോടതികൾ അതിൽ ഇടപെടുന്നത് പരിമിതമായിരിക്കണമെന്നും കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
ശബരിമല സ്ത്രീപ്രവേശന വിധി പുനഃപരിശോധന ഹരജിയടക്കം വിവിധ മതസ്ഥലങ്ങളിലെ സ്ത്രീവിവേചനവും മതസ്വാതന്ത്ര്യത്തിന്റെ പരിധിയും പരിശോധിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെയാണ് ആദ്യ ദിവസം കേന്ദ്ര സർക്കാർ തങ്ങളുടെ വാദങ്ങൾ ഉന്നയിച്ചത്.
പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളെ മാത്രം ആരാധനാലയങ്ങളിൽനിന്ന് മാറ്റിനിർത്തുന്നത് വിവേചനമായി കാണാനാവില്ലെന്നും അത് ആ മതവിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
ശാസ്ത്രം യുക്തിയിൽ അധിഷ്ഠിതമാണെങ്കിൽ മതം വിശ്വാസത്തിലാണ് നിലകൊള്ളുന്നത്. അതിനാൽ വിശ്വാസപരമായ കാര്യങ്ങളെ തുല്യതയുടെ മാനദണ്ഡം വെച്ച് മാത്രം അളക്കാനാവില്ല. ശബരിമലയിലെ പ്രതിഷ്ഠ ‘നൈഷ്ഠിക ബ്രഹ്മചാരി’ ആയതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് സ്ത്രീകളുടെ അന്തസ്സിനെയോ വ്യക്തിസ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന ഒന്നല്ല. ഇന്ത്യയിലെ മറ്റ് അയ്യപ്പ ക്ഷേത്രങ്ങളിലെല്ലാം സ്ത്രീകൾക്ക് പ്രവേശനമുണ്ടെന്നും ശബരിമലയിലെ ആചാരം സവിശേഷമായ ഒന്നാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
സാമൂഹിക തിന്മകൾക്ക് മതത്തിന്റെ പരിവേഷം നൽകിയാൽ കോടതികൾക്ക് അതിൽ ഇടപെടാൻ അധികാരമുണ്ടെന്ന് വാദത്തിനിടെ ഒമ്പതംഗ ബെഞ്ചിലെ ഏക വനിത അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്ന നിരീക്ഷണം നടത്തി. ആർത്തവസമയത്ത് മൂന്ന് ദിവസം സ്ത്രീകൾക്ക് തൊട്ടുകൂടായ്മ ഇപ്പോഴും നിലനിൽക്കുന്നു എന്നത് കഠിനമേറിയ സത്യമെന്ന് ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു.
ബുധനാഴ്ചയും കേന്ദ്രത്തിന്റെ വാദം തുടരും. കേന്ദ്രം വാദം പൂർത്തിയാക്കിയാൽ സംസ്ഥാന സർക്കാറിന്റെയും ദേവസ്വം ബോർഡിന്റെയും വാദം നടക്കും. ഏപ്രിൽ 14,15,16 തിയതികളിൽ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം കേൾക്കും. ഏപ്രിൽ 21ന് മറുപടി പറയാൻ ഇരുകൂട്ടർക്കും അവസരം നൽകും. ഏപ്രിൽ 23ന് കോടതി നിയോഗിച്ച അമിക്കസ് ക്യുറി വാദങ്ങൾ സംഗ്രഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

