ശബരിമല യുവതീപ്രവേശനം: ദേവസ്വം ഫയലുകൾ അപ്രത്യക്ഷം!
text_fieldsതിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഫയലുകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് കാണാനില്ല. സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം പഴയഫയലുകള്‍ അന്വേഷിച്ചപ്പോഴാണ് ഇതുസംബന്ധച്ച എല്ലാ രേഖകളും ദുരൂഹസാഹചര്യത്തില്‍ ബോർഡ് ആസ്ഥാനത്തുനിന്ന് അപ്രത്യക്ഷമായത് അറിഞ്ഞത്.
ഈ കേസുകള്‍ സുപ്രീംകോടതിയിൽ ഉൾപ്പെടെ കൈകാര്യംചെയ്ത അഭിഭാഷകരില്‍നിന്ന് ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് തേടിയിരിക്കുകയാണ് ബോര്‍ഡെന്നാണ് വിവരം. യുവതീപ്രവേശനത്തിൽ മുമ്പ് സ്വീകരിച്ച നിലപാടിൽനിന്ന് പിന്നാക്കംപോയ ദേവസ്വം ബോർഡ് ക്ഷേത്രാചാരങ്ങളും ഭക്തരുടെ വിശ്വാസവും സംരക്ഷിക്കുമെന്ന നിലപാടിലെത്തിനിൽക്കെയാണ് ഈ കേസ് സംബന്ധച്ച രേഖകൾ കാണായതെന്നതും ശ്രദ്ധേയം.
യുവതീപ്രവേശനത്തില്‍ മാർച്ച് 14നുമുമ്പ് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കേണ്ട ഘട്ടം വന്നപ്പോഴാണ് പഴയ വ്യവഹാര രേഖകള്‍ അന്വേഷിച്ചത്. ഫയല്‍ പോയിട്ട് കേസ് രേഖകളുടെ പകര്പ്പുപോലുമില്ലെന്ന കണ്ടെത്തൽ ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിനെയും അംഗങ്ങളെയും അമ്പരപ്പിച്ചു. രേഖകള്‍ക്ക് എന്തുസംഭവിച്ചെന്ന് ഉദ്യോഗസ്ഥര്‍ക്കും അറിയില്ലെന്നാണ് വിവരം.
2007ല്‍ വി.എസ്. അച്യുതാനന്ദന് സര്‍ക്കാറാണ് ശബരിമലയിൽ യുവതീപ്രവേശനമാകാമെന്ന് സുപ്രീകോടതിയില്‍ നിലപാടെടുത്തത്. 2016ൽ ഉമ്മൻ ചാണ്ടി സര്‍ക്കാറും, പ്രയാര്‍ ഗോപാലകൃഷ്ണന് പ്രസിഡന്റായിരുന്ന ദേവസ്വം ബോര്‍ഡും യുവതീപ്രവേശനം അനുവദിക്കാനാകില്ലെന്ന് സത്യവാങ്മൂലം നല്കി. 2016 നവംബറില്‍ യുവതീപ്രവേശനം അനുകൂലിച്ചുള്ള സത്യവാങ്മൂലമാണ് സുപ്രീംകോടതില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍, ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം നല്‍കിയിരുന്നില്ല. ഈ രേഖകളുടെ പകര്‍പ്പുപോലും ബോര്‍ഡ് ആസ്ഥാനത്ത് കാണാനില്ലെന്നതാണ് ദുരൂഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

