അയ്യപ്പൻെറ നൈഷ്ഠിക ബ്രഹ്മചര്യത്തെ മാനിക്കണം- രാഹുൽ ഈശ്വർ സുപ്രിംകോടതിയിൽ
text_fieldsന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശന കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ചിൽ വാദം തുടങ്ങി. രാഹുൽ ഈശ്വറിൻെറ അഭിഭാഷകൻ വി.കെ ബിജുവിൻറെ വാദമാണ് കോടതി ആദ്യം കേൾക്കുന്നത്. അയ്യപ്പന് നിയമപരമായി അധികാരങ്ങൾ ഉണ്ടെന്ന് രാഹുൽ ഈശ്വറിൻറെ അഭിഭാഷകൻ വാദിച്ചു.
പത്മനാഭസ്വാമി ക്ഷേത്രത്തിലും തിരുപ്പതിയിലും വിഷ്ണു പ്രതിഷ്ഠകൾ ആണ്. എന്നാൽ രണ്ടിടത്തും വ്യത്യസ്തമായ ആചാരങ്ങളും വ്യവസ്ഥകളുമാണുള്ളത്. ആർത്തവമല്ല ശബരിമലയിലെ സത്രീ പ്രവേശന നിയന്ത്രണത്തിന്റെ അടിസ്ഥാനം. അയ്യപ്പൻെറ നൈഷ്ഠിക ബ്രഹ്മചര്യത്തെ മാനിക്കണം. ഇക്കാരണം കൊണ്ട് തന്നെ അവിടെ സ്ത്രീകൾക്ക് പ്രവേശിക്കാനാകില്ലെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
വാവർ സ്വാമികളെ വണങ്ങിയാണ് അയ്യപ്പ ദർശനം നടത്തേണ്ടത്. വാവരാകട്ടെ മുസ്ലിമും. അത്രമാത്രം പ്രസക്തമാണ് ശബരിമലയിലെ ആചാരങ്ങൾ. ശബരിമല താന്ത്രിക ക്ഷേത്രമാണ്. വേദ ക്ഷേത്രമല്ല. അതുകൊണ്ട് തന്നെ ആചാരങ്ങൾ വ്യത്യസ്തമാണ്. നിയമത്തിന്റെ നാലു ചുവരുകൾക്കപ്പുറത്ത് നിന്ന് കോടതി ഇക്കാര്യങ്ങൾ മനസിലാക്കണം. മതപരമായ ആചാരങ്ങളാണ് ഇവിടെ വിഷയം. അങ്ങനെ ഇതിനെ കണ്ടില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും രാഹുൽ പറഞ്ഞു.
ശബരിമല വിഷയത്തിൽ സർക്കാരിന്റെ രണ്ടു സത്യവാങ്മൂലങ്ങളും പരിഗണിക്കേണ്ടതില്ലെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. റിട്ട് ഹരജി മാധ്യമ വാർത്തകൾ അടിസ്ഥാനമാക്കിയിട്ടുള്ളതാണെന്നും ഹരജിക്കാർക്ക് ആചാരങ്ങളെ കുറിച്ച് ബോധ്യമില്ലെന്നും രാഹുൽ ആരോപിച്ചു. സർക്കാർ ആദ്യ സത്യവാങ്മൂലത്തിൽ പറഞ്ഞത് അവർക്ക് ഒന്നും അറിയില്ലെന്നും കോടതിക്ക് കമീഷനെ നിയമിക്കാമെന്നുമാണ്. ഒന്നും അറിയാത്ത സർക്കാരിന് ഇപ്പോൾ എല്ലാം അറിയാമെന്ന് എങ്ങനെ പറയാൻ കഴിയും. വസ്തുതകൾ സംബന്ധിച്ചു തന്നെ കൃത്യമായ കണ്ടെത്തലുകൾ ഈ വിഷയത്തിൽ വേണം. അല്ലാതെ കോടതി ഇടപെടരുതെന്നും രാഹുൽ ഈശ്വറിൻറെ അഭിഭാഷകൻ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
