Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനി വിശ്വാസത്തിൽ...

ഇനി വിശ്വാസത്തിൽ തൊട്ട് കളിവേണ്ടെന്ന പുനർവിചിന്തനം

text_fields
bookmark_border
ഇനി വിശ്വാസത്തിൽ തൊട്ട് കളിവേണ്ടെന്ന പുനർവിചിന്തനം
cancel
camera_altsabarimala

തിരുവനന്തപുരം: വിശ്വാസത്തിന്‍റെ മാമലയിൽ ധീരമായി കോടതി വിധി നടപ്പാക്കാൻ നവോഥാനസമിതിയും വനിതാമതിലുമൊക്കെ തീർത്ത് ഇറങ്ങിത്തിരിച്ചവർ ആറുവർഷങ്ങൾക്കിപ്പുറം ‘വിശ്വാസം സിന്ദാബാദ്’ എന്നതിലേക്ക് നിലപാട് മാറ്റുമ്പോൾ സി.പി.എമ്മും ഇടതുമുന്നണിയും അവകാശപ്പെടുന്ന ലിംഗസമത്വം, നവോഥാനം, പുരോഗമന ആശയങ്ങൾ എന്നിവയെല്ലാം ചോദ്യം ചെയ്യപ്പെടുകയാണ്. ഈ നിലപാട് മാറ്റത്തെക്കുറിച്ച് അണികളോട് വിശദീകരിക്കാൻ വിപ്ലവപാർട്ടിക്ക് നന്നായി വിയർക്കേണ്ടിവരും.

രണ്ടുവോട്ടിന് വേണ്ടി നിലപാട് മാറ്റുന്നവരല്ല തങ്ങളെന്നാണ് യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധി നടപ്പാക്കുന്ന സമയത്ത് കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ സി.പി.എം നേതാക്കൾ അവകാശപ്പെട്ടത്. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുമ്പോഴായിരുന്നു ഈ പ്രതികരണം. അതിന്‍റെ ഫലം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്തു. യുവതീപ്രവേശന സമരത്തിന്‍റെ നേട്ടം വോട്ടായി ലഭിക്കുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പിക്ക് തിരിച്ചടിയായി സമരത്തിന്‍റെ ഫലവും സർക്കാറിനെതിരായ പ്രതിഷേധവും യു.ഡി.എഫിനാണ് ഗുണം ചെയ്തത്. 19 സീറ്റുകളിലാണ് അന്ന് യു.ഡി.എഫ് ജയിച്ചുകയറിയത്.

അയ്യപ്പസംഗമവും ശബരിമല സ്വർണക്കൊള്ള വിവാദവും കത്തിനിന്ന സമയത്ത് നടന്ന കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പും എൽ.ഡി.എഫിന് ദോഷം ചെയ്തു. ഈ സാഹചര്യത്തിലാണ് തുടർച്ചയായ മൂന്നാം സർക്കാർ എന്ന ലക്ഷ്യവുമായി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്ന എൽ.ഡി.എഫിന് ഇനി വിശ്വാസത്തിൽ തൊട്ടൊരു കളിവേണ്ടെന്ന പുനർവിചിന്തനം വന്നത്.

നിയമസഭ തെരഞ്ഞെടുപ്പിൽ പ്രബല ഹിന്ദുസംഘടനകളായ എൻ.എസ്.എസിന്റെയും എസ്.എൻ.ഡി.പിയുടെയും ‘സഹായം’ എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നുണ്ട്. ശബരിമലയിൽ ആചാര സംരക്ഷണത്തിനായാണ് അയ്യപ്പസംഗമം നടത്തിയതെന്നും യുവതീപ്രവേശനത്തിൽ സർക്കാർ നിലപാട് മാറ്റിയെന്നുമാണ് എൻ.എസ്.എസ്, എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെ കുറച്ചുനാളുകളായി പ്രതികരിച്ചുവരുന്നത്. യുവതീപ്രവേശന വിഷയത്തിൽ നാമജപ ഘോഷയാത്ര ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ സംഘടനയാണ് എൻ.എസ്.എസ്. വിധി പുനഃപരിശോധിക്കാൻ എൻ.എസ്.എസ്, ദേശീയ അയ്യപ്പഭക്തജന വനിതാ കൂട്ടായ്മ എന്നിവ സുപ്രീംകോടതിയിൽ റിവ്യൂ ഹരജി ഫയൽ ചെയ്തിരുന്നു. അവരെ പ്രീണിപ്പിക്കുകയെന്ന ലക്ഷ്യവും സർക്കാർ നിലപാട് മാറ്റത്തിന് തീരുമാനത്തിന് പിന്നിലുണ്ടെന്ന് വ്യക്തം.

യുവതീപ്രവേശന വിധിക്ക് പിന്നാലെയാണ് ശബരിമലയിലും സംസ്ഥാനത്തും അശാന്തി പടർന്നത്. 2006ല്‍ തുടങ്ങിയ നിയമപോരാട്ടം 2018 സെപ്റ്റംബര്‍ 28ന് ഏതു പ്രായത്തിലുള്ള സ്ത്രീകൾ‍ക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിയിലെത്തി. ആർത്തവം കാരണമാക്കിയുള്ള വിലക്ക് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെ ലംഘനമാണെന്നും ശബരിമല അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാനാവില്ലെന്നും അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജമാർ വ്യക്തമാക്കി. ഈ വിധി നടപ്പാക്കാനുള്ള ഒന്നാം പിണറായി സർക്കാറിന്‍റെ ശ്രമത്തോടെ എല്ലാതരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും ശബരിമല വേദിയായി.

2020ന് ശേഷം യുവതീ പ്രവേശന കേസിൽ കാര്യമായ പുരോഗതിയുണ്ടായില്ല. കഴിഞ്ഞമാസം ശബരിമല യുവതീപ്രവേശനമുൾപ്പെടെ മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹരജികൾ പരിഗണിക്കുമ്പോഴായിരുന്നു ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാര്‍ അടക്കമുള്ളവർ മാർച്ച് 14നകം നിലപാട് അറിയിക്കാൻ സുപ്രീംകോടതി വ്യക്തമാക്കിയത്. വിശദവാദം ഏപ്രിൽ ഏഴിന് ആരംഭിക്കും. ഈ സാഹചര്യത്തിലാണ് മുൻനിലപാടുകളെല്ലാം മറന്ന് ആചാര സംരക്ഷണം വേണമെന്ന് കോടതിയെ അറിയിക്കാൻ സർക്കാർ തീരുമാനിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women's entryldf governmentGovernment of KeralaSabarimala
News Summary - Rethinking the need to play with faith
Next Story