Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ സംഘപരിവാർ ശ്രമം-​ മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാറിന്​ ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല സംഘർഷ ഭൂമിയാക്കാൻ സംഘപരിവാർ ശ്രമം നടന്നു. പൊലീസിൽ വർഗീയ ചേരി തിരുണ്ടാക്കാനും ശ്രമമുണ്ടായി. യുവതികൾക്കും മാധ്യമപ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണം നേരത്തെ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ്​. ശബരിമല സന്നിധാനത്തു നിന്നും ക്രിമിനലുകളെ പുറത്താക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

യുവതീ​പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാറിന്​ ഭരണഘടനാപരമായ ബാധ്യതയുണ്ട്​. അത്​ സർക്കാറി​​​​​െൻറ ഉത്തരവാദിത്വമാണ്​. കോടതി വിധി നടപ്പാക്കുമ്പോള്‍ തന്നെ വിശ്വാസികളുടെ വിശ്വാസത്തെ മാനിക്കും. ശബരിമല ഒരു ആരാധനാ കേന്ദ്രമാണ്. ആരാധനക്കാവശ്യമായ ശാന്തിയും സമാധാനവുമാണ് അവിടെ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ സംഘപരിവാർ ശ്രമിക്കുന്നതായാണ്​ കാണാൻ കഴിഞ്ഞത്​. ശബരിമല നട തുറക്കുന്നതിനു മുൻപുതന്നെ കലാപ ഭൂമിയാക്കാനുള്ള ശ്രമമാണു സംഘപരിവാർ നടത്തിയത്. അതിന് അവർ ഗൂഢപദ്ധതി തയാറാക്കി. ശബരിമലയുടെ കാര്യത്തിൽ സർക്കാരോ പൊലീസോ വിശ്വാസിയെ തടയുന്നതിനോ എതിർക്കുന്നതിനോ തയാറായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ സർക്കാരിനു താൽപര്യമില്ല. വിശ്വാസികള്‍ക്കെല്ലാം ശബരിമലയിൽ പോകാം. സമാധാനപരമായി അവിടേക്കു പോകുന്നതിനു സൗകര്യം ഒരുക്കുകയെന്നതു സർക്കാരി​​​​​​െൻറ ചുമതലയാണ്. പ്രതിഷേധത്തിന്റെ പേരിൽ പന്തൽ കെട്ടി ചിലർ‌ ശബരിമലയിൽ സമരം നടത്തിയത് എല്ലാവരും കണ്ടതാണ്. അതിനും സർക്കാർ എതിരു നിന്നില്ല. എന്നാൽ ആ സമരത്തിനു പുതിയ രീതികൾ വന്നു. ശബരിമലയിൽ പോകുന്ന ഭക്തരെ പരിശോധിക്കുന്ന നിലയുണ്ടായി. ഇതു കഴിഞ്ഞു മാത്രമേ മലയ്ക്കു പോകാൻ പറ്റൂവെന്ന അവസ്ഥയുണ്ടായി. ഭക്തർക്കെതിരെയും മലയിലെത്തിയ യുവതികൾക്കു നേരെയും അതിക്രമമുണ്ടായി.

മാധ്യമപ്രവർത്തകർക്കെതിരെയും വലിയ തോതിൽ അക്രമം നടന്നു. കേരളത്തിന്‍റെ ചരിത്രതില്‍ ഇതുവരെയില്ലാത്ത ഒരു പുതിയ രീതി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചു. തങ്ങള്‍ പറയുന്നതുപോലെ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ആക്രമിക്കുമെന്ന് പരസ്യമായി നിലപാടെടുത്തു. ഇതി​​​​​​െൻറ ദൃശ്യങ്ങൾ എല്ലാവരും കണ്ടു. മാധ്യമപ്രവർത്തകരെ ആക്രമിക്കുന്ന സംഘപ്രവർത്തകരുടെ മുഖം എല്ലാവരും കണ്ടതാണ്. രാജ്യത്തു നിലനിൽക്കുന്ന മര്യാദകളെ ലംഘിച്ചു നിയമം കൈയിലെടുക്കുന്ന അവസ്ഥയിലേക്കു സംഘപരിവാർ പ്രവർത്തകർ എത്തി. ഇതോടെ ഭക്തർക്കു സുരക്ഷയൊരുക്കൽ പൊലീസി​​​​​​െൻറ ഉത്തരവാദിത്തമായി. ശബരിമലയിലെത്തിയ യുവതികൾക്കെതിരെയും അവരുടെ വീടുകൾക്കു നേരെയും ഒരേ സമയം അക്രമം ഉണ്ടാകുകയാണ്. ഇതൊക്കെ കാണിക്കുന്നത്, യാദൃച്ഛികമായല്ല ഇതൊക്കെ സംഭവിച്ചതെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിൽ കാര്യപ്രാപ്തിയുള്ള, ദീർഘകാലത്തെ പരിചയമുള്ള പൊലീസ് ഓഫീസർമാരെപ്പോലും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. പൊലീസിൽ വർഗീയമായി ചേരിതിരിവുണ്ടാക്കാൻ പോലും ശ്രമമുണ്ടായി. പൊലീസിലെ ഉന്നതമായ അച്ചടക്കം ലംഘിച്ച് കലാപമുണ്ടാക്കാൻ ശ്രമം നടന്നെന്നും പിണറായി ആരോപിച്ചു.

ഓരോരുത്തർക്കും അവരുടെ വിശ്വാസങ്ങൾ കാത്തുസൂക്ഷിക്കാൻ അവകാശമുണ്ട്. അതിനെ ഹീനമായി ചിത്രീകരിക്കുന്നത്, വിശ്വാസികളെ അപമാനിക്ക​ുന്ന സംഘപരിവാർ രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. എല്ലാ ജാതിയിലും മതത്തിലുമുള്ളവർ അവരുടെ പ്രാർഥനയിലേർപ്പെടുമ്പോൾ, അവർക്ക് സംരക്ഷണമൊരുക്കാൻ പൊലീസ് തയാറാകുന്നത് ജാതിയും മതവും നോക്കിയല്ല. പൊലീസിനെ വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയണം. അത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്രമസമാധാനനില കൈകാര്യം ചെയ്യാൻ പലയിടങ്ങളും പൊലീസിന് എത്തേണ്ടി വരും. ജാതിയും മതവും നോക്കി പൊലീസിനെ നിയോഗിക്കുന്നത് സാധ്യമായ കാര്യമല്ല. നമ്മുടെ നാടിന് അങ്ങനെ ചെയ്യാനാകില്ല. നമ്മുടെ നാട് ഉജ്ജ്വലമായ മതനിരപേക്ഷപാരമ്പര്യം നേടിയവരുള്ള നാടാണ്. ഇത്തരം പ്രചാരണങ്ങളെ അതിശക്തമായി സമൂഹം തുറന്നുകാണിക്ക​ുകയും എതിർക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ക്ഷേത്രം ദേവസ്വം ബോർഡി​​​​​​െൻറ സ്വത്താണ്​. അതിൽ ആർക്കും അവകാശമില്ല. കവനൻറില്‍ പന്തളം രാജകുടുംബം കക്ഷിയായിരുന്നില്ല. തെറ്റായ അവകാശവാദങ്ങള്‍ ആരും ഉന്നയിക്കേണ്ടെന്നും ദേവസ്വം ബോർഡി​​​​​​െൻറ ചില്ലികാശുപോലും സർക്കാർ ഉപയോഗിക്കുന്നില്ലെന്നും പിണറായി വ്യക്തമാക്കി. സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ തന്ത്രിയും പരിമകര്‍മ്മികളും നടത്തിയ ശ്രമം അംഗീകരിക്കാനാകില്ല. വർഗീയ​ ധ്രുവീകരണത്തിലൂടെ രാഷ്​ട്രീയ ലക്ഷ്യം നേടാനാണ്​ സംഘപരിവാർ ശ്രമിക്കുന്നത്​. സംഘപരിവാറിനൊപ്പം നിന്ന്​ സ്വയം തകരാനാണ്​ കോൺഗ്രസ്​ ​ശ്രമം. സംസ്ഥാനത്തി​​​​​​െൻറ മതനി​രപേക്ഷത നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSabarimala NewsPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Sabarimala women entry - Pinarayi Vijayan - Kerala news
Next Story