ശബരിമലയിൽ സ്ത്രീ വിലക്ക് തുടരണമെന്ന് പന്തളം കൊട്ടാരം
text_fieldsന്യൂഡൽഹി: ശബരിമലയിൽ സ്ത്രീ വിലക്ക് തുടരണമെന്ന് പന്തളം കൊട്ടാരം സുപ്രീം കോടതി ഭരണഘടനാ െബഞ്ചിനു മുമ്പാകെ വാദിച്ചു. ആറാം ദിവസവും തുടരുന്ന വാദത്തിൽ 41 ദിവസത്തെ വ്രതത്തിന് ശേഷം വിശ്വാസികൾ ശബരിമലയിൽ എത്തണം എന്നത് അയ്യപ്പെൻറ നിഷ്കർഷയാണെന്നും സ്ത്രീകൾ ആർത്തവകാലത്തു ക്ഷേത്രങ്ങളിൽ പോകാറില്ലെന്നും പന്തളം കൊട്ടാരം അറിയിച്ചു. എന്നാൽ അത് സ്വന്തം ഇഷ്ടപ്രകാരം പോകാതിരിക്കുന്നതാണോ അതോ പോകരുതെന്ന് ചട്ടമുണ്ടോയെന്നു ജസ്റ്റിസ് നരിമാൻ ചോദിച്ചു. നിർബന്ധപൂർവമല്ലെങ്കിൽ പ്രശ്നമില്ലെന്നും കോടതി പറഞ്ഞു.
ആരാധന സ്വാതന്ത്ര്യത്തിന് ഭരണഘടനയുടെ 25ാം അനുച്ഛേദം നൽകുന്ന അവകാശം പൊതു ക്രമം, ആരോഗ്യം, ധാർമ്മികത എന്നിവക്ക് അനുസൃതമാണ്. ഇത്തരം നിയന്ത്രണങ്ങൾക്ക് വിധേയമാണ് ആരാധനാ സ്വാതന്ത്ര്യം. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ഹർജി പ്രശസ്തി ലക്ഷ്യമിട്ടുള്ളതാണ്. അതംഗീകരിക്കരുത്. തലമുറകളായി പിതാമഹന്മാരിൽ നിന്ന് കൈമാറിവരുന്നതാണ് ആചാരങ്ങൾ. അതിന് തെളിവിെൻറ ആവശ്യമില്ലെന്നും പന്തളം കൊട്ടാരം വാദിച്ചു.
തുടർന്ന് ശബരിമല തന്ത്രിയുടെ വാദങ്ങൾ ആരംഭിച്ചു. മുതിർന്ന അഭിഭാഷകൻ വി.ഗിരിയാണ് തന്ത്രിക്ക് വേണ്ടി ഹാജരായത്. ആചാരങ്ങൾ ആണ് പിന്തുടരേണ്ടതെന്ന് വി.ഗിരി വാദിച്ചു. തന്ത്രി ആണ് അയ്യപ്പന്റെ പിതാവ്-ഗുരു എന്ന് കേരള ഹൈ കോടതി വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്ര ആചാരങ്ങളിൽ തന്ത്രിയുടെ വാക്ക് അന്തിമമാണെന്നും വി.ഗിരി വാദിച്ചു. ശബരിമല പ്രതിഷ്ഠയുടെ ചുമതലക്കാരനായി തന്ത്രിയെ കേരള ഹൈക്കോടതി തന്നെ ചുമതലപ്പെടുത്തിയിരുന്നു. എല്ലാ ക്ഷേത്രങ്ങൾക്കും പ്രത്യേക ആചാരമാണുള്ളത്. ഓരോ മൂർത്തികൾക്കും പ്രത്യേക പൂജയും ആചാരവുമുണ്ട്. ഇത് കോടതി മാനിക്കണം. അയ്യപ്പ വിഗ്രഹത്തിന്റെ ജീവനും ശ്വാസവും ആചാരമാണ്. അത് അതേപടി പാലിക്കണമെന്നും ഗിരി വാദിച്ചു.
എന്നാൽ ശബരിമല കേസിൽ ഭരണഘടനാ വിഷയങ്ങൾ മാത്രമേ പരിഗണിക്കൂവെന്നും മറ്റു വാദങ്ങളിലേക്ക് കടക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
