'വിശ്വാസസംഗമം അയ്യപ്പസംഗമത്തെ മറികടന്നു'; രാഷ്ട്രീയ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്
text_fieldsമുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
തിരുവനന്തപുരം: അയ്യപ്പസംഗമത്തിലൂടെ സി.പി.എം നേടിയ രാഷ്ട്രീയ മേൽകൈ സ്വർണക്കൊള്ള വിഷയത്തിലെ മേഖല ജാഥകളും പന്തളത്തെ വിശ്വാസസംഗമവും വഴി മറികടക്കാൻ കഴിഞ്ഞെന്ന വിലയിരുത്തലിൽ കോൺഗ്രസും യു.ഡി.എഫും. യുവതീപ്രവേശനം മുതൽ സ്വർണക്കൊള്ള വരെയുള്ള വിവാദങ്ങളിൽ ഇടതുസർക്കാറിനെ പ്രതിരോധത്തിലാക്കുംവിധം ജനവികാരം ഉയർത്താനായി.
മേഖല ജാഥകൾ പുരോഗമിക്കുന്ന ഘട്ടത്തിലാണ് ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലായത്. അറസ്റ്റിന് കാരണമായ ഘടകങ്ങളിലൊന്ന് കോൺഗ്രസ് പ്രക്ഷോഭമുണ്ടാക്കിയ രാഷ്ട്രീയ സമ്മർദമാണെന്ന് നേതൃത്വം വിലയിരുത്തുന്നു. പതിവുവിട്ട്, കാര്യമായ സമരങ്ങൾക്കൊന്നും മുതിരാതെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി പിൻവാങ്ങിയ ബി.ജെ.പിയെ വീണ്ടും സമരം കടുപ്പിക്കാനും സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം പ്രഖ്യാപിക്കാനും നിർബന്ധിതമാക്കിയതും യു.ഡി.എഫ് പ്രക്ഷോഭങ്ങൾ മൂലമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
നേതാക്കളെത്തിയില്ലെങ്കിലും എസ്.എൻ.ഡി.പി, എൻ.എസ്.എസ് സംഘടനകളിൽനിന്ന് വലിയ പ്രാതിനിധ്യം മഹാസംഗമ സദസ്സിലുണ്ടായെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. കക്ഷിരാഷ്ട്രീയ ഭേദമന്യേ വലിയ ജനവിഭാഗം പന്തളത്തെത്തിയെന്നും പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ ജനപങ്കാളിത്തമുണ്ടായെന്നും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ‘മാധ്യമ’ത്തോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ സംഘടന സംവിധാനം സജീവമാക്കുന്നതിന് ജാഥകൾ ഉപകാരപ്പെട്ടെന്നാണ് വിലയിരുത്തൽ. വിഷയം ഉയർന്ന ഘട്ടത്തിൽതന്നെ ഏറ്റെടുക്കാനും തെരുവിലിറങ്ങാനും സാധിച്ചത് ഗുണം ചെയ്തു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിലും പാർട്ടിയിലുയർന്ന വ്യത്യസ്ത അഭിപ്രായങ്ങളിലും പ്രതിരോധത്തിലായതിനെ തുടർന്ന് സംഘടനയിലുണ്ടായ മന്ദത ജാഥകളിലൂടെ മറികടക്കാനായി.
പുനഃസംഘടന വിഷയത്തിൽ ഉയർന്ന അസംതൃപ്തികൾ ജാഥകളെ ബാധിച്ചില്ല. കെ. മുരളീധരന്റെ വിട്ടുനിൽക്കൽ ചെറിയ സമ്മർദമായെങ്കിലും സസ്പെൻസ് നിലനിർത്തിയുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് സമ്മേളനത്തെ കൂടുതൽ ശ്രദ്ധേയമാക്കിയെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

