ശബരിമല: കെ.പി. ശശികലക്കെതിരായ കേസ് റദ്ദാക്കി
text_fieldsകൊച്ചി: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി. ശശികലക്കെതിരെയടക്കം രജിസ്റ്റർ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇവർ ആഹ്വാനം ചെയ്ത ഹർത്താലിനിടെ ഉണ്ടായ അക്രമസംഭവങ്ങളിൽ ശശികലയെയും ശബരിമല കർമ സമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാറിനെയും പ്രതിയാക്കി കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ റദ്ദാക്കിയത്.
പൊലീസിന്റെ എഫ്.ഐ.ആറിൽ ഇവരെ പ്രതിയാക്കിയില്ലെന്നും പിന്നീട് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് പ്രതിചേർത്തതെന്നും ഹരജിക്കാരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇവരെ പ്രതിചേർത്ത് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ടും നൽകിയിരുന്നു.
എന്നാൽ, കണ്ണൂരിലെ സംഭവങ്ങളിൽ ഇവർക്ക് പങ്കില്ലെന്നും അന്തിമ റിപ്പോർട്ടിൽ ഇതിന് തെളിവുകൾ നൽകിയിട്ടില്ലെന്നും അഭിഭാഷകൻ വാദിച്ചു. ഇക്കാര്യം അംഗീകരിച്ച കോടതി കേസ് റദ്ദാക്കുകയായിരുന്നു.