കൊച്ചി: വടക്കൻ കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ തുടങ്ങാനുള്ള സാധ്യത ആരാഞ്ഞ് ഹൈകോടതി.
വടക്കൻ കേരളത്തിലെ ക്ഷേത്രങ്ങളോടു ചേർന്ന് ഇവ തുടങ്ങുന്നത് പരിശോധിക്കാൻ മലബാർ ദേവസ്വം അഭിഭാഷകനെ കക്ഷിചേർത്ത ദേവസ്വം ബെഞ്ച്, തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളുടെ കാര്യത്തിൽ സർക്കാറിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി.
അതേസമയം, പത്തു കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ് തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും നിലയ്ക്കൽ, കുമളി, എരുമേലി എന്നിവിടങ്ങളിൽ മാത്രമാണ് തുടങ്ങാനായതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. അതതു ദിവസം ശബരിമല ദർശനം നടത്താനുള്ള അനുമതി നിലയ്ക്കലിലെ കേന്ദ്രത്തിൽ ബുക്ക് ചെയ്യുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്താവുന്നതാണെന്ന് കോടതിയും നിർദേശിച്ചു.
ശബരിമല വെർച്വൽ ക്യൂ സംവിധാനം പൊലീസിൽനിന്ന് ഏറ്റെടുത്ത് ദേവസ്വം ബോർഡിന് കൈമാറണമെന്നാവശ്യപ്പെടുന്ന ഹരജികളാണ് ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ പരിഗണനയിലുള്ളത്.
അയൽസംസ്ഥാനങ്ങളിൽ കേന്ദ്രങ്ങൾ തുടങ്ങുന്നത് വലിയ ചെലവു വരുന്നതാണെന്നും നിലയ്ക്കലിലൊഴികെ മറ്റു രണ്ടു കേന്ദ്രങ്ങളിലും കാര്യമായ ബുക്കിങ്ങുകൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്നില്ലെന്നും ബോർഡ് അറിയിച്ചു.
നിലയ്ക്കലിൽ നാലു കൗണ്ടറും മറ്റു രണ്ടു കേന്ദ്രങ്ങളിൽ ഒാരോ കൗണ്ടറുമാണ് തുടങ്ങിയത്. ഏഴു കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ്ങിനുള്ള യൂസർനെയിമും പാസ്വേർഡും ടി.സി.എസിൽനിന്ന് ലഭിക്കാത്തതിനാലാണ് തുടങ്ങാത്തതെന്നും ബോർഡ് വ്യക്തമാക്കി. എന്നാൽ, ഇത്തരമൊരു സൗകര്യം ടി.സി.എസിെൻറ സൗജന്യമല്ലെന്നും അവരുടെ സാമൂഹ്യ പ്രതിബദ്ധത ഫണ്ട് പ്രകാരമുള്ള സഹായമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലക്കലല്ലാത്ത മറ്റു കേന്ദ്രങ്ങളിൽ ബുക്ക് ചെയ്യുന്നവർക്ക് ലഭ്യമായ േസ്ലാട്ടുകളിൽ മുൻകൂർ ബുക്കിങ് നൽകാവുന്ന രീതി ഏർപ്പെടുത്താവുന്നതാണെന്ന് കോടതി തുടർന്ന് നിർദേശിച്ചു.
വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്യാൻ സൗകര്യമില്ലാത്തവർക്ക് വേണ്ടിയാണ് സ്പോട്ട് ബുക്കിങ്ങെന്ന് ഡിവിഷൻ ബെഞ്ച് ഒാർമപ്പെടുത്തി. തുടർന്ന് ഹരജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.